107 ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് വിട
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കലാകാരന് എന്നറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 107 വയസ്സായിരുന്നു. കേരള സൈഗാള്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ പ്രായത്തെ തോല്പിച്ച് തന്റെ നൂറാം വയസ്സിലും കച്ചേരി നടത്തിയിരുന്നു.
വൈപ്പിന്‍ മാലിപ്പുറം ചക്കാലയ്ക്കല്‍ മൈക്കിളിന്റെയും അന്നയുടെയും പത്തുമക്കളില്‍ മൂന്നാമനായി 1913 മാര്‍ച്ച് 29നായിരുന്നു എം.സി ജോസഫ് എന്ന പാപ്പുക്കുട്ടിയുടെ ജനനം. ഏഴാംവയസില്‍ വേദമണി എന്ന സംഗീതനാടകത്തിലഭിനയിച്ച് അരങ്ങിലെത്തി. പതിനേഴാം വയസില്‍ ആര്‍ട്ടിസ്്റ്റ് പി ജെ ചെറിയാന്റെ മിശിഹാചരിത്രത്തില്‍ മഗ്ദലന മറിയമായി വേഷമിട്ടു. പതിനയ്യായിരത്തിലേറെ വേദികളില്‍ നിറഞ്ഞുനിന്ന കലാകാരന്.
25 സിനിമകളില്‍ ഉണ്ടായിരുന്ന പാപ്പുക്കുട്ടി ഒരുകാലത്ത് അഭിനയവും പിന്നെ പാട്ടിലൂടെയും നമുക്ക് സുപരിചിതനായിരുന്നു. ഇനിയും അദ്ദേഹം സ്മരണകളില്‍ ജീവിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചനമറിയിച്ചു.