യേശു ജനിച്ച വര്‍ഷം ഏത്?
~ ജോസഫ് എഴുമായില്‍ ~
യേശു ജനിച്ച വര്‍ഷം സുവിശേഷങ്ങളുടെയും ചരിത്രാഖകളുടെയും വെളിച്ചത്തില്‍ ഇന്നു കണക്കു കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. ഹെറോദേസിന്റെ ഭരണകാലത്താണ് യേശു ജനിച്ചതെന്ന് സുവിശേഷകന്മാര്‍ പറയുന്നുണ്ട്, ഹെറോദേസിന്റെ ഭരണകാലം ബി. സി. മൂപ്പത്തേഴു മുതല്‍ നാലു വരെയാണ്. ഈ ഹേറോദേസിനെ ഭയന്നാണ് ജോസഫും മേരിയും യേശുവിനെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുന്നത് ( cfമത്താ . 2: 1, 2: 15 -19 ലൂക്കാ 1: 5). ഹെറോദേസിന്റെ മരണശേഷമാണ് അവര്‍ തിരികെ വരുന്നത് . ഹെറോദേസ്് മരിച്ചത് ബി. സി. നാല്, ഏപ്രില്‍ ഒന്നാം തീയതിയാണെന്ന് ജോസെഫൂസ് എന്ന യഹൂദ ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വി . ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നതനുസരിച്ച് അഗസ്റ്റസ് സീസറിന്റെ കല്പനയനുസരിച്ചു നടത്തിയ സെന്‍സസിന്റെ കാലത്താണ് യേശുവിന്റെ ജനനം ( ലൂക്കാ 2:1 -2) . അഗസ്റ്റസ് സീസര്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്നത് ബി. സി. 30 മുതല്‍ എ. ഡി. 14 വരെയാണ്. മറ്റൊരു സൂചന ‘… ക്വിരിനിയോസ് സിറിയായുടെ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ ആദ്യത്തെ ഈ സെന്‍സസ് നടന്നു’ (ലൂക്കാ 2 : 2) എന്നതാണ്.
ക്വിരിനിയോസ് രണ്ടു പ്രാവശ്യം സെന്‍സസ് എടുത്തിട്ടുണ്ട്. ഇദ്ദേഹം നടത്തിയ ആദ്യത്തെ സെന്‍സസിനെപ്പറ്റിയാണ് സുവിശേഷകന്‍ സൂചിപ്പിക്കുന്നത്. ഇത് ബി. സി. 7 മുതല്‍ 6 വരെ നടന്നു. എന്നാല്‍ ഈ കാലയളവില്‍ ക്വീരിനിയോസ് സീസറിന്റെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നുവെന്ന് എഡി 1764 ല്‍ റോമിനടുത്ത് തീവൊളി (Tivoli) എന്ന സ്ഥലത്തു നിന്നു കിട്ടിയ ‘ Lapis Tiburtinus ‘ എന്ന രേഖ സൂചിപ്പിക്കുന്നു . അ ദ്ദേ ഹം രണ്ടാമത്തെ സെന്‍സസ് നടത്തിയത് എ. ഡി. 6 ല്‍ ആയിരുന്നു. ആ സമയത്ത് അദ്ദേഹം സിറിയായില്‍ ഗവര്‍ണ്ണറായിരുന്നു. എന്നാല്‍ യേശുവിന്റെ ജനനം ഈ കാലത്താകാന്‍ വഴിയില്ല. ലുക്കാ 2. 2 ല്‍ പറയുന്നത് ആദ്യത്തെ പേരെഴുത്തിനെപ്പറ്റിയാണല്ലോ.
ക്വിരിനിയോസ് വളരെ പ്രധാനപ്പെട്ട ഒരു ഗവര്‍ണ്ണറായിരുന്നതിനാല്‍ വി . ലൂക്കാ യേശു ജനിച്ചപ്പോള്‍ സൈന്‍ സസിനെ അദ്ദേഹവുമായി ബ ന് ധപ്പെത്തിയതാകാം. പുരാതനകാലങ്ങളില്‍ ഒരു സെന്‍സസ് പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തിരുന്നു. അതുകൊണ്ട് ബി. സി. 8 ല്‍ തുടങ്ങിയ സെന്‍സസ് എ. ഡി. 6 ല്‍ ക്വിരിനിയോസ് സിറിയായുടെ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ മാത്രമാണ് അവസാനിച്ചത് എന്നു പറയുന്ന പണ്ഡിതന്മാരുുമുണ്ട്.
