വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 8

ദൈവകരുണയുടെ തിരുനാള്‍

വി. ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തിക്കിട്ടിയ ദൈവകരുണയുടെ ഭക്താനുഷ്ഠാനങ്ങളില്‍ പ്രഥമസ്ഥാനം ഈ തിരുനാളിനാണ്. 1931-ല്‍ പോട്‌സ്‌ക്കില്‍ വച്ച് ദൈവകരുണയുടെ ചിത്രം വരയ്ക്കുന്നതിനെപ്പറ്റിയുള്ള തന്റെ അഭീഷ്ടം അറിയിച്ച അവസരത്തിലാണ് തിരുസഭയില്‍ ഈ തിരുനാള്‍ ആഘോഷം ആരംഭിക്കുന്നതിന് ആദ്യമായി ഈശോമിശിഹാ ആവശ്യപ്പട്ടത്. ‘ ദൈവകരുണയുടെ ഒരു തിരുനാള്‍ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. നിങ്ങള്‍ പെയിന്റു ചെയ്യുന്ന ഈ ചിത്രം ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച സാഘോഷം ആശിര്‍വദിച്ചു വണങ്ങണം. ആ ഞായറാഴ്ച ദൈവകരുണയുടെ തിരുനാള്‍ദിനമായിരിക്കും.’ (ഡയറി 49).

ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച ദൈവകരുണയുടെ തിരുനാള്‍ ആഘോഷിക്കുന്നതില്ഡ ദൈവശാസ്ത്രപരമായ ഒരു പ്രാധാന്യവുമുണ്ട്. രക്ഷാകരചരിത്രത്തിലെ ഈശോയുടെ പെസഹാരഹസ്യങ്ങളും, ദൈവകരുണയെന്ന ദൈവികരഹസ്യവും തമ്മിലുള്ള വളരെ അടുത്ത ബന്ധത്തെയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. ദുഃഖവള്ളിയാഴ്ച മുതല്‍ ഈ തിരുനാളിനൊരുക്കമായി നടത്തുന്ന ദൈവകരുണയുടെ നൊവേന, ഈ ആന്തരികബന്ധത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുന്നു.

ഈ തിരുനാള്‍, ദൈവകരുണയെന്ന ദിവ്യരഹസ്യത്തിലൂടെ ദൈവത്തെ പ്രത്യേകമായി ആരാധിക്കാനുള്ള ഒരു ദിനം മാത്രമല്ല, സര്‍വ്വലോകത്തിനും ദൈവകൃപ പ്രാപിക്കുവാനുള്ള ഒരവസരം കൂടിയാണ്. ഈശോ അരുളിച്ചെയ്യുന്നു: ‘എല്ലാ ആത്മാക്കള്‍ക്കും, വളരെ പ്രത്യേകമായി നിര്‍ഭാഗ്യപാപികള്‍ക്കും ദൈവകരുണയുടെ തിരുനാള്‍ ഒരാശ്രയവും സങ്കേതവും ആയിത്തീരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു’ (ഡയറി 699). ‘ഞാന്‍ അതികഠിനമായ പീഡകളേറ്റിട്ടും ആത്മാക്കള്‍ നശിച്ചുപോകുന്നു. രക്ഷപ്രാപിക്കാനുള്ള അവസാന പ്രതീക്ഷയായി ഞാനിതു നല്‍കുന്നു. ദൈവകരുണയില്‍ ശരണംവയ്ക്കുക. എന്റെ അനന്തകരുണയെ ആശ്യരിക്കുന്നില്ലെങ്കില്‍ അവര്‍ നിത്യമായ നശിച്ചു പോകും’ (ഡയറി 965, 998)

ഈ തിരുനാളിന്റെ മൂല്യം മനസ്സിലാക്കണമെങ്കില്‍ കര്‍ത്താവ് അതിനോടു ചേര്‍ത്തുവച്ചിരിക്കുന്ന അസാധാരണമായ വാഗ്ദാനങ്ങള്‍ മനസ്സിലാക്കണം. ഈശോ പറഞ്ഞു. ‘ ഈ ദിവസം ജീവന്റെ ഉറവിടത്തെ സമീപിക്കുന്ന എല്ലാവര്‍ക്കും പൂര്‍ണ്ണമായ പാപമോചനവും ശിക്ഷയില്‍നിന്ന് ഇളവും ലഭിക്കും’ (ഡയറി 300). കൂടാതെ ‘ആ ദിവസം എന്റെ അനുകമ്പാര്‍ദ്രമാ കരുണയുടെ അത്യാഗാധങ്ങള്‍ ഞാന്‍ തുറക്കും. എന്റെ കരുണയുടെ ഉറവയെ സമീപിക്കുന്ന ആത്മാക്കളുടെമേല്‍ ഞാന്‍ കൃപാസാഗരംതന്നെ ഒഴുക്കും… ഒരാത്മാവുപോലും തന്റെ പാപങ്ങള്‍ എത്ര കഠിനമാണെങ്കിലും എന്റെ അടുക്കല്‍ വരാന്‍ ഭയപ്പെടരുത്’ (ഡയറി, 699)

ഈ ഉന്നതകൃപകള്‍ സ്വന്തമാക്കണമെങ്കില്‍ ദൈവകരുണയുടെ ഭക്തി ആവശ്യപ്പെടുന്ന സുകൃതങ്ങള്‍ (ദൈവികനന്മയിലുള്ള പരിപൂര്‍ണ്ണ ശരണവും, തന്റെ അയല്‍ക്കാരോടുള്ള പ്രവര്‍ത്തന നിരതമായ സ്‌നേഹവും) നാം അനുഷ്ഠിക്കണം. നമ്മള്‍ പൂര്‍ണ്ണമായും പ്രസാദവരാവസ്ഥയില്‍ ആയിരിക്കണം. ആഴമായി അനുതപിച്ചു കുമ്പസാരിക്കുകയും, യോഗ്യതയോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യണം.

ഈശോ വിശദീകരിക്കുന്നു: ‘പരിപൂര്‍ണ്ണമായ ശരണത്തോടെ, ദൈവകരുണയെ ആശ്രയിക്കാതെ, ഒരാത്മാവും നീതീകരിക്കപ്പെടുകയില്ല. അതിനാല്‍, ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴച ദൈവകരുണയുടെ തിരുനാളായി ആഘോഷിക്കണം. അന്നേദിവസം, എന്റെ ആഴം അളക്കാനാവാത്ത, മഹത്വപൂര്‍ണ്ണമായ കരുണയെക്കുറിച്ച് വൈദികര്‍ എല്ലാവരോടും പ്രഘോഷിക്കണം’ (ഡയറി 570)

(തുടരും)

പ്രാര്‍ത്ഥന

ദൈവകരുണയുടെ തിരുനാള്‍ യോഗ്യതയോടും ