അത്ഭുതങ്ങള്‍ വരുന്ന ഇടവഴികള്‍

~ അഭിലാഷ് ഫ്രേസര്‍ ~

 

റോഡരികോടു ചേര്‍ത്ത്, രണ്ടു കാറുകള്‍ക്കിടയില്‍ കൃത്യം ഒരു കാറിന് മാത്രം കിടക്കാവുന്ന ഇടത്തില്‍ അളന്നിട്ടതുപോലെ കാര്‍ പാര്‍ക്കു ചെയ്യുന്നവരെ തെല്ല് ആദരവോടെയാണ് എന്നും കണ്ടിരുന്നത്. ഒരിക്കല്‍ അത്തരത്തില്‍ കാര്‍ പാര്‍ക്കു ചെയ്യേണ്ടതായ ഒരു ഘട്ടം എനിക്കും വന്നു. പാര്‍ക്കിംഗിനെ പറ്റിയുള്ള മനസ്സിലെ ധാരണകള്‍ തെറ്റായിരുന്നതു മൂലം, എത്ര ശ്രമിച്ചിട്ടും ഒന്നുകില്‍ കാറിന്റെ മുന്‍ഭാഗം, അല്ലെങ്കില്‍ അതിന്റെ പിന്‍ഭാഗം നിരയ്ക്കു പുറത്തേക്കു തള്ളി നിന്നു. ആര്‍ക്കെങ്കിലും ശിഷ്യപ്പെട്ടു നന്നായി പാര്‍ക്കു ചെയ്യേണ്ടതെങ്ങനെയെന്നു നേരത്തെ പഠിക്കേണ്ടതായിരുന്നു എന്നൊരു ആത്മഗതം പറഞ്ഞു വീണ്ടും പാര്‍ക്കിംഗിനു ശ്രമിക്കുമ്പോള്‍ അതുവഴി കടന്നു പോവുകയായിരുന്ന ഒരു വഴിപോക്കന്‍ എന്റെ അടുത്തു വന്നിട്ടു ചില നിര്‍ദേശങ്ങള്‍ തന്നു. ആദ്യം സ്റ്റീയറിംഗ് പൂര്‍ണമായും ഇടതു വശത്തേക്കൊടിക്കാന്‍ (എന്റെ മുന്‍ധാരണയനുസരിച്ചു അത്രയും ഒടിക്കാന്‍ ഞാന്‍ ധൈര്യപ്പെടുമായിരുന്നില്ല.) പിന്നെ വലതു വശത്തേക്കൊടിച്ച് റിവേഴസ് എടുത്തപ്പോഴേക്കും, വിസ്മയകരമായ രീതിയില്‍ അളവുകള്‍ കൃത്യം!

ഇതില്‍ അത്ഭുതമൊന്നുമില്ല. ആ മനുഷ്യന്‍ എന്നെ പാര്‍ക്കിംഗിന്റെ പാഠങ്ങള്‍ പഠിപ്പിച്ചിട്ട് കഥകളിലെ മാലാഖയെ പോലെ മാഞ്ഞു പോയൊന്നുമില്ല. അതു വഴി വന്നൊരാള്‍ വഴിമധ്യേ മറ്റൊരാള്‍ പാര്‍ക്കു ചെയ്യാന്‍ വിഷമിക്കുന്നതു കണ്ട് ദയ തോന്നി സഹായിച്ചു. അത്രമാത്രം. അതിനു ശേഷം അയാള്‍ പോവുകയും ചെയ്തു. ആര്‍ക്കെങ്കിലും ശിഷ്യപ്പെട്ടു പാര്‍ക്കിംഗ് പഠിക്കേണ്ടതായിരുന്നു എന്നു ഞാന്‍ ചിന്തിച്ച നിമിഷത്തില്‍ അയാളവിടെ പ്രത്യക്ഷപ്പെട്ടു എന്നതു മാത്രമാണ് സവിശേഷമായുള്ളത്. ആ ടൈമിംഗില്‍ നിന്നുമാണ് ഞാന്‍ ദൈവത്തിന്റെ കരുതല്‍ വായിച്ചെടുക്കേണ്ടത്. ആ ടൈമിംഗിനെ പറ്റിയുള്ള ഒരു അവബോധം മാത്രമാണ് ദൈവത്തിന്റെ ഇടപെടലുകള്‍ കാണാന്‍ ആവശ്യമായ കൃപ.

ദൈവം മനുഷ്യന് കാവലാകുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. പലപ്പോഴും ഏറ്റവും സാധാരണമായ വഴികളിലൂടെ. അസാധാരണ അത്ഭുതങ്ങള്‍ക്കു വേണ്ടി കാത്തിരുന്നു പാഴാക്കാനുള്ളതല്ല, ജീവിതം. ഓരോ നിമിഷവും വഴിനീളെ വിടരുന്ന വഴിയോരപ്പൂക്കളിലെ ദൈവസാന്നിധ്യം കണ്ടറിയുകയാണ് സൗഭാഗ്യം.
ഒരിക്കല്‍ കാലില്‍ ഒരു ഫ്രാക്ചര്‍ പറ്റി ഒരു മാസം നിഷ്‌ക്രിയനായി കിടക്കേണ്ടി വന്നു. പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ കാല്‍പാദം നിറയെ പേടിപ്പെടുത്തുന്ന വ്രണം. പ്ലാസ്റ്റര്‍ റിയാക്ഷനോ മറ്റോ വന്ന് കടുത്ത ഇന്‍ഫെക്ഷനായതാണ്. ഓഫീസിലൊന്നു സന്ദര്‍ശിച്ചിട്ട്, ഒരു ഓട്ടോയില്‍ കയറി വീട്ടിലേക്ക് യാത്രയായി. എനിക്കൊരു മരുന്നു വാങ്ങണമായിരുന്നു. എന്നോടു യാതൊരു കടപ്പാടുമില്ലാതിരുന്ന ആ ഓട്ടോ ഡ്രൈവര്‍ എന്റെ മരുന്നു കുറിപ്പുമായി ഏഴോ എട്ടോ മരുന്നു ഷോപ്പുകള്‍ കയറിയിറങ്ങിയതെന്തിനായിരുന്നു? അവസാനം അല്പം എക്‌സ്ട്രാ ദൂരം സഞ്ചരിച്ച് അത്ര സുലഭമല്ലാത്ത ആ മരുന്ന് വാങ്ങാന്‍ സഹായിച്ചതെന്തിനായിരുന്നു! ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും ആരും അത്ര കരുണ പ്രതീക്ഷിക്കാത്ത കാലത്തില്‍ ആ വെളിച്ചം തെളിച്ചു തന്നതാരാണ്?

അതേ യാത്രയില്‍ തന്നെ രക്തപരിശോധനയ്ക്കായി കയറിയ ലാബിലുള്ള എല്ലാവരും വ്രണത്തിന്റെ അവസ്ഥ കണ്ട് മുഖം കോട്ടി നില്‍ക്കുമ്പോള്‍ തികച്ചും സൗമ്യമായ മുഖവുമായി ഒരു നഴ്‌സ് മാത്രം വന്ന ദയാനിര്‍ഭരമായ സ്വരത്തില്‍, ഇതു പേടിക്കാനൊന്നുമില്ല, പ്ലാസ്റ്റര്‍ റിയാക്ഷനാണ്. വേഗം മാറിക്കോളും എന്നു പറഞ്ഞതില്‍ കാവല്‍ മാലാഖയുടെ സ്വരം കേട്ടത് അവര്‍ക്കു ചിറകുകളുണ്ടായിരുന്നതു കൊണ്ടല്ല. ഇരു നിറമുള്ള ആ മുഖത്ത് അസാധാരണമായ തേജസ്സു പോലുമുണ്ടായിരുന്നില്ല… എന്നിട്ടും അവര്‍ണനീയമായ ആശ്വാസമാണ് അവരുടെ രണ്ടു വാക്കുകള്‍ പകര്‍ന്നത്.

ആശയറ്റ ആതുരകാലത്ത് ഒരത്ഭുതം മാത്രമേ എന്നെ സുഖപ്പെടുത്തുകയുള്ളൂ എന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, എനിക്ക്. അത്ഭുതങ്ങളെ നട്ടു നനച്ചു വളര്‍ത്തുന്ന ധ്യാനകേന്ദ്രങ്ങളിലെ സൗഖ്യതീര്‍ത്ഥങ്ങളില്‍ നിന്നും കിട്ടിയ അറിവ് ഒരു മാലാഖ പറന്നു വന്ന് എന്റെ അചേതനമായ വൃക്കകളെ പുനര്‍ജീവിപ്പിക്കും എന്നായിരുന്നു. കൈയില്‍ ഒരു പുതിയ വൃക്കയുമായി ഒരു മാലാഖ പറന്നു വരുന്ന രാത്രികളെയും കാത്ത് ഞാനേറെക്കാലം കഴിച്ചിട്ടും മാലാഖ വന്നില്ല… ഒരത്ഭുതവും എന്റെ ശരീരത്തില്‍ സംഭവിച്ചതുമില്ല.

അസാധാരണത്വങ്ങളോടും മേഘം പിളരുന്ന അത്ഭുതങ്ങളോടുമുള്ള കമ്പം അവസാനിച്ച രാത്രിയിലാണ് ദൈവം ആകാശത്തിലെ നക്ഷത്രങ്ങളെയും രാത്രിയില്‍ ആടുകള്‍ക്കു കാവലിരിക്കുന്ന ഭൂമിയിലെ ആട്ടിടയന്‍മാരെയും കാട്ടിത്തന്നത്. എല്ലാ മനുഷ്യരും കാണുന്ന ആകാശവും ഏറ്റവും സാധാരണക്കാരായ ഒരു പറ്റം ജനങ്ങളും. ഏറ്റവും സാധാരണമായ വഴികളിലൂടെയാണ് സൗഖ്യം വരുന്നതെന്നു ബോധ്യപ്പെടുത്താന്‍ സൗഖ്യത്തിന്റെ പ്രക്രിയയ്ക്കു വര്‍ഷങ്ങളുടെ ദൈര്‍ഘ്യമെടുക്കുകയും ചെയ്തു. അത്ഭുതങ്ങള്‍ തിരിച്ചറിയുകയാണു വേണ്ടത്. പ്രാണവായുവെന്ന അത്ഭുതം. ജലമെന്ന അത്ഭുതം. ജീവനെന്ന അത്ഭുതം. സ്‌നേഹം എന്ന അത്ഭുതം. കരുണയെന്ന അത്ഭുതം.

എറണാകുളത്തെ ഒരാശുപത്രിയില്‍ ആദ്യത്തെ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനു വിധേയനാകാന്‍ എനിക്കു ക്ഷണമുണ്ടായിരുന്നുവെന്നും, ഏതോ നിഗൂഢനിയോഗത്തിനാല്‍ ഞാന്‍ വഴി മാറി മറ്റൊരു ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകുകയും ആദ്യത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ നാലു പേരും മരണത്തിനു കീഴ്‌പെട്ടുവെന്നും അറിയുമ്പോഴാണ്, അപ്പോള്‍ മാത്രമാണ,് അത്ഭുതങ്ങള്‍ക്കു നമ്മള്‍ സങ്കല്പിക്കുന്നതിനപ്പുറം അര്‍ത്ഥമുണ്ടെന്നു ബോധ്യമാവുക! നമ്മെ വഴി മാറ്റി നടത്തിയ ആ നിഗൂഢവിസ്മയന്മാരാണ്!
ഓരോ നിമിഷവും ദൈവം നമ്മെ പല രൂപത്തില്‍, പല സ്ഥലങ്ങളില്‍ വച്ചു സന്ദര്‍ശിക്കുന്നു എന്നത് നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം. എന്റെ വിശ്വാസത്തെ ജ്വലിപ്പിക്കാന്‍ നൃത്തം വയ്ക്കുന്ന ഒരഗ്നിഗോളത്തിന്റെ ആവശ്യം വേണ്ടി വരുന്നുവെന്നതാണ് പരിതാപകരം. മറിയമെന്ന മഹാസ്‌നേഹ സാഗരത്തെ മനസ്സിലാക്കുവാന്‍ കരയുന്ന മഡോണയുടെ ചിത്രം കാണുന്നതു വരെ ഞാനെന്തിനു കാത്തിരിക്കണം?

ഈ ശ്വാസത്തില്‍ നമ്മളറിയേണ്ടതല്ലയോ, ജീവിക്കുന്ന ദൈവസാന്നിധ്യം? ഈ ഹൃദയത്തിന്റെ സ്പന്ദനങ്ങളില്‍, സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍, ആരുടെയൊക്കെയോ കരുതലില്‍, കാരുണ്യത്തില്‍… തിരിച്ചറിയേണ്ടതല്ലയോ…? സങ്കടങ്ങളില്‍, അശരണതയില്‍… ഒരു നേര്‍ത്ത യവനികയ്ക്കപ്പുറം നീയില്ലയോ?
ഓര്‍മിക്കുമ്പോള്‍ മനസ്സ് തോരാത്ത നന്ദിയുടെ മഴയുത്സവമാകുന്നു… ഓര്‍മയിലെ വഴിവക്കിലെല്ലാം നിന്റെ കാരുണ്യം പെയ്തു കൊണ്ടിരിക്കുന്നു! ഇടവിടാതെ പെയ്തു കൊണ്ടിരിക്കുന്നു…

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles