രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 14
17) സഭയുടെ പ്രേഷിതസ്വഭാവം
പുത്രന് പിതാവാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നതുപോലെ, പുത്രന് ശ്ലീഹന്മാരെ അയച്ചുകൊണ്ട് (യോഹ. 20:21) പറഞ്ഞു: ‘സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എല്ലായ്പ്പോഴും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ (മത്താ. 28:19-21). ഈ രക്ഷാകര സത്യം പ്രഘോഷിക്കുന്നതിനുള്ള മിശിഹായുടെ ഗൗരവമേറിയ കല്പന ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും പൂര്‍ത്തിയാക്കേണ്ടതിനായി ശ്ലീഹന്മാരില്‍ നിന്നു സഭ സ്വീകരിച്ചിരിക്കുന്നു (അപ്പ. 1:8). അതിനാല്‍, ‘ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം’ (1 കോറി 9:6) എന്ന ശ്ലീഹായുടെ വാക്കുകള്‍ സഭ സ്വന്തമാക്കുന്നു. അതിനാല്‍, നവജാതസഭകള് പൂര്‍ണമായി സംസ്ഥാപിതമാകുകയും അവതന്നെ സുവിശേഷവത്കരണജോലി തുടരാറാകുകയും ചെയ്യുന്നതുവരെ പ്രഘോഷകരെ അയയ്ക്കുന്നതില്നിന്ന് സഭ വിരമിക്കുന്നില്ല.
മിശിഹായെ ലോകത്തിനു മുഴുവന്‍ രക്ഷയുടെ മൂലതത്വമായി സ്ഥാപിച്ച ദൈവപദ്ധതി ഫലപ്രദമായി പൂര്‍ത്തീകരിക്കുന്നതില്‍ സഹകരിക്കാന്‍ സഭ അരൂപിയാല്‍ നിര്‍ബന്ധിക്കപ്പെടുന്നു. സുവിശേഷം പ്രഘോഷിച്ചുകൊണ്ട്, സഭ ശ്രോതാക്കളെ വിശ്വാസത്തിലേക്കും വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിലേക്കും ആകര്‍ഷിക്കുകയും മാമ്മോദീസാ സ്വീകരിക്കാന്‍ ഒരുക്കുകയും ചെയ്യുന്നു. അവരെ തിന്മയുടെ അടിമത്തത്തില്‍നിന്ന് പിടിച്ചകറ്റുകയും മിശിഹായോട് ഏക ശരീരമാക്കുകയും ചെയ്യുന്നു. സ്നേഹംകൊണ്ട് അവനില്‍ സമ്പൂര്ണതയോളം വളരാന്‍ വേണ്ടി മനുഷ്യരുടെ മനസ്സിലും ഹൃദയത്തിലും വിവിധ റീത്തുകളിലും ജനപദങ്ങളുടെ സംസ്കാരങ്ങളിലുമുള്ള നന്മയുടെ അങ്കുരങ്ങളൊന്നുംതന്നെ നഷ്ടപ്പെടാതിരിക്കാന്‍ സഭ പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല, അവയെ ശുദ്ധീകരിക്കുകയും ഉയര്‍ത്തുകയും ദൈവമഹത്വത്തിനായും പിശാചിന്റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി പൂര്‍ണതയിലെത്തിക്കുകയും ചെയ്യുന്നതിനാണ് സഭ അവളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മിശിഹായുടെ ഓരോ ശിഷ്യനും തന്റെ കഴിവിനൊത്ത് വിശ്വാസം പ്രചരിപ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഏതു വിശ്വാസിക്കും മാമ്മോദീസാ നല്കാന് അവകാശമുണ്ടെങ്കിലും പരിശുദ്ധ കുര്ബാനവഴി മിശിഹായുടെ ശരീരം പടുത്തുയര്‍ത്താന്‍ പുരോഹിതനു മാത്രമേ അനുവാദമുള്ളു. പ്രവാചകന് വഴി ദൈവം അരുള്‍ ചെയ്ത വാക്കുകള്‍ അങ്ങനെ പൂര്‍ത്തിയാവുകയാണ്: ‘സൂര്യോദയം മുതല്‍ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയില്‍ മഹത്വപൂര്‍ണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്ധമായ ബലികളും അര്‍പ്പിക്കപ്പെടും’ (മലാക്കി 1:11). കര്‍ത്താവിന്റെ ശരീരവും പരിശുദ്ധാത്മാവിന്റെ ആലയവുമായ ദൈവജനത്തില്‍ ലോകം മുഴുവന്റെയും പൂര്‍ണത വന്നുചേരാനും സകലരുടെയും ശിരസ്സായ മിശിഹായില്‍, പ്രപഞ്ച സ്രഷ്ടാവും പിതാവുമായവന് ബഹുമാനവും മഹത്വവും നല്കപ്പെടാനും സഭ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
(തുടരും)