അന്ത്യകാലങ്ങളില്‍ പരി. മറിയം ആദരിക്കപ്പെടുന്നത് ദൈവഹിതപ്രകാരമാണ്
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
മരിയഭക്തി – 13
അന്ത്യകാലങ്ങളില്‍ തന്റെ പരിശുദ്ധ മാതാവായ മറിയം പൂര്‍വ്വാധികം അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തുതന്നെ ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവര്‍ മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും കൃപാവരത്താലും അതിന്റെ ആഴങ്ങളിലേക്ക് ഉള്‍പ്രവേശിക്കുകയും വേണം. എന്നിട്ട് അവ പരിപൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്താല്‍, മുകളില്‍ പറഞ്ഞവ സംഭവിക്കും. അപ്പോള്‍ സാധിക്കുന്നിടത്തോളം സ്പഷ്ടമായി അവര്‍ വിശ്വാസ സംരക്ഷണത്തിലും നിയന്ത്രണത്തിലും കൊടുങ്കാറ്റിനെയും കൊള്ളക്കാരെയും മറികടന്ന് സുരക്ഷിതരായി സസന്തോഷം തങ്ങളുടെ ജീവിതാന്ത്യമായ തുറമുഖത്തടുക്കും.
അവര്‍ ഈ രാജ്ഞിയുടെ മഹത്ത്വം ദര്‍ശിക്കും. അവളുടെ സേവനത്തിനായി തങ്ങളെത്തന്നെ പൂര്‍ണ്ണമായും പ്രജകളും സ്നേഹഅടിമകളുമായി സമര്‍പ്പിക്കും; അവളുടെ മാതൃസഹജമായ നന്മയും മാധുര്യവും രുചിച്ചറിയുകയും വത്സലതനയരെപ്പോലെ കരകവിഞ്ഞൊഴുകുന്ന അവളെ അവര്‍ തിരിച്ചറിയും. അവളുടെ അനുഗ്രഹം തങ്ങള്‍ക്ക് അനിവാര്യമെന്നും അവര്‍ ഏറ്റുപറയും.
ക്രിസ്തുവിന്റെ പക്കല്‍ ഏറ്റവും പ്രിയപ്പെട്ട അഭിഭാഷകയും തങ്ങള്‍ക്കുള്ള മദ്ധ്യസ്ഥയുമെന്ന നിലയില്‍ അവര്‍ സകലതിനും അവളിൽ അഭയം തേടും. ക്രിസ്തുവിനെ സമീപിക്കുന്നതിനുള്ള പൂര്‍ണ്ണവും ഋജുവും ഉറപ്പുള്ളതുമായി ക്രിസ്തുവിന്റേതായി മാറുവാന്‍ വേണ്ടി തങ്ങളുടെ ആത്മശരീരങ്ങള്‍ അവര്‍ നിര്‍ലോഭം അവൾക്കു സമര്‍പ്പിക്കുകയും ചെയ്യും.
എന്നാല്‍ ആരായിരിക്കും ഈ ദാസര്‍, ഈ അടിമകള്‍, ഈ മേരിസുതര്‍? അവര്‍ എരിയുന്ന അഗ്നികുണ്ഡമായി ലോകമാസകലം ദിവ്യസ്നേഹാഗ്നി ജ്വലിപ്പിക്കുന്ന ദൈവകാര്യസ്ഥന്മാരായിരിക്കും.ശക്തന്റെ കൈകളില്‍ അസ്ത്രങ്ങള്‍ എന്നതുപോലെ (സങ്കീ. 12.4) പരി.മറിയത്തിന്റെ ബലിഷ്ഠകരങ്ങളില്‍, അവളുടെ ശത്രുക്കളെ പിളര്‍ക്കുന്ന മൂര്‍ച്ചയേറിയ ആയുധങ്ങളായിരിക്കും, മേരിസുതര്‍.
അവര്‍ ലേവിയുടെ മക്കളായിരിക്കും. ക്ലേശാഗ്നിയില്‍ അവര്‍ ശുദ്ധീകരിക്കപ്പെട്ടു ദൈവത്തോടു ചേര്‍ന്നു നില്ക്കും (1 കോറി 6:17). സ്നേഹമാകുന്ന കനകം ഹൃദയത്തിലും, പ്രാര്‍ത്ഥനയാകുന്ന കുന്തുരുക്കം ആത്മാവിലും, ആശാനിഗ്രഹമാകുന്ന മീറാ ശരീരത്തിലും വഹിച്ചുകൊണ്ട് യാതൊരു ചിന്താകുലതയുമില്ലാതെ നാഥനോട് അവര്‍ പൂര്‍ണ്ണമായി ഐക്യപ്പെടും. പാവങ്ങളിലും വിനീതരിലും ക്രിസ്തുവിന്റെ മധുരഗന്ധം അവര്‍ പരത്തും എന്നാല്‍ ….. അഹങ്കാരികളായ ലൗകായതികര്‍ക്കും സമ്പന്നര്‍ക്കും മാരകഗന്ധമായി മാറും.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.