മേരീസുതരുടെ ഗുണഗണങ്ങള്‍

~ വി. ലൂയിസ് ഡി മോൻറ് ഫോര്‍ട്ട് ~

മരിയഭക്തി – 14

പരിശുദ്ധാത്മാവിന്റെ ഏറ്റവും നിസ്സാരമായ നിശ്വസനത്താല്‍പോലും അവര്‍, അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറക്കുന്നതും ഗര്‍ജ്ജിക്കുന്നതുമായ മേഘങ്ങളായി മാറും. പരിശുദ്ധാത്മാവ് അവര്‍ക്ക് എല്ലാറ്റിനോടും നിസ്സംഗതയും, ഒന്നിനെക്കുറിച്ചും അസ്വസ്ഥമാകാതിരിക്കുവാനുമുള്ള കൃപയും നല്കും. ദൈവവചനവും നിത്യജീവനും ആകുന്ന മാരി അവര്‍ വര്‍ഷിക്കും. അവര്‍ പാപത്തിനെതിരായ ഗര്‍ജ്ജനവും ലോകത്തിനെതിരായ കൊടുങ്കാറ്റുമായി മാറും. അവര്‍ പിശാചിനെയും അവരുടെ സൈന്യത്തെയും തകര്‍ത്തെറിയും. ആര്‍ക്കുവേണ്ടി അവര്‍ പരമോന്നതനാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നുവോ, അവരെ ദൈവവചനമാകുന്ന ഇരുതലവാളാല്‍ (എഫേ 6:17) രക്ഷയ്‌ക്കോ ശിക്ഷയ്‌ക്കോ ആയി വീണ്ടും വീണ്ടും പിളര്‍ക്കും.

അവര്‍ അന്ത്യകാലത്തെ യഥാര്‍ത്ഥ പ്രേഷ്തിരായിരിക്കും. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും ദൈവത്തിന്റെ ശത്രുക്കള്‍ കൈയടിക്കിയിരിക്കുന്ന കൊള്ളമുതല്‍ മഹത്ത്വത്തോടെ സ്വന്തമാക്കുവാനും ആവശ്യമായ ശക്തിയും വാക്പാടവവും സൈന്യങ്ങളുടെ കര്‍ത്താവ് അവര്‍ക്ക് നല്കും. സ്വര്‍ണ്ണവും വെള്ളിയും കൂടാതെ സുഖമായി അവര്‍ ഉറങ്ങും. മറ്റു വൈദികരുടെയും സഭാദികാരത്തില്‍പ്പെട്ടവരുയെയും മദ്ധ്യത്തില്‍ യാതൊരാകുലതയും അവര്‍ക്കുണ്ടാകുകയില്ല (സങ്കീ67:14).

പരിശുദ്ധാത്മാവു വിളിക്കുന്നിടത്തേക്ക് ദൈവമഹത്ത്വവും ആത്മാക്കളുടെ രക്ഷയും മാത്രം ലക്ഷ്യം വച്ച് മാടപ്രാവിനെപ്പോലെ പറന്നെത്താന്‍ വെള്ളിച്ചിറകുകള്‍ അവര്‍ക്കുണ്ടായിരിക്കും. അവര്‍ പ്രസംഗിക്കുന്നിടത്ത്, പ്രമാണത്തിന്റെ പൂര്‍ത്തീകരണമായ സ്‌നേഹമാകുന്ന സ്വര്‍ണ്ണം (റോമ 13:10) നിക്ഷേപിച്ചു അവര്‍ കടന്നുപോകും.

ഒറ്റവാക്കില്‍ പറഞ്ഞാല്‍, ദാരിദ്ര്യത്തിലും എളിമയിലും ഉപവിയില്‍ ലോകത്തോടുള്ള വെറുപ്പിലും അവര്‍ യേശുക്രിസ്തുവിനെ പൂര്‍ണ്ണമായി അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന ശിഷ്യരാകും. ലോകത്തിന്റെ ‘നിത്യവാക്യങ്ങള്‍’ നിഷേധിച്ച്, സുവിശേഷപഠനപ്രകാരം ദൈവത്തിങ്കലേക്കുള്ള ഇടുങ്ങിയ വഴി അവര്‍ ചൂണ്ടിക്കാട്ടും. ഒന്നിനെക്കുറിച്ചും അവര്‍ ആകുലരാവുകയില്ല; അകാരണമായി ആരെയും അനുകൂലിക്കുകയില്ല. എത്ര സ്വാധീനമുള്ളവനായാലും നശ്വരമായ ഒന്നിനെയും ശ്രദ്ധിക്കുകയോ, ഭയപ്പെടുകയോ, വലുതായും കരുതുകയോ ചെയ്യുകയുമില്ല അവര്‍.

ദൈവവചനമാകുന്ന, ഇരുതലവാള്‍ അവര്‍ തങ്ങളുടെ അധരങ്ങളില്‍ ധരിക്കും. രക്തപങ്കിലമായ കുരിശ് ആലേഖനം ചെയ്തിട്ടുള്ള ജയക്കൊടി അവര്‍ തങ്ങളുടെ തോളിലേറ്റും. വലതുകരത്തില്‍ കുരിശുരൂപവും ഇടതുകരത്തില്‍ ജപമാലയും ധരിച്ച് അവര്‍ മുന്നേറും, ഹൃദയങ്ങളില്‍ ഈശോയുടെയും മറിയത്തിന്റെയും വിശുദ്ധനാമങ്ങള്‍ ആലേഖനം ചെയ്യും. സകല കൃത്യങ്ങളിലും ക്രിസ്തുവിന്റെ ആശാനിഗ്രഹവും വിനയവും അവര്‍ പരിശീലിക്കും.

സര്‍വ്വശക്തന്റെ കല്പന അനുസരിച്ച് മറിയം രൂപംകൊടുക്കുന്ന ഭാവിപ്രേഷിതര്‍ ഇപ്രകാരമുള്ളവരായിരിക്കും. വിഗ്രഹാരാധകരെയും നിരീശ്വരരെയും മുഹമ്മദീയരെയും മാനസാന്തരപ്പെടുത്തി അവര്‍ ദൈവരാജ്യം കൂടുതല്‍ വിസ്തൃതമാക്കും. എന്നാല്‍, ഇതു സംഭവിക്കുന്നതെന്നാണെന്നും എങ്ങനെയാണെന്നും ദൈവം മാത്രം അറിയുന്നു. നമുക്കു നിശ്ശബ്ദരായി, നെടുവീര്‍പ്പോടെ പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം. ”ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരിക്കുന്നു” (സങ്കീ. 40:1)

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles