യേശു ക്ലേശിതരോടും പീഡിതരോടും കരുണയുള്ളവനാണ്: ഫ്രാന്സിസ് പാപ്പാ.
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
ഈ ഞായറാഴ്ചത്തെ സുവിശേഷം (മത്തായി 11,25-30) മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു. പ്രഥമതഃ യേശു, പിതാവിങ്കലേക്ക് സ്തുതിയുടെയും കൃതജ്ഞതയുടെയും ഒരു ഗീതം ഉയർത്തുന്നു. എന്തെന്നാൽ, പിതാവ് സ്വർഗ്ഗരാജ്യത്തിൻറെ രഹസ്യം പാവപ്പെട്ടവർക്കും എളിയവർക്കും വെളിപ്പെടുത്തി. പിന്നിട്, പിതാവും താനും തമ്മിലുള്ള ഉറ്റതും അദ്വിതീയവുമായ ബന്ധം യേശു അനാവരണം ചെയ്യുന്നു; അവസാനമായി, ആശ്വാസം കണ്ടെത്തുന്നതിന് തൻറെ പക്കലേക്കു വരാനും തന്നെ അനുഗമിക്കാനും യേശു ക്ഷണിക്കുന്നു
യേശു ദൈവപിതാവിനെ മഹത്വപ്പെടുത്തുന്നു
ആദ്യം, യേശു പിതാവിനെ സ്തുതിക്കുന്നു, കാരണം, ദൈവരാജ്യത്തിൻറെ രഹസ്യം, തന്നെ സംബന്ധിച്ച സത്യം, പിതാവ് “ബുദ്ധിമാന്മാരിലും വിവേകികളിലും” (മത്തായി 11,25) നിന്നു മറച്ചുവച്ചു.
ഒരു വ്യാജോക്തിയുടെ മൂടുപടമിട്ട്, അവരെ അവിടന്ന് അങ്ങനെതന്നെ വിളിക്കുന്നു, കാരണം തങ്ങൾ ബുദ്ധിമാന്മാരും ജ്ഞാനികളുമാണെന്ന് അവർ ഭാവിക്കുന്നു. ആകയാൽ അവരുടെ ഹൃദയം പലപ്പോഴും അടഞ്ഞു കിടക്കുന്നു. യഥാർത്ഥ ജ്ഞാനം ഹൃദയത്തിൽ നിന്നും വരുന്നു. ഹൃദയം ആശയങ്ങൾ മനസ്സിലാക്കുക മാത്രമല്ല ചെയ്യുന്നത്. യഥാർത്ഥ ജ്ഞാനം ഹൃദയത്തിലേക്കു കടക്കുകയും ചെയ്യുന്നു. നിനക്ക് ഏറെ കാര്യങ്ങൾ അറിയാമെങ്കിലും നിൻറെ ഹൃദയം അടഞ്ഞതാണെങ്കിൽ നീ ജ്ഞാനിയല്ല. തൻറെ പിതാവിൻറെ രഹസ്യങ്ങൾ “ശിശുക്കൾ”ക്കാണ്, തൻറെ രക്ഷാകര വചനത്തിന് വിശ്വാസത്തോടെ സ്വയം തുറന്നുകൊടുക്കുന്നവർക്ക്, ഹൃദയം രക്ഷാകര വചനത്തിന് തുറന്നു കൊടുക്കുന്നവർക്ക്, അവിടത്തെ ആവശ്യമുണ്ടെന്ന അവബോധം പുലർത്തുകയും അവിടന്നിൽ നിന്ന് സകലവും പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്ക് ആണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതെന്ന് യേശു പറയുന്നു. കർത്താവിനായി തുറക്കപ്പെടുകയും അവിടന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന ഹൃദയം.
പിതാവും യേശുവുമായുള്ള ഉറ്റ ബന്ധം
താൻ സകലവും സ്വീകരിച്ചിരിക്കുന്നത് പിതാവിൽ നിന്നാണെന്ന് യേശു പിന്നീട് വിശദീകരിക്കുകയും പിതാവുമായുള്ള തൻറെ ബന്ധത്തിൻറെ സവിശേഷത സമർത്ഥിക്കുന്നതിന് അവിടത്തെ “എൻറെ പിതാവ്” എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. വാസതവത്തിൽ പുത്രനും പിതാവും തമ്മിൽ മാത്രമാണ് സമ്പൂർണ്ണ പാരസ്പരികതയുള്ളത്: ഒരാൾക്ക് മറ്റെയാളെ അറിയാം, ഒരാൾ മറ്റെയാളിൽ വസിക്കുന്നു. സ്വന്തം സുഭഗതയും സുകൃതവും സ്വമേധയാ അനാവരണം ചെയ്യുന്നതിന് വിടരുന്ന പുഷ്പം പോലെയാണ് ഈ അതുല്യ കൂട്ടായ്മ. അപ്പോൾ ഇതാ യേശുവിൻറെ ക്ഷണം: “നിങ്ങൾ എൻറെ അടുത്തു വരുവിൻ” (മത്തായി 11,28) . താൻ പിതാവിൽ നിന്ന് സ്വീകരിക്കുന്നതെല്ലാം നല്കാൻ അവിടന്നാഗ്രഹിക്കുന്നു. നമുക്കു സത്യം പ്രദാനം ചെയ്യാനാണ് അവിടന്നഭിലഷിക്കുന്നത്. യേശുവിൻറെ സത്യം എന്നും സൗജന്യമാണ്, അത് ഒരു ദാനമാണ്, അത് പരിശുദ്ധാരൂപിയാണ്, സത്യമാണ്.
അദ്ധ്വാനിക്കുന്നവരോടും ഭാരം വഹിക്കുന്നവരോടും
“ചെറിയവരോട്” ദൈവ പിതാവിന് പ്രത്യേക പരിഗണന ഉള്ളതു പോലെ, യേശു “ക്ലേശിതരെയും പീഢിതരെയും” ശ്രദ്ധിക്കുന്നു. തീർച്ചയായും യേശു അവരിൽ ഒരുവനായി മാറുന്നു. കാരണം അവിടന്ന് “ശാന്തനും വിനീതഹൃദയനും” ആണ് (മത്തായി 11,29). താൻ അങ്ങനെയാണെന്ന് അവിടന്ന് പറയുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും സുവിശേഷസൗഭാഗ്യത്തിലെന്ന പോലെ എളിയവരൊ ആത്മാവിൽ ദരിദ്രരൊ ആയവരുടെ, ശാന്തശീലരുടെ ഭാവമാണ് (മത്തായി 5,3.5).യേശുവിൻറെ സൗമ്യത അതാണ്. അപ്രകാരം, “ശാന്തശീലനും വിനീതനും” ആയ യേശു, പരാജിതരുടെ മാതൃകയൊ വെറും ഒരു ബലിയാടൊ അല്ല, പ്രത്യുത, പിതാവിൻറെ സ്നേഹത്തോട്, അതായത്, പരിശുദ്ധാരൂപിയോടുള്ള പൂർണ്ണമായ സുതാര്യതയിൽ ഈ അവസ്ഥ ഹൃദയംഗമമായി ജീവിക്കുന്ന ഒരു മനുഷ്യനാണ്. “ആത്മാവിൽ ദരിദ്രരുടെയും” ദൈവഹിതം നിറവേറ്റുന്നവരും ദൈവരാജ്യത്തിനു സാക്ഷ്യമേകുന്നവരുമായ സുവിശേഷത്തിലെ മറ്റെല്ലാ “അനുഗ്രഹീതരുടെയും” മാതൃകയാണ് അവിടന്ന്.
സാന്ത്വനം യേശുവിൽ
പിന്നീട്, യേശു പറയുന്നു, നാം അവിടത്തെ പക്കലേക്കു പോയാൽ ആശ്വാസം ലഭിക്കുമെന്ന്. ക്ലേശിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും ക്രിസ്തുവേകുന്ന സമാശ്വാസം വെറും മാനസിക സാന്ത്വനമൊ, ഉദാരമായ ഒരു ദാനമൊ അല്ല, മറിച്ച് സുവിശേഷവത്ക്കരിപ്പെടുകയും പുത്തൻ മാനവികതയുടെ ശില്പികളാകുകയും ചെയ്യുന്ന ദരിദ്രരുടെ ആനന്ദമാണ്. ആനന്ദം, യേശു പ്രദാനം ചെയ്യുന്ന ആനന്ദം ആണ് ആ സാന്ത്വനം. ഇത് അദ്വിതീയമാണ്, ഇത് യേശുവിനുള്ള അതേ ആനന്ദമാണ്. സമ്പന്നരെയും ശക്തരെയും വാഴ്ത്തുന്ന ഇന്നത്തെ ലോകത്തിൽ ഇപ്പോഴും യേശു നമുക്കേവർക്കും, സുമനസ്സുകളായ എല്ലാവർക്കും നല്കുന്ന സന്ദേശമാണ്. “ആഹാ, സമ്പത്തും ശക്തിയും ഉള്ള ഒന്നിനും കുറവില്ലാത്ത അവനെയൊ അവളെയൊ പോലെ എനിക്കാകണം” എന്ന് എത്ര തവണ നാം പറയുന്നു! ലോകം സമ്പന്നനെയും ബലവാനെയും വാഴ്ത്തുന്നു. അതിന് ഏതു മാർഗ്ഗവും സ്വീകരിക്കുന്നു. ചിലപ്പോൾ വ്യക്തിയെയും അവൻറെ ഔന്നത്യത്തെയും ചവിട്ടി മെതിക്കുന്നു. ഇത് നാം അനുദിനം കാണുന്ന കാഴ്ചയാണ്. ദരിദ്രർ ചവിട്ടിമെതിക്കപ്പെടുന്നു. സൗമ്യതയും എളിമയും ഉള്ളവരാകുക. ഇത്, കാരുണ്യപ്രവർത്തികൾ ചെയ്യാനും പാവപ്പെട്ടവരെ സുവിശേഷവത്ക്കരിക്കാനും വിളിക്കപ്പെട്ടിരിക്കുന്ന സഭയ്ക്കുള്ള സന്ദേശമാണ്. കർത്താവിൻറെ സഭ, അതായത്, നമ്മൾ അങ്ങനെ ആയിരിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു.
ഹൃദയജ്ഞാനം നേടാൻ പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം
സൃഷ്ടികളിൽ ഏറ്റം താഴ്മയുള്ളവളും സമുന്നതയുമായ മറിയം നമുക്കു വേണ്ടി ഹൃദയജ്ഞാനം ദൈവത്തോടു യാചിക്കട്ടെ. അപ്രകാരം നമുക്ക് നമ്മുടെ ജീവതത്തിൽ ദൈവത്തിൻറെ അടയാളങ്ങൾ തിരിച്ചറിയാനും അഹങ്കാരികളിൽ നിന്ന് മറച്ചുവയ്ക്കുകയും എളിയവർക്ക് വെളിപ്പെടുത്തുകയും ചെയ്ത ആ രഹസ്യങ്ങളിൽ പങ്കുചേരാനും നമുക്കു സാധിക്കട്ടെ.
ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു.
മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ
കോവിദ് 19 മഹാമാരിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ, വിശിഷ്യ, സംഘർഷവേദികളായ ഇടങ്ങളിൽ, നേരിടാൻ ഉതകുന്ന ചില നടപടികൾ ഉൾക്കൊള്ളുന്ന ഒരു പ്രമേയം എൈക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഇക്കഴിഞ്ഞ വാരത്തിൽ അംഗീകരിച്ചത് പാപ്പാ അനുസ്മരിച്ചു.
അടിയന്തരാവശ്യമായ മാനവികസഹായം എത്തിക്കുന്നതിന് അനിവാര്യമായ സമാധാവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ആഗോളതലത്തിലുള്ളതും സത്വരവുമായ വെടിനിറുത്തലിനുള്ള അഭ്യർത്ഥന ശ്ലാഘനീയമാണെന്ന് പാപ്പാ പറഞ്ഞു.
യാതനകളനുഭവിക്കുന്ന അനേകമാളുകളുടെ നന്മയെ കരുതി ഈ തീരുമാനം ഫലപ്രദമായി ഉടൻ നടപ്പാക്കപ്പെടട്ടെയെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ പ്രമേയം സമാധാനപരമായ ഭാവിയിലേക്കുള്ള ധീരമായ ആദ്യ ചുവടുവയ്പ്പായി ഭവിക്കട്ടെയുന്നും പാപ്പാ ആശംസിച്ചു.