വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 15
ദൈവവും ആത്മാക്കളും
12
അടുത്ത ദിവസം അതിരാവിലെ, പട്ടണത്തിലേക്കു ഞാന്‍ വീണ്ടും പോയി. ആദ്യമായി കണ്ട ദേവാലയത്തില്‍ (വാര്‍സോയുടെ പ്രാന്തപ്രദേശത്തുള്ള ഒഹോട്ടയില്‍ ഗ്രോയേട്‌സ്‌ക്ക സ്ട്രീറ്റിലുള്ള സെന്റ് ജയിംസ് ദൈവാലയം) പ്രവേശിച്ചു. ഇനിയുള്ള ദൈവതിരുമനസ്സ് അറിയാന്‍ ഞാന്‍ അവിടെയിരുന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവ്യബലി കഴിഞ്ഞ് മറ്റൊന്ന് അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവ്യബലിയുടെ സമയത്ത് ഞാന്‍ ഈ വാക്കുകള്‍ ശ്രവിച്ചു. ആ വൈദികന്റെ – ഫാ. ജയിംസ് ഡബ്രോവിസ്‌ക്കി, സെന്റ് ജയിംസ് പള്ളിയുടെ വികാരി) അടുക്കല്‍ ചെല്ലുക. അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും പറയുക, ഇനി എന്തുചെയ്യണമെന്ന് അദ്ദേഹം നിന്നെ അറിയിക്കും. ദിവ്യബലിക്കു ശേഷം ഞാന്‍ സങ്കീര്‍ത്തിയിലേക്കു ചെന്നു. എന്റെ ആത്മാവില്‍ സംഭവിച്ചതെല്ലാം ഞാന്‍ ആ വൈദികനോടു പറഞ്ഞു. ഏതു സന്ന്യാസസഭയില്‍ ചേരണമെന്ന് അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞു.
13)
ആ വൈദികന്‍ ആദ്യം ഒന്ന് അമ്പരന്നുപോയെങ്കിലും എന്റെ ഭാവിയെ കര്‍ത്താവ് ക്രമീകരിക്കുമെന്ന് ആഴമായി വിശ്വസിക്കാന്‍ എന്നെ ഉപദേശിച്ചു. ‘തല്‍ക്കാലത്തേക്ക് ഒരു മഠത്തില്‍ പ്രവേശിക്കുന്നതുവരെ താമസിക്കാന്‍ ഞാന്‍ നിന്നെ ഭക്തയായ ഒരു സ്ത്രീയുടെ (അല്‍ഡോണ ലിപ്ഷട്‌സ്‌ക്കോവ) അടുക്കല്‍ അയയ്ക്കാം’ എന്ന് അദ്ദേഹം സ്‌നേഹപൂര്‍വ്വം പറഞ്ഞു. ഞാന്‍ ആ സ്ത്രീയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ എന്നെ സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവരുടെ കൂടെ താമസിച്ച നാളുകളില്‍ ഞാന്‍ ഒരു മഠത്തിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഏതെല്ലാം സന്യാസഭവനങ്ങളെ ഞാന്‍ സമീപിച്ചുവോ അവയെല്ലാം എന്നെ തിരസ്‌കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു, ഞാന്‍ എന്റെ ഈശോനാഥനോടു പറഞ്ഞു, ‘എന്നെ സഹായിക്കൂ, എന്നെ തനിയെ വിടരുതേ’. അവസാനം നമ്മുടെ വാതിലില്‍ ഞാന്‍ മുട്ടി.
14
ഇപ്പോഴത്തെ മദര്‍ ജനറാളും അന്നത്തെ മദര്‍ സുപ്പീരിയറുമായ സി. മൈക്കിള്‍ എന്നെ വന്നു കണ്ടു. കുറച്ചുനേരത്തെ സംഭാഷണത്തിനുശേഷം, ഈ ഭവനത്തിന്റെ നാഥന്റെ അടുത്തുചെന്ന് അദ്ദേഹം എന്നെ സ്വീകരിക്കുമോ എന്ന് ആരായാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഈശോനാഥനോടാണ് ഞാന്‍ ചോദിക്കേണ്ടതെന്ന് എനിക്കുടനെ മനസ്സിലായി. വളരെ സന്തോഷത്തോടെ ഞാന്‍ ആ ചാപ്പലില്‍ ചെന്ന് ഈശോയോടു ചോദിച്ചു. ‘ഈ ഭവനത്തിന്റെ നാഥാ, അങ്ങ് എന്നെ സ്വീകരിക്കുമോ? ഇപ്രകാരം അങ്ങയോടു ചോദിക്കുവാനാണ് ഇവിടുത്തെ ഒരു സിസ്റ്റര്‍ എന്നോട് ആവശ്യപ്പെട്ടത്.’
ഉടന്‍തന്നെ ഈ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ സ്വീകരിക്കുന്നു. നീ എന്റെ ഹൃദയത്തിലുണ്ട്. ഞാന്‍ ചാപ്പലില്‍ നിന്നു മടങ്ങിച്ചെന്നപ്പോള്‍ മദര്‍ സുപ്പീരിയര്‍ ആദ്യമായി ചോദിച്ചു: ‘കൊള്ളാം, നിന്നെ നാഥന്‍ സ്വീകരിച്ചോ?’ ഞാന്‍ മറുപടി നല്കി. ‘ഉവ്വ്’. അവര്‍ പറഞ്ഞു. ‘നാഥന്‍ നിന്നെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഞാനും സ്വീകരിക്കുന്നു.’
(തുടരും)