വചനം മാംസം ധരിക്കുവാന്‍ മറിയത്തെ ദൈവത്തിന് ആവശ്യമായിരുന്നു
~ വി. ലൂയിസ് ഡി മോൻറ് ഫോർട്ട് ~
യഥാര്‍ത്ഥ മരിയഭക്തി – 1
മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിനു നല്‍കിയത്. ഈ നിധി സ്വീകരിക്കാന്‍ വേണ്ടി 4000 നീണ്ട വര്‍ഷങ്ങള്‍ പൂര്‍വ്വപിതാക്കന്മാര്‍ നെടുവീര്‍പ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയനിയമത്തിലെ വിശുദ്ധാത്മാക്കളും നിരവധി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, മറിയം അവളുടെ നിശബ്ദമായ പ്രാര്‍ത്ഥനകളുടേയും അത്യുത്കൃഷ്ടങ്ങളായ സുകൃതങ്ങളുടെയും ശക്തിയാല്‍ അതിന് അര്‍ഹയായുള്ളു. ദൈവതിരുമുമ്പില്‍ കൃപാപൂര്‍ണ്ണയായുള്ളൂ (ലൂക്കാ 1:30).
പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളില്‍നിന്നു നേരിട്ട് ദൈവപുത്രനെ സ്വീകരിക്കാന്‍ ലോകം അനര്‍ഹമായിരുന്നുവെന്ന് വിശുദ്ധ അഗസ്തീനോസ് പറയുന്നു. അവിടുന്നു സ്വപുത്രനെ മറിയത്തിനു നല്‍കി; അവളിലൂടെ ലോകം അവനെ സ്വീകരിക്കാന്‍ വേണ്ടി.
നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന്‍ മനുഷ്യനായി. മറിയത്തിലൂടെയും മറിയം വഴിയുമാണ് അത് സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളില്‍ രൂപപ്പെടുത്തി; എന്നാല്‍ തന്റെ സൈന്യവ്യൂഹങ്ങളില്‍ പ്രധാനിയായ ഒരുവന്‍ വഴി അവളുടെ സമ്മതം വാങ്ങിയതിനുശേഷം മാത്രം.
പിതാവായ ദൈവം, ഒരു സൃഷ്ടിക്കു സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി അവളില്‍ നിക്ഷേപിച്ചു. എന്തുകൊണ്ടെന്നാൽ തന്റെ തിരുപ്പുത്രനെയും അവിടുത്തെ ഭൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്തുവാന്‍ വേണ്ട ശക്തി നല്‍കുവാന്‍ വേണ്ടിയായിരുന്നു അത്.
ദൈവപുത്രന്‍, അവളുടെ കന്യകോദരത്തില്‍, പുതിയ ആദം ഭൗമിക പറുദീസായില്‍ പ്രവേശിച്ചാല്‍ എന്ന പോലെ ഇറങ്ങിവന്ന് അവിടെ ആനന്ദം കണ്ടെത്തി. അവളില്‍ അവിടുന്നു രഹസ്യമായി കൃപാവരങ്ങളുടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
മനുഷ്യനായിത്തീര്‍ന്ന ദൈവം മറിയത്തിന്റെ ഉദരത്തില്‍ സ്വയം ബന്ധിയാകുന്നതില്‍ സ്വാതന്ത്ര്യം കണ്ടെത്തി. അവിടുന്നു വിനീതയായ കന്യകയാല്‍ സംവഹിക്കാന്‍ അനുവദിച്ചുകൊണ്ട്, തന്റെ സര്‍വശക്തി പ്രകടമാക്കി. ഭൂമിയിലുള്ള സര്‍വസൃഷ്ടിജാലങ്ങളില്‍നിന്നും തന്റെ പ്രതാപം മറച്ചുവച്ച് അത് മറിയത്തിനുമാത്രം വെളിപ്പെടുത്തിക്കൊടുത്തുകൊണ്ട് അവിടുന്ന് തന്റേയും പിതാവിന്റേയും മഹത്വം സാധിച്ചു. തന്റെ ഉദ്ഭവത്തിലും ജനനത്തിലും ദേവാലയത്തിലെ സമര്‍പ്പണത്തിലും മുപ്പതുവര്‍ഷത്തെ രഹസ്യജീവിതത്തിലും തന്റെ മാധുര്യപൂര്‍ണ്ണയായ കന്യാംബികയെ ആശ്രയിച്ചുജീവിച്ചുകൊണ്ട് അവിടുന്നു തന്റെ സ്വാതന്ത്ര്യത്തെയും പ്രതാപത്തെയും മഹത്വീകരിച്ചു. അബ്രാഹം ദൈവഹിതത്തിന് സമ്മതം മൂളിക്കൊണ്ടു പുത്രനായ ഇസഹാക്കിനെ ബലിചെയ്തതുപോലെ യേശുവിന്റെ മരണവേളയില്‍ മറിയം സന്നിഹിതയായി. അവിടുത്തോടുകൂടി ഒരേ യാഗത്തില്‍ പങ്കുചേര്‍ന്നു. നിത്യപിതാവിന് അവളും പുത്രനോടുകൂടെ ഒരേ ബലിയര്‍പ്പിച്ചു. ഇപ്രകാരം പരിഹാരമനുഷ്ഠിച്ച അവളാണ് അവിടുത്തെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും അവിടുത്തേക്ക് ആലംബമരുളുകയും ഒടുവില്‍ നമുക്കായി ബലിയര്‍പ്പിക്കുകയും ചെയ്തത്.
ഓ! പ്രശംസനീയവും അഗ്രാഹ്യവുമായ ദൈവത്തിന്റെ ആശ്രയഭാവം. യേശുവിന്റെ രഹസ്യജീവിതത്തിലെ മിക്കവാറും എല്ലാം തന്നെ നമ്മില്‍നിന്നും മറച്ചുവച്ച പരിശുദ്ധാത്മാവ് മുകളില്‍ പറഞ്ഞ ആശ്രയഭാവത്തെ സുവിശേഷങ്ങളില്‍ പരാമര്‍ശിക്കാതിരുന്നില്ല. അവിടുന്നു ചുരുങ്ങിയപക്ഷം വെളിപാടുകള്‍ വഴിയെങ്കിലും അതിന്റെ ഔന്നത്യത്തിന്റെയും അനന്തമായ മഹത്വത്തിന്റെയും കുറച്ചുഭാഗമെങ്കിലും നമ്മെ മനസിലാക്കിക്കാം എന്നു കരുതിക്കാണുമെന്നു തോന്നുന്നു. മഹത്തായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഈ ലോകത്തെ മുഴുവനും മാനസാന്തരപ്പെടുത്തിയാല്‍ എന്നതിനേക്കാള്‍ ഉപരിയായ മഹത്വം യേശുക്രിസ്തു മറിയത്തിനു വിധേയനായി മുപ്പതുവര്‍ഷം ജീവിച്ചുകൊണ്ട് പിതാവായ ദൈവത്തിനു നല്‍കി.അവിടുത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ ഏകമാതൃകയായ യേശുവിനെപ്പോലെ മറിയത്തിനു നാം സ്വയം വിധേയരാകുമ്പോള്‍, ഓ എത്ര അധികമായി നാം ദൈവത്തെ മഹത്വപ്പെടുത്തുകയില്ല.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭാരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.