അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 3/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര – Day 3/30 – തുടരുന്നു)

പ്രലോഭനങ്ങളിൽ നിന്നും തിന്മയുടെ സ്വാധീനങ്ങളിൽ നിന്നും സ്വതന്ത്രനാക്കപ്പെട്ട വിശുദ്ധ ബെനഡിക്ടിന്റെ ആത്മാവ് വിശുദ്ധിയുടെ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ആരംഭിച്ചു. ആ ഇടയ്ക്കാണ് സമീപപ്രദേശത്തുള്ള ആശ്രമത്തിലെ ആശ്രമശ്രേഷ്ഠൻ മരണമടഞ്ഞത്. ആശ്രമവാസികൾ വിശുദ്ധനെ സമീപിച്ച് തങ്ങളുടെ ആശ്രമശ്രേഷ്ഠൻ അങ്ങാകണമെന്ന് അപേക്ഷിച്ചു. തന്റെ ജീവിതം അവരുടേതിന് ചേർന്ന് പോകിലെന്നും അവരുടെ തലവനായിരിക്കാൻ തനിക്ക് ഒരിക്കലും സാധിക്കുകയില്ലെന്നും മനസ്സിലാക്കിയ അദ്ദേഹം അവരുടെ അഭ്യർത്ഥന നിരസിച്ചു. എന്നാൽ സന്യാസികൾ പിന്മാറിയില്ല. അവരുടെ നിർബന്ധത്തിനു വഴങ്ങി ഗത്യന്തരമില്ലാതെ വിശുദ്ധ നേതൃത്വം ഏറ്റെടുത്തു.

ആശ്രമത്തിൽ അധിപനായതു മുതൽ അംഗങ്ങളുടെ ജീവിതോൽക്കർഷമാണ് അദ്ദേഹം ലക്ഷ്യം വച്ചുപോന്നത്. അവർ പരിചയിച്ചു പോന്ന അനുസരണമില്ലായ്മ തുടർന്നു പോകാനദ്ദേഹം അനുവദിച്ചില്ല. മാത്രമല്ല സന്യാസികളെ നേർവഴിയിൽ നിന്നും മാറിനടക്കാനുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായതുമില്ല. അദ്ദേഹത്തെ തങ്ങളുടെ ആശ്രമശ്രേഷ്ഠനായി തെരഞ്ഞെടുത്തത് വലിയ മണ്ടത്തരമായെന്ന് സന്യാസികൾ ഉടനെ മനസ്സിലാക്കി.

അവർ വിശുദ്ധ ബെനഡിക്ടിനെ വകവരുത്താൻ അതിരഹസ്യമായി തീരുമാനിച്ചു. ഒരിക്കൽ അവർ വിശുദ്ധന് കുടിക്കാൻ വച്ചിരുന്ന വീഞ്ഞു നിറച്ച ഗ്ലാസിൽ വിഷം കലർത്തി. ഭക്ഷണശാലയിൽ എത്തിയ വിശുദ്ധൻ ഭക്ഷണത്തിൻമേൽ സാധാരണ ചെയ്യുന്നതുപോലെ കുരിശടയാളം വരച്ചു. ഉടനെ ആ ഗ്ലാസ് നിലത്തുവീണ് ചില്ലുകഷ്ണങ്ങൾ പൊട്ടിച്ചിതറി. സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കിയ അദ്ദേഹം ശാന്തത കൈവെടിയാതെ സന്യാസികളെ വിളിച്ചുകൂട്ടി പറഞ്ഞു: “ദൈവം ക്ഷമിക്കട്ടെ. എന്റെ ജീവിതരീതി നിങ്ങളുടെതുമായി ചേർന്നുപോകില്ല. നിങ്ങൾക്കു ചേർന്ന് ആശ്രമശ്രേഷ്ഠനെ കണ്ടെത്തികൊള്ളുക.” ഒരു നിമിഷം പോലും അവിടെ തുടരാനാഗ്രഹിക്കാതെ താൻ ഏറ്റവും സ്നേഹിച്ചിരുന്ന വനാന്തരങ്ങളിലേക്ക് വിശുദ്ധൻ യാത്രതിരിച്ചു
“അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ശാന്തിലഭിക്കും; അവര്‍ക്ക്‌ ഒരു പ്രതിബന്‌ധവും ഉണ്ടാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 119 : 165)

വിശുദ്ധ ബെനഡിക്ടിന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ ഈ വചനമാണ് അന്വർത്ഥമായത്. ഈശോയ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന വർക്ക് പ്രയാസങ്ങളും പ്രതിബന്ധങ്ങളും ശാന്തതയോടെ നേരിടാൻ അവിടുന്ന് കൃപ നൽകുന്നു. പ്രലോഭനങ്ങളും വിഷമങ്ങളും മറ്റും ഉണ്ടാകുമ്പോൾ കോപംവന്നാലും പരസ്നേഹത്തിൽ വിള്ളലുണ്ടാക്കാതെ സ്വയം ശാന്തമാക്കാനും അതിനെ നേരിടുവാനും നമുക്ക് അവിടുത്തോട് കൃപയാചിക്കാം.

പ്രാർത്ഥന
ശാന്തനും വിനീതഹൃദയനുമായ ഈശോയെ, പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്‌ഷമയോടും കൂടെ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍ ഞങ്ങളെ സഹായിക്കണമേ.(എഫേസോസ്‌ 4 : 2) ഞങ്ങളെ മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും, നീതി നിഷേധിക്കപ്പെടുമ്പോഴും, മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാതിരിക്കുമ്പോഴും, അവഗണന ലഭിക്കുമ്പോഴും, സംശയിക്കപ്പെടുമ്പോഴും മറ്റും ഞങ്ങളിൽ ഉണ്ടാവുന്ന പാപപ്രലോഭനങ്ങളെ വിശിഷ്യാ കോപത്തെ, ശാന്തതയാലും എളിമയാലും കീഴ്പ്പെടുത്തുവാൻ ഞങ്ങളെ ശക്തരാക്കണമേ. സകലതും ക്ഷമിക്കുന്ന അങ്ങയുടെ സ്നേഹം ഞങ്ങളെ ഭരിക്കട്ടെ. അതിലൂടെ അങ്ങേ അനുകരിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles