വ്രതവാഗ്ദാനത്തിന് മുമ്പ് ഫൗസ്റ്റീന നേരിട്ട പരീക്ഷകള്‍

23
എന്റെ നൊവിഷ്യറ്റിന്റെ ആദ്യവര്‍ഷത്തിന്റെ അന്ത്യമായി. എന്റെ ആത്മാവില്‍ അന്ധകാരം നിഴല്‍ വിരിച്ചു തുടങ്ങി. പ്രാര്‍ത്ഥനയില്‍ എനിക്ക് ഒരാശ്വാസവും കണ്ടെത്താന്‍ സാധിച്ചില്ല. ധ്യാനം ബുദ്ധിമുട്ടായിത്തീര്‍ന്നു. ഭയം എന്നെ പിടികൂടാന്‍ തുടങ്ങി. വലിയ ദുരിതമല്ലാതെ മറ്റൊന്നും അന്തരാത്മാവില്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ദൈവത്തിന്റെ പരമപരിശുദ്ധിയെ വളരെ വ്യക്തമായി ഞാന്‍ ദര്‍ശിച്ചു. ദൈവത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ഞാന്‍ ധൈര്യപ്പെട്ടില്ല, അവിടുത്തെ കാല്‍ക്കീഴിലെ പൊടിപോലെ, അവിടുത്തെ കരുണയ്ക്കായി ഞാന്‍ യാചിച്ചു. ഏകദേശം ആറുമാസക്കാലത്തേക്ക് എന്റെ ആത്മാവിന്റെ അവസ്ഥ ഇതായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മദര്‍ ഡിറക്ട്രസ് (മേരി ജോസഫ്) ഈ വിഷമഘട്ടങ്ങളിലെല്ലാം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും ഈ പിഡനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

നൊവിഷ്യറ്റിന്റെ രണ്ടാം വര്‍ഷം അടുത്തുവരുന്നു. വ്രതവാഗ്ദാനത്തെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം എന്റെ ആത്മാവ് ഭയന്നു വിറച്ചു. ഞാന്‍ വായിച്ചിരുന്നതെന്താണെന്ന് എനിക്കുതന്നെ മനസ്സിലായില്ല; ധ്യാനിക്കുവാന്‍ സാധിച്ചിരുന്നില്ല; ദൈവത്തിന് എന്റെ പ്രാര്‍ത്ഥന സ്വീകാര്യമല്ലെന്ന് എനിക്കു തോന്നി. വിശുദ്ധ കൂദാശകള്‍ സ്വീകരിക്കുന്നതുവഴി ദൈവത്തെ കൂടുതല്‍ നീരസപ്പെടുത്തുകയാണെന്ന് ഞാന്‍ കരുതി. എങ്കിലും എന്റെ കുമ്പസാരക്കാരന്‍ ഫാ തിയഡോര്‍ ഒരു ദിവ്യകാരുണ്യസ്വീകരണംപോലും മുടക്കാന്‍ എന്നെ അനുവദിച്ചില്ല. എന്റെ ആത്മാവില്‍ ദൈവം വളരെ വിചിത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. കുമ്പസാരക്കാരന്‍ എന്നോടു പറയുന്നതൊന്നുംതന്നെ മനസ്സിലാക്കാന്‍ എനിക്കു സാധിച്ചില്ല. വിശ്വാസത്തിന്റെ നിസ്സാരമായ സത്യങ്ങള്‍പോലും എനിക്ക് അഗ്രാഹ്യമായിരുന്നു. എന്റെ ആത്മാവ് അപാരമായ ദുഃഖത്തിലായിരുന്നു. ഒരിടത്തും അതിനു സമാധാനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

(9) ഒരു ഘട്ടത്തില്‍ ദൈവം എന്നെ കൈവിട്ടു എന്ന ശക്തമായചിന്ത എന്നിലേക്കു കടന്നുവന്നു. ഈ ഭീതിജനകമായ ചിന്ത ആത്മാവില്‍ ചൂഴ്ന്നിറങ്ങി എന്നെ കുത്തിമുറിവേല്‍പ്പിച്ചു. ഈ പീഡനകാലത്ത് എന്റെ ആത്മാവ് മരണവേദന അനുഭവിച്ചു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു, പക്ഷെ സാധിച്ചില്ല. വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുന്നതുകൊണ്ട് എന്തു പ്രയോജനം ലഭിക്കും എന്ന ചിന്ത എന്നിലേക്കു കടന്നുവന്നു. ഇതെല്ലാം ദൈവത്തിനു പ്രീതികരമല്ലെങ്കില്‍ എന്തിനു നാം പരിത്യാഗം അനുഷ്ഠിക്കണം? നോവിസ് ഡിറക്ട്രസിനോട് ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ ഈ മറഉപടിയാണ് എനിക്കു ലഭിച്ചത്. ‘പ്രിയ സഹോദരീ, വലിയ വിശുദ്ധിയിലേക്കാണു ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നു മനസ്സിലാക്കുക. സ്വര്‍ഗ്ഗത്തില്‍ അവിടുത്തോടു വളരെ അടുത്ത് നീ ഉണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതിന്റെ അടയാളമാണിത്. കര്‍ത്താവായ ഈശോയില്‍ ശക്തമായി ശരണപ്പെടുക.’

നശിച്ചുപോയ ആത്മാക്കള്‍ സഹിക്കുന്ന യഥാര്‍ത്ഥ പീഡാനം ദൈവത്താല്‍ അവര്‍ ഉപേക്ഷിക്കപ്പെട്ടു എന്ന ഭീതിജനകമായ ചിന്തയാണ് ഞാന്‍ യേശുവിന്റെ തിരുമുറിവില്‍ അഭയംപ്രാപിച്ച്, ശരണത്തിന്റെ പ്രകരണങ്ങള്‍ ആവര്‍ത്തിച്ചുചൊല്ലി. എന്നാല്‍ ഈ പ്രാര്‍ത്ഥന എനിക്കു കൂടുതല്‍ പീഡനങ്ങള്‍ക്കു കാരണമായി. ഞാന്‍ ദിവ്യകാരുണ്യസന്നിധിയില്‍ ചെന്ന് ഇപ്രകാരം ഈശോയോടു സംസാരിക്കാന്‍ തുടങ്ങി: ‘ഈശോയെ, അങ്ങു പറഞ്ഞിട്ടുണ്ടല്ലോ, ദൈവം തന്റെ സൃഷ്ടിയെ മറക്കുന്നതിനു മുമ്പായി ഒരമ്മ തന്റെ കുഞ്ഞിനെ മറക്കുമെന്നും, ‘എന്നാല്‍ ഒരമ്മ തന്റെ കുഞ്ഞിനെ മറന്നാലും ദൈവം തന്റെ സൃഷ്ടിയെ ഒരിക്കലും മറക്കുകയില്ലെന്നും,’ ഓ ഈശോയെ, എന്റെ ആത്മാവിന്റെ രോദനം അങ്ങു കേള്‍ക്കുന്നുണ്ടോ? അങ്ങയുടെ കുഞ്ഞിന്റെ രോദനങ്ങള്‍ കേള്‍ക്കാന്‍ കരുണ തോന്നണമെ. ഞാന്‍ അങ്ങയില്‍ ആശ്രിയിക്കുന്നു. എന്തെന്നാല്‍, ദൈവമേ, ആകാശവും ഭൂമിയും കടന്നുപോകും, എന്നാല്‍, നിന്റെ വചനം എന്നും നിലനില്‍ക്കും.’ എന്നിട്ടും ഒരു നിമിഷനേരത്തെ ആശ്വാസംപോലും എനിക്കു ലഭിച്ചില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles