പരിശുദ്ധാത്മാവും പ്രതീകങ്ങളും

ഹീബ്രൂ ഭാഷയിലെ റൂആഹ് എന്ന പദമാണ് ഗ്രീക്കില്‍ പ്‌നെവുമ, ഇംഗ്ലീഷില്‍ സ്പിരിറ്റ്, മലയാളത്തില്‍ റൂഹാ, ആത്മാവ്, അരൂപി എന്നിങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. റൂആഹ് എന്നതിന് ശ്വാസം, വായു, കാറ്റ് എന്നൊക്കെയാണ് അര്‍ത്ഥം. ഇവയെല്ലാം അരൂപിയുടെ പ്രകൃതിയായ ചലനാത്മകതയെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ അരൂപി റൂആഹ് എലോഹിം ആണ്.

ദൈവരൂപിയെ സൂചിപ്പിക്കാന്‍ മലയാളത്തില്‍ റൂഹാ തമ്പുരാന്‍, റൂഹാദക്കുദിശാ, പരിശുദ്ധാത്മാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. പരിശുദ്ധ ത്രിത്വത്തില്‍ പിതാവിനോടും പുത്രനോടും സമനായ മൂന്നാമത്തെ ആളായ ദൈവത്തെ വിളിക്കുന്നതിന് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്ന പേര് പരിശുദ്ധാത്മാവ്, പരിശുദ്ധാരൂപി (Holy Spirt) എന്നാണ്. ജീവന്‍, സ്‌നേഹം, ശക്തി, പ്രചോദനം, പ്രവൃത്തി ഇവയുടെ ഉറവിടമാണ് പരിശുദ്ധാത്മാവ്.

അരൂപിയെന്നാല്‍ രൂപമില്ലാത്തത് എന്നു കൂടി അര്‍ത്ഥമുണ്ടല്ലോ. അതിനാല്‍ ദൈവാരൂപിയെ പരാമര്‍ശിക്കുമ്പോള്‍ വിവധങ്ങളായ പ്രതീകങ്ങള്‍ ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ജലം, അഗ്നി, പ്രാവ്, ദൈവത്തിന്റെ വിരല്‍, മേഘവും പ്രകാശവും, അഭിഷേകം, കാറ്റ് തുടങ്ങിയവയാണ് അവ.

പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍

ജലം

പഴയ നിയമത്തിലും പുതിയ നിയമത്തിലും ജലം പരിശുദ്ധാത്മാവിന്റെ പ്രതീകമായ ഉപയോഗിച്ചിട്ടുണ്ട്. ‘ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റില്‍ നി്‌ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും’ (ഏശ 12. 2-3).

ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ജീവനും വളര്‍ച്ചയ്ക്കും വെള്ളം ഏറ്റവും അത്യാവശ്യമാണല്ലോ. മാലിന്യങ്ങള്‍ കഴുകാനും അത് ഉപകരിക്കുന്നു. മാമ്മോദീസയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രവര്‍ത്തനവും സൂചിപ്പിക്കാന്‍ ജലം ഉപയോഗിക്കുന്നു. റൂഹാ ക്ഷണപ്രാര്‍ത്ഥനയിലൂടെ വിശുദ്ധീകരിക്കപ്പെട്ട വെള്ളം ജ്ഞാനസ്‌നാനാര്‍ത്ഥിയുടെ തലയില്‍ ഒഴിക്കുന്നത് പുതുജന്മം കൈവരുത്തുന്ന കൗദാശികമായ അടയാളമാണ്.

പാപം വഴി ദൈവത്തില്‍ നിന്നകന്നു പോയ ഇസ്രായേല്‍ ജനത്തെ ശിക്ഷിച്ച ദൈവം അവരെ വീണ്ടും ഒരുമിച്ചു കൂട്ടി ഒരു പുതിയ ജനതയാക്കുന്നിതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ഞാന്‍ നിങ്ങളുടെ മേല്‍ ശുദ്ധ ജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും’ (എസെക്കി 36. 25).. ജീവജലം എന്ന വാക്ക് പഴയ നിയമത്തിലും പുതിയ നിയമത്തിലും പരിശുദ്ധാത്മാവിന്റെ പ്രതീകമെന്ന നിലിയിലുണ്ട്. കര്‍ത്താവിന്റെ ദിനവുമായി ബന്ധപ്പെടുത്തിയാണ് പഴയ നിയമത്തിലെ ജീവജലത്തെ കുറ്റിച്ചുള്ള പരാമര്‍ശം ‘അന്ന് ജീവജലം ജറുസലേമില്‍ നിന്ന് പുറപ്പെട്ട് പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴകും (സഖ 14.8).

സമരിയാക്കാരിയോടും പരിശുദ്ധാത്മാവിനെ കുറിച്ച് യേശു പറയുന്നത് ഇങ്ങനെയാണ് ‘ദൈവത്തിന്റെ ദാനം എന്തെന്നും എനിക്ക് കുടിക്കാന്‍ തരിക എന്ന് നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കില്‍ നീ അവനോട് ചോദിക്കുകയും അവന്‍ നിനക്ക് ജീവജലം തരികയും ചെയ്യുമായിരുന്നു.. ഈ വെള്ളം കുടിക്കുന്നവന് വീണ്ടും ദാഹിക്കും. എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അത് അവനില്‍ നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകും’ (യോ 4: 10 – 14).

അതുപോലെ, ജറുസലേമിലെ തിരുനാള്‍ ദിനത്തില്‍ യേശു എല്ലാവരോടുമായി പറഞ്ഞു: ‘ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുത്തു വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്റെ അരുവികള്‍ ഒഴുകും (യോഹ. 7. 37).

ഫാ. പോള്‍ മുണ്ടോലിക്കല്‍

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles