ശുദ്ധീകരണസ്ഥലം – വിശുദ്ധ അന്റോണിയസിന്റെ കഥ
ശുദ്ധീകരണ സ്ഥലം യഥാര്‍ത്ഥത്തില്‍ ഉള്ളതാണ് എന്ന് ബോധ്യം നല്കുന്ന മറ്റൊരു സംഭവം ഇതാ.
ഫ്ളോറന്‍സിലെ പ്രസിദ്ധ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ അന്റോണിയസ് രേഖപ്പെടുത്തുന്നു : ബിഷപ്പ് താമസിച്ചിരുന്ന ഡൊമിനിക്കന്‍ ആശ്രമത്തിന്റെ വലിയ ഗുണകാംക്ഷിയും ഭക്തനുമായ ഒരു മാന്യവ്യക്തി മരിച്ചു. വളരെയധികം കുര്‍ബാനകളും മറ്റു പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി അര്‍പ്പിക്കപ്പെട്ടു.
വളരെ നാളുകള്‍ക്കുശേഷം ഒരു ദിവസം മരിച്ച ആ വ്യക്തിയുടെ ആത്മാവ് കഠിനവേദനയാല്‍ പടിയുന്ന രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് വിശുദ്ധനെ ഏറെ അസ്വസ്ഥനാക്കി.
”ഓ എന്റെ സ്നേഹിതാ! വളരെയധികം ഭക്തിയോടും വിശുദ്ധിയോടുംകൂടി ജീവിച്ച അങ്ങ് ഇപ്പോഴും ശുദ്ധീകരണസ്ഥലത്തു തന്നെയാണോ? വിശുദ്ധന് അത്ഭുതത്തോടെ ചോദിച്ചു.
”അതെ ഞാന്‍ ശുദ്ധീകരണസ്ഥലത്തുതന്നെയാണ്. ഇനിയും കുറെക്കാലംകൂടി ഞാന്‍ ഇവിടെ ഉണ്ടാകും.” വേദനിക്കുന്ന പാവപ്പെട്ട ആ ആത്മാവ് പറഞ്ഞു: ”കാരണം ഈ ലോകത്തു ജീവിച്ചിരുന്നകാലത്ത് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥനകളര്‍പ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഇപ്പോള്‍ എനിക്കായി അര്‍പ്പിക്കപ്പെടുന്ന ബലികളും പ്രാര്‍ത്ഥനകളും ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ പ്രാര്‍ത്ഥിക്കേണ്ട ആത്മാക്കള്‍ക്കായി നല്കാന് നീതിമാനായ ദൈവം കല്പിച്ചു. ജീവിതകാലത്ത് ഞാന്‍ ചെയ്ത സത്പ്രവൃത്തികളുടെയെല്ലാം ഫലം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവം എനിക്കു തരും. പക്ഷേ, അതിനുമുന്‍പ് ഞാന്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോടു കാണിച്ച അവഗണനയ്ക്ക് പരിഹാരം ചെയ്യേണ്ടിയിരിക്കുന്നു.
കര്‍ത്താവിന്റെ വചനങ്ങള്‍ എത്രയോ സത്യമാണ്! നീ അളക്കുന്ന അളവുകൊണ്ടുതന്നെ നിനക്കും അളന്നുകിട്ടും.”