അതുകൊണ്ട് ക്വിരിനിയോസ് നടത്തിയ ആദ്യത്ത സെന്‍സസിന്റെ സമയത്തായിരിക്കണം യേശുവിന്റെ ജനനം. മിശിഹാ ജനിച്ചത് ബി. സി. 7 നും 6 നും ഇടയ്ക്കാണ് എന്നേ്രത പണ്ഡിതമതം. മുകളില്‍ പറഞ്ഞ വസ്തുതകളും ഇത് സ്ഥിരീകരിക്കുന്നു.
ക്രിസ്തുവിന്റെ ജനനത്തോടെയാണ് ലോകചരിത്രം രണ്ടായി ക്രിസ്തുവിനു മുമ്പും (BC) ക്രിസ്തുവിനു പിമ്പും (AD) വിഭജിക്കപ്പെട്ടത്്. ക്രിസ്തു സംഭവമാണ് വിഭജനത്തിന് അടിസ്ഥാനം എന്നതു ശരിയാണ്. എന്നാല്‍ കൃത്യമായി ബി. സി.യും എ. ഡി.യും വിഭജിക്കുന്ന വര്‍ഷത്തിലല്ല . യേശുവിന്റെ ജനനം. ചരിത്രത്തിന്റ ഈ വിഭജനം നടത്തിയത് എ. ഡി. 6 ാം നൂറ്റാണ്ടില്‍ ഡയനീസിയൂസ് എക്‌സിഗൂസ് ( Dionysius Exiguus) എന്ന പണ്ഡിതനാണ്. അദ്ദേഹം യേശുവിന്റെ ജനനം തെറ്റായി കണക്കു കൂട്ടിയതാണ് ഈ വ്യത്യാസത്തിനു നിദാനം. സത്യത്തില്‍ ക്രിസ്തുവര്‍ഷാരംഭം ആറേഴു വര്‍ഷം പിന്നിലേക്കു കണക്കുകൂട്ടി വയ്‌ക്കേണ്ട ഒന്നായിരുന്നു. (ക്രിസ്തു ജനിച്ചത് ബി. സി. 7 നും 6 നും ഇടയ്ക്കാണെന്നു നാം കണ്ടു.)
ലൂക്കാ 3 : 1 – 23 ല്‍ തിബേരിയൂസ് സീസറിന്റെ ഭരണത്തിന്റെ 15 ാം വര്‍ഷം യേശുവിന് ഏകദേശം മുപ്പത് വയസ്സ് പ്രായമായിരുന്നുവെന്ന് പറയുന്നുണ്ട്. ഇത് കൃത്യം മുപ്പത് വയസായിട്ടെടുത്താണ് ഡയനീസിയൂസ് എക്‌സിഗുസ് ക്രിസ്തുവര്‍ഷം കണക്കുകൂട്ടിയത്. ബൈബിളില്‍ 30 ഒരു പ്രതീകാത്മകസംഖ്യയാണ്. ഒരു വ്യക്തി ദൈവസേവനത്തിനു പ്രാപ്തനാകുന്നത് 30 വയസ് പൂര്‍ത്തിയാകുമ്പോഴായിരുന്നു (സംഖ്യ 4 : 3). ഇതിന്‍ ്രപകാരമാകണം വി . ലൂക്കാ യേശുവിന് 30 വയസായിരുന്നുവെന്ന് പറഞ്ഞിരിക്കുന്നത്. കൃത്യം 30 എന്നു സുവിശേഷകന്‍ പറയുന്നുമില്ല.ഏകദേശം 30 എന്നേ പറയുന്നുള്ളൂ. ഏഡി 14 ലാണ് തിബേരിയൂസ് സീസറന്റെ ഭരണം ആരംഭിച്ചത്. അദ്ദേഹത്തിന്റ ഭരണത്തിന്റെ 15ാം വര്‍ഷത്തില്‍ യേശുവിന് 30 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടായിരുന്നു എന്നത് സ്പഷ്ടമാണ്.