വൈദികന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വീക്ഷണത്തില്‍
28) വൈദികര്‍: മിശിഹായോടുള്ള ബന്ധവും വൈദിക സമൂഹത്തോടും ജനങ്ങളോടുമുള്ള ബന്ധവും
പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്കയച്ച മിശിഹാ (യോഹ 10:36) തന്റെ അഭിഷേകത്തിന്റെയും ദൗത്യത്തിന്റെയും പങ്കുകാരായി ശ്ലീഹന്മാര് വഴി അവരുടെ പിന്‍ഗാമികളെ അതായത്, മെത്രാന്മാരെ നിയമിച്ചു. അവര്‍ തങ്ങളുടെ ശുശ്രൂഷകളുടെ ജോലി സഭയില്‍ വ്യത്യസ്തമായ പദവികളില്‍ വിഭിന്നങ്ങളായ അംഗങ്ങള്‍ക്ക് നിയമാനുസൃതം നല്കി. അങ്ങനെ ദൈവസ്ഥാപിതമായ സഭാശുശ്രൂഷ പല പദവികളിലും നിര്‍വഹിച്ചു പോന്നവര്‍ പുരാതനകാലം മുതലേ മെത്രാന്മാര്, വൈദികര്‍, ഡീക്കന്മാര് എന്നു വിളിക്കപ്പെടുന്നു. വൈദികര്‍ക്ക് ആചാര്യത്വത്തിന്റെ പരമോന്നതപദവിയില്ലെങ്കിലും സ്വന്തം അധികാരവിനിയോഗം മെത്രാന്മാരെ ആശ്രയിച്ചിരുന്നാലും അവര്‍ അവരൊടൊത്തു വൈദികപദത്തോട് സംയോജിച്ചിരിക്കുന്നു.
തിരുപ്പട്ടകൂദാശയുടെ ശക്തിയാല്‍ അത്യൂന്നത നിത്യപുരോഹിതനായ മിശിഹായുടെ പ്രതിരൂപത്തിനൊത്ത് (ഹെബ്രാ 5:1-10; 7:24; 9:11-28), സുവിശേഷം പ്രസംഗിക്കാനും വിശ്വാസികളെ മേയ്ക്കാനും ദൈവാരാധന ആഘോഷിക്കാനും പുതിയനിയമത്തിലെ യഥാര്‍ത്ഥ പുരോഹിതരായി അവര്‍ അഭിഷിക്തരാകുന്നു. ഏകമദ്ധ്യസ്ഥനായ മിശിഹായുടെ ജോലിയില്‍ പങ്കുകാരായി (1 തിമോ 2:5) അവരവരുടെ ശുശ്രൂഷാപദവിയില്‍ എല്ലാവരോടും അവര്‍ ദൈവവചനം പ്രഘോഷിക്കുന്നു.
അവര്‍ തങ്ങളുടെ ഈ പരിശുദ്ധ ശുശ്രൂഷ പരമപ്രധാനമായി നിര്‍വഹിക്കുന്നത് പരിശുദ്ധ കുര്‍ബാനയുടെ പരികര്മത്തിലുള്ള ‘സിനാക്സിസില്‍’ (ഒന്നിച്ചുകൂടലില്) ആണ്. അവിടെ മിശിഹായുടെ പ്രാതിനിധ്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടും അവിടത്തെ രഹസ്യം പ്രഘോഷിച്ചുകൊണ്ടും വിശ്വാസികളുടെ അര്‍പ്പണം ശിരസ്സായ മിശിഹായുടെ ബലിയോടു സംയോജിപ്പിക്കുന്നു. പുതിയനിയമത്തിലെ ഏകബലി, അതായത്, മിശിഹാ തന്നെത്തന്നെ പിതാവിന് ഒരിക്കല്‍മാത്രം അര്‍പ്പിക്കുന്ന കളങ്കമില്ലാത്ത ബലിവസ്തു (1 കോറി 11:26) പുനരവതരിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നു.
പശ്ചാത്തപിക്കുന്നവരും രോഗഗ്രസ്തരുമായ വിശ്വാസികള്‍ക്ക് അനുരഞ്ജനത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും പരമാവധി ശുശ്രൂഷ ചെയ്യുന്നു. വിശ്വാസികളുടെ ആവശ്യങ്ങളും പ്രാര്‍ത്ഥനകളും പിതാവായ ദൈവത്തിന്റെ പക്കല്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു (ഹെബ്രാ 5:1-3). ഇടയനും ശിരസ്സുമെന്ന മിശിഹായുടെ ജോലി സ്വന്തം അധികാരപരിധിയില്‍ നിര്‍വഹിച്ചുകൊണ്ട്, ദൈവഭവനത്തെ ഒരേ മനസ്സുള്ള കൂട്ടായ്മയായി ഒന്നിച്ചുകൂട്ടുകയും മിശിഹാവഴി ദൈവാത്മാവില് പിതാവായ ദൈവത്തിന്റെ പക്കലേക്ക് ആനയിക്കുകയും ചെയ്യുന്നു. അജഗണത്തിന്റെ മദ്ധ്യത്തില്‍ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കുന്നു (യോഹ 4:24). കര്‍ത്താവിന്റെ നിയമത്തില്‍ ധ്യാനാത്മകമായി വായിച്ചവ വിശ്വസിച്ചുകൊണ്ടും വിശ്വസിച്ചവ പഠിപ്പിച്ചുകൊണ്ടും പഠിപ്പിച്ചവ പരിശീലിപ്പിച്ചുകൊണ്ടും വാക്കിലും പ്രവൃത്തിയിലും അവര്‍ അദ്ധ്വാനിക്കുന്നു (1 തിമോ 5:17).
(തുടരും)