രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 12

14) കത്തേലിക്കാ വിശ്വാസികള്‍

അതുകൊണ്ട് ഈ പരിശുദ്ധ സുനഹദോസ് ആദ്യമായി കത്തോലിക്കാവിശ്വാസികളിലേക്കു ശ്രദ്ധ തിരിക്കുകയാണ്. വിശുദ്ധ ലിഘിതങ്ങളെയും പാരമ്പര്യത്തെയും ആസ്പദമാക്കിക്കൊണ്ട്, രക്ഷയ്ക്ക് ഈ തീര്‍ത്ഥാടകസഭ അവശ്യാവശ്യകമാണെന്ന് സഭ പഠിപ്പിക്കുകയാണ്. അവന്‍ സഭയാകുന്ന തന്റെ ശരീരത്തില്‍ നമുക്കു സന്നിഹിതനാകുന്നു. അവന്‍ വിശാവസത്തിന്റെയും മാമ്മോദീസായുടെയും അവശ്യാവശ്യകത വ്യക്തമായ ഭാഷയില്‍ ഊന്നിപ്പറയുന്നു (മര്‍ക്കോ 16:16; യോഹ 3:5). അതോടൊപ്പംതന്നെ, ഒരു കവാടത്തില്‍ക്കൂടെയെന്നവണ്ണം, മാമ്മോദീസാവഴി മനുഷ്യര്‍ ഉള്ളില്‍ പ്രവേശിക്കുന്ന തിരുസഭയുടെ അവശായവശ്യകതയും ഉറപ്പിച്ചുപറയുന്നു. അതുകൊണ്ട്, കത്തോലിക്കാ തിരുസഭ അവശ്യകാര്യമായി ഈശോമിശിഹാ സ്ഥാപിച്ചുവെന്ന് അറിയുകയും അതേസമയം അതില്‍ പ്രവേശിക്കാനോ നിലനില്‍ക്കാനോ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ രക്ഷിക്കപ്പെടുക സാദ്ധ്യമല്ല.

മിശിഹായുടെ ആത്മാവിനെ സ്വീകരിക്കുകയും സഭയുടെ എല്ലാ നിബന്ധനകളും അവളില്‍ സ്ഥാപിതമായിരിക്കുന്ന എല്ലാ രക്ഷാമാര്‍ഗങ്ങളും സ്വീകരിക്കുകയും മാര്‍പാപ്പയാലും മെത്രാന്മാരാലും ഭരിക്കപ്പെടുന്ന അവളുടെ ദൃശ്യഘടനവഴി മിശിഹായോടു സംയോജീച്ചിരിക്കുകയും അതായത്, വിശ്വാസ പ്രഖ്യാപനത്തിന്റെയും കൂദാശകളുടെയും സഭാഭരണ സംവിധാനത്തിന്റെയും കൂട്ടായ്മയുടെയും ബന്ധത്താല്‍ സംയോജീച്ചിരിക്കുകയും ചെയ്യുന്നവരാണ് സഭാസമൂഹത്തിലെ പൂര്‍ണാംഗങ്ങള്‍. എങ്കിലും, സഭയിലെ അംഗങ്ങളായിരിക്കുകയും സ്‌നേഹത്തില്‍ നിലനില്ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയംകൊണ്ടല്ലാതെ ‘ശരീരം’കൊണ്ടു മാത്രം സ്ഥിതിചെയ്യുകയും ചെയ്യുന്നവര്‍ രക്ഷപ്രാപിക്കുകയില്ല. തങ്ങളുടെ ഈ സ്ഥാനം സ്വന്തം യോഗ്യതകൊണ്ടല്ല; പ്രത്യുത, മിശിഹായുടെ പ്രത്യേക പ്രസാദവരം കൊണ്ടുള്ളതാണെന്ന വസ്തുത തിരുസഭയുടെ മക്കളെല്ലാം ഓര്‍മ്മിക്കേണ്ടതാണ്. അതിനോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും പ്രത്യുത്തരിക്കാത്തവര്‍ രക്ഷപ്പെടുകയില്ലെന്നു മാത്രമല്ല, കര്‍ക്കശമായി വിധിക്കപ്പെടുകയും ചെയ്യും.

പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി തിരുസഭയിലെ അംഗങ്ങളാകാന്‍ സ്പഷ്ടമായ ആഗ്രഹത്തോടെ പ്രതീക്ഷിക്കുന്ന മാമ്മോദീസാര്‍ത്ഥികള്‍, ഈ ആഗ്രഹത്താല്‍ത്തന്നെ തിരുസഭയുമായി സംയോജിച്ചു കഴിഞ്ഞിരിക്കുന്നു. തിരുസഭാമാതാവാകട്ടെ, അവരെ സ്വന്തമായിത്തന്നെ കരുതി വാത്സല്യത്തോടും കരുതലോടുംകൂടെ ആശ്ലേഷിക്കുകയും ചെയ്യുന്നു.

15) സഭയും അകത്തോലിക്കരും

മാമ്മോദീസാ സ്വീകരിച്ച് ക്രിസ്തീയനാമത്താല്‍ അലംകൃതരായെങ്കിലും വിശ്വാസം സമഗ്രമായി ഏറ്റുപറയാതിരിക്കുകയും അഥവാ, പത്രോസിന്റെ പിന്‍ഗാമിയുടെ കീഴിലുള്ള കൂട്ടായ്മയില്‍ ചേരാതിരിക്കുകയും ചെയ്യുന്നവരുമായി തിരുസഭ പല കാരണങ്ങളാലും ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അവള്‍ക്കറിവുണ്ട്. കാരണം, വിശുദ്ധ ലിഖിതങ്ങള്‍ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും നിയമമായി ആദരപൂര്‍വം പരിഗണിക്കുകയും ആത്മാര്‍ത്ഥമായ മതഭക്തിതീക്ഷ്ണത പ്രകടിപ്പിക്കുകയും ചെയ്യുന്ന അനേകരുണ്ട്. സര്‍വ ശക്തനായ പിതാവായിരിക്കുന്ന ദൈവത്തിലും രക്ഷകനായ ദൈവപുത്രനിലും അവര്‍ സ്‌നേഹപൂര്‍വം വിശ്വസിക്കുന്നു. അവര്‍ മാമ്മോദീസയാല്‍ മുദ്രിതരാക്കപ്പെടുകയും അതുവഴി മിശിഹായോട് ഒന്നാക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, മറ്റു കൂദാശകളും അവരവരുടെ സഭകളും അഥവാ സഭാസമൂഹങ്ങളും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. അവരില്‍ പലര്‍ക്കും മെത്രാന്‍ ഭരണവുമുണ്ട്. അവര്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ദൈവമാതാവായ പരിശുദ്ധ കന്യകയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്കു പ്രാര്‍ത്ഥനകളുടെയും മറ്റ് ആദ്ധ്യാത്മിക സമ്പത്തുകളുടെയും അടുത്ത സംസര്‍ഗമുണ്ട്. മാത്രമല്ല, പരിശുദ്ധാത്മാവ് ദാനങ്ങളാലും വരങ്ങളാലും തന്റെ വിശുദ്ധീകരണശക്തി വഴി തീര്‍ച്ചയായും അവരില്‍ പ്രവര്‍ത്തനനിരതമാണ്. അവരില്‍ പലരെയും രക്തം ചിന്താന്‍വരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ, ഈ ആത്മാവ് മിശിഹാ നിര്‍ണയിച്ചവിധം ഒരു ഇടയന്റെ കീഴില്‍ ഒരു അജഗണമായി സമാധാനപൂര്‍വം ഐക്യപ്പെടുന്നതിനുള്ള അഭിലാഷവും പ്രവര്‍ത്തനവും മിശിഹായുടെ ശിഷ്യഗണം മുഴുവനിലും ഉണര്‍ത്തുകയും ചെയ്യുന്നു. ഈ ലക്ഷ്യപ്രാപ്തിക്ക് തിരുസഭാമാതാവ് പ്രാര്‍ത്ഥിക്കുന്നതില്‍നിന്നും അഭിലഷിക്കുന്നതില്‍നിന്നും പ്രവര്‍ത്തിക്കുന്നതില്‍നിന്നും വിരമിക്കുന്നില്ല. വിശുദ്ധീകരണത്തിനും നവീകരണത്തിനും വേണ്ടി തന്റെ മക്കളെ ഉപദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മിശിഹായുടെ അടയാളം തിരുസഭയുടെ മുഖം കൂടുതല്‍ പ്രകാശമാനമാകുന്നതിനു വേണ്ടിയാണ്.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles