സുവിശേഷമനുസരിച്ച് ജീവിക്കുക: ഫ്രാന്‍സിസ് പാപ്പാ
ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് അവലംബം, ഈ ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, സുവിശേഷഭാഗം, അതായത് യേശുവിനെപ്രതി ജീവൻ നഷ്ടപ്പെടുത്തുന്നവനും എളിയവരെ ശുശ്രൂഷിക്കുന്നവനും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അവിടന്ന് ശിഷ്യന്മാരോടു പറയുന്ന സംഭവം, മത്തായിയുടെ സുവിശേഷം 10,37-42 വരെയുള്ള വാക്യങ്ങൾ ആയിരുന്നു.
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
കർത്താവിനോടുള്ള നമ്മുടെ ഐക്യം പരിപൂർണ്ണമായി നിർവ്വിശങ്കം ജീവിക്കാനുള്ള ക്ഷണം ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ അതിശക്തം മുഴങ്ങുന്നു. ത്യാഗവും അദ്ധ്വാനവും വേണ്ടി വന്നാലും, സുവിശേഷത്തിൻറെ ആവശ്യങ്ങളെ ഗൗരവബുദ്ധിയോടു കൂടി കാണണമെന്ന് യേശു ശിഷ്യരോട് ആവശ്യപ്പെടുന്നു.
യേശു സ്നേഹത്തിൻറെ പ്രാഥമ്യം
തന്നോടുള്ള സ്നേഹം കുടുംബസ്നേഹത്തിനുപരിയായി പ്രതിഷ്ഠിണമെന്നതാണ് തന്നെ അനുഗമിക്കുന്നവരുടെ മുന്നിൽ അവിടന്നു വയ്ക്കുന്ന പ്രഥമ ആവശ്യം. അവിടന്നു പറയുന്നു: “എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ….. പുതനെയോ പുത്രിയെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല” (മത്തായി 10,37). മാതാപിതാക്കളോടും മക്കളോടുമുള്ള സ്നേഹത്തെ ഇകഴ്ത്തുകയല്ല ഇവിടെ, തീർച്ചയായും, യേശുവിൻറെ ഉദ്ദേശ്യം. എന്നാൽ രക്തബന്ധങ്ങളെ പ്രഥമസ്ഥാനത്തു പ്രതിഷ്ഠിച്ചാൽ അവ യഥാർത്ഥ നന്മയിൽ നിന്ന് വ്യതിചലിക്കുമെന്ന് അവിടത്തേക്കാറിയാം. ഇതിനു നാം സാക്ഷികളാണ്: സർക്കാരുകളിൽ ചില അഴിമതികൾ സംഭവിക്കുന്നത് ദേശത്തോടുള്ളതിനേക്കാൾ സ്നേഹം രക്തബന്ധത്തോടാകുമ്പോഴാണ്. അങ്ങനെ ബന്ധു നിയമനങ്ങൾ സർക്കാർ നടത്തുകയും ചെയ്യുന്നു. യേശുവിനോടുള്ളതിനെക്കാൾ സ്നേഹം മറ്റുള്ളവയോടാകുമ്പോൾ അവിടത്തെ സംബന്ധിച്ചും ഇങ്ങനെ തന്നെയാണ്. ഇതിന്, സുവിശേഷത്തിനു വിരുദ്ധമായ തിരഞ്ഞെടുപ്പുകളുമായി കുടുംബസ്നേഹം ഇടകലരുന്ന അവസ്ഥകളെക്കുറിച്ചു പറയാതെ തന്നെ, നിരവധി ഉദാഹരണങ്ങൾ നിരത്താൻ നമുക്കെല്ലാവർക്കും സാധിക്കും. നേരെമറിച്ച്, മതാപിതാക്കളോടും മക്കളോടുമുള്ള സ്നേഹം കർത്താവിനോടുള്ള സ്നേഹത്താൽ പ്രചോദിതമാകുകയും പവിത്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ അത് പൂർണ്ണമായും ഫലദായകമായിത്തീരുകയും ആ കുടുംബത്തിലും അതിനു പുറത്തും നിരവധിയായ സൽഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഈ അർത്ഥത്തിലാണ് യേശു ഇത് പറയുന്നത്. ബലിവേദിയിൽ അർപ്പിക്കാനും സഭയ്ക്ക് നല്കാനും എന്ന വ്യാജേന, മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത നിയമജ്ഞരെ യേശു ശകാരിക്കുന്നത് എങ്ങനെയാണെന്ന് നമുക്കറിയാം. അവിടന്നു അവരെ വഴക്കു പറയുന്നു. യേശുവിനോടുള്ള യഥാർത്ഥ സ്നേഹം മാതാപിതാക്കളോടും മക്കളോടുമുള്ള സ്നേഹം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ നമ്മൾ കുടുംബത്തിൻറെ കാര്യമാണ് ആദ്യം ശ്രദ്ധിക്കുന്നത്. ഇതാകട്ടെ നമ്മെ ആനയിക്കുക തെറ്റായ വഴിയിലേക്കാണ്.
ത്യാഗാധിഷ്ഠിത സ്നേഹം
പിന്നീട്, യേശു ശിഷ്യന്മാരോടു പറയുന്നു: “സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്കു യോഗ്യനല്ല” (മത്തായി 10,38). ഇതിനർത്ഥം യേശു സഞ്ചരിച്ച അതേ വഴിയിലൂടെ അവിടത്തെ അനുഗമിക്കുക, കുറുക്കു വഴികൾ തേടരുത് എന്നാണ്. കുരിശില്ലാതെ, അതായത്, വ്യക്തിപരമായി ഒരു വില നല്കാതെ, യഥാർത്ഥ സ്നേഹമില്ല. മക്കൾക്കുവേണ്ടി ഏറെ ത്യാഗമനുഷ്ഠിക്കുന്ന നിരവധി അമ്മമാരും അപ്പന്മാരും ഇതു നമ്മോടോതുന്നു. അവർ യഥാർത്ഥ ത്യാഗങ്ങൾ സഹിക്കുന്നു, കുരിശുകൾ ചുമക്കുന്നു, കാരണം, അവർ സ്നേഹിക്കുന്നു. യേശുവിനോടൊപ്പം വഹിക്കുകയാണെങ്കിൽ കുരിശ് നമ്മെ ഭയപ്പെടുത്തില്ല, എന്തെന്നാൽ, ഏറ്റവും കഠിനമായ പരീക്ഷണവേളയിൽ നമ്മെ താങ്ങി നിറുത്തുന്നതിന്, നമുക്ക് ശക്തിയും ധൈര്യവും പ്രദാനം ചെയ്യുന്നതിന് അവിടന്ന് എല്ലായ്പോഴും നമ്മുടെ ചാരെയുണ്ട്. ഭയവും സ്വാർത്ഥതയുമാർന്ന ഭാവത്തോടെ സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനായി വെപ്രാളപ്പെടേണ്ടതില്ല. യേശു ശാസിക്കുന്നു: “അവനവനായി സ്വന്തം ജീവൻ കാത്തുസൂക്ഷിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി, സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും” (മത്തായി 10,39) അതായത്, സ്നേഹം യേശുവിനോടും അയൽക്കാരനോടുമുള്ള സ്നേഹം, പരസേവവനം വഴി ജീവൻ നഷ്ടപ്പെടുത്തുന്നവൻ അത് കണ്ടെത്തും. ഇത് സുവിശേഷത്തിൽ തെളിയുന്ന വൈരുദ്ധ്യമാണ്. ഇതിനും, ദൈവകൃപയാൽ, നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഈ ദിനങ്ങളിൽ നാം അതിനു സാക്ഷികളാണ്. ഇന്ന്, ഈ മഹാമാരിക്കാലത്ത് സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്തുകൊടുക്കുന്നതിന്, അപരനെ സഹായിക്കുന്നതിന്, എത്ര പേരാണ് കുരിശുകൾ ചുമക്കുന്നത്, ത്യാഗപ്രവർത്തികൾ ചെയ്യുന്നത്. എല്ലായ്പ്പോഴും യേശുവിനോടു ചേർന്ന് അത് ചെയ്യാൻ സാധിക്കും. സുവിശേഷത്തിനും സഹോദരങ്ങൾക്കും വേണ്ടി, തുറവും ഉൾക്കൊള്ളലും കാരുണ്യവുമാർന്ന മനോഭാവത്തോടുകൂടി, ആത്മദാനം ചെയ്യുമ്പോൾ ജീവൻറെയും ആനന്ദത്തിൻറെയും പൂർണ്ണത കണ്ടെത്തെനാകും.
ദൈവത്തിൻറെ ഉദാരതയും കൃതജ്ഞതാ ഭാവവും
അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ദൈവത്തിൻറെ ഔദാര്യവും കൃതജ്ഞതാഭാവവും അനുഭവിച്ചറിയാൻ സാധിക്കും. ഇക്കാര്യം യേശു നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്: “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു….. ഈ ചെറിയവരിൽ ഒരുവന് ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന്….പ്രതിഫലം ലഭിക്കാതിരിക്കില്ല” (മത്തായി 10,40.42). സഹോദരങ്ങൾക്കേകുന്ന സ്നേഹത്തിൻറെയും സേവനത്തിൻറെയും ഏറ്റവും ചെറിയ പ്രവൃത്തി പോലും ദൈവത്തിൻറെ ഉദാരമായ കൃതജ്ഞത കണക്കിലെടുക്കുന്നു. ഈ ദിനങ്ങളിൽ, ഒരു ഇടവകയിൽ ഒരു കുട്ടി പുരോഹിതനെ സമീപിച്ചുകൊണ്ടു പറഞ്ഞു “അച്ചാ, ഇത് ഞാൻ സ്വരുക്കൂട്ടി വച്ചിരുന്നതാണ്”. നിസ്സാര കാര്യം! എന്നാൽ ഇതു കേട്ടപ്പോൾ ആ വൈദികൻ വികാരഭരിതനായി. ആ കുരുന്നു വച്ചു നീട്ടിയ സമ്പാദ്യം പാവപ്പെട്ടവർക്കു വേണ്ടിയായിരുന്നു, മഹമാരിമൂലം ആവശ്യത്തിലിരിക്കുന്നവർക്കു വേണ്ടിയായിരുന്നു”. നിസ്സാരം എന്നാൽ മഹത്തായ കാര്യം. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നവരോടു നന്ദിയുള്ളവരായിരിക്കാൻ നമ്മെ ഒരോരുത്തരെയും സഹായിക്കുന്ന സാംക്രമികമായ കൃതജ്ഞതയാണ് ദൈവത്തിൻറെത്. ആരെങ്കിലും ഒരു സേവനം നമുക്കേകുമ്പോൾ അത് അവൻറെ കടമായണ് എന്ന് നാം ചിന്തിക്കരുത്. അങ്ങനെയല്ല. നിരവധി സേവനങ്ങൾ സൗജന്യമാണ്. സന്നദ്ധപ്രവർത്തനത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ഇത് ഇറ്റലിയിലെ സമൂഹം ചെയ്യുന്ന മഹത്തായ കാര്യങ്ങളിൽ ഒന്നാണ്. സന്നദ്ധസേവകർ,,,, അവരിൽ എത്ര പേരാണ് ഈ മഹാമാരിയിൽ ജീവൻ വെടിഞ്ഞത്. ഇത് സ്നേഹത്തെ പ്രതിയാണ്, കേവലം സേവനത്തെ പ്രതിയാണ്. കൃതജ്ഞതയും അംഗീകരിക്കലും, സർവ്വോപരി, നല്ല ശിക്ഷണത്തൻറെ അടയാളമാണ്, അതോടൊപ്പം തന്നെ ക്രൈസ്തവൻറെ സവിശേഷതയുമാണ്. ഇത് ദൈവരാജ്യത്തിൻറെ ലളിതവും എന്നാൽ യഥാർത്ഥവുമായ അടയാളമാണ്. അത് സൗജന്യവും കൃതജ്ഞതാഭരിതവുമായ സ്നേഹരാജ്യമാണ്.
പരിശുദ്ധ കന്യകയുടെ സഹായം അനിവാര്യം
നമ്മുടെ പെരുമാറ്റങ്ങളെയും തിരഞ്ഞെടുപ്പുകളെയും വിധിക്കാൻ ദൈവവചനത്തെ അനുവദിച്ചുകൊണ്ട്, സന്നദ്ധമായ ഒരു ഹൃദയത്തോടുകൂടെ ദൈവതിരുമുമ്പിൽ സദാ നില്ക്കുന്നതിന് നമ്മെ, സ്വജീവനെക്കാളധികം യേശുവിനെ സ്നേഹിക്കുകയും കുരിശുവരെ അവിടത്തെ അനുഗമിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെ
ഈ വാക്കുകളെതുടർന്ന് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുകയും. പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദം നല്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്തു.
പാപ്പാ സിറിയയ്ക്കു വേണ്ടി പ്രാർത്ഥനകൾ ക്ഷണിക്കുന്നു
സിറിയയുടെയും ആ ഭൂപ്രദേശത്തിൻറെയും ഭാവിക്ക് പിന്തുണയേകുക” എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ സമിതിയും ഐക്യരാഷ്ട്രസഭയും സംയുക്തമായി നാലാം സമ്മേളനം ജൂൺ 30-ന്, ചൊവ്വാഴ്ച സംഘടിപ്പിക്കുന്നത് പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു.
മഹാമാരി കൂടുതൽ വഷളാക്കിയിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സിറിയയിലെയും അയൽരാജ്യങ്ങളിലെ, പ്രത്യേകിച്ച് ലെബനനിലെയും ജനങ്ങളുടെ നാടകീയമായ അവസ്ഥ മെച്ചപ്പെടുത്താൻ ഈ സുപ്രധാന സമ്മേളനത്തിനു സാധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
അവിടെ ആഹാരം കിട്ടാതെ പട്ടിണിയിലമർന്നിരിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കണമെന്നു പറഞ്ഞ പാപ്പാ സമാധാനത്തിൻറെ ശില്പികളാകാൻ ഭരണനേതൃത്വത്തോടു അഭ്യർത്ഥിച്ചു.
യെമൻ, ഉക്രയിൻ എന്നിവിടങ്ങളിലെ അവസ്ഥയും പാപ്പാ അനുസ്മരിക്കുന്നു
പാപ്പാ യെമനിലെ ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിച്ചു.
യെമനിലും, മാനവിക പ്രതിസന്ധിമൂലം യാതനകളനുഭവിക്കുന്നത് പ്രത്യേകിച്ച് കുട്ടികളാണെന്ന് പാപ്പാ അനുസ്മരിച്ചു. ഉക്രയിൻറെ പടിഞ്ഞാറെ ഭാഗത്ത് അതിശക്തമായ വെള്ളപ്പൊക്ക ദുരന്തം മൂലം യാതനകളനുഭവിക്കുന്നവർക്ക് കർത്താവിൻറെ സാന്ത്വനവും സഹോദരങ്ങളുടെ സഹായവും ലഭിക്കുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു.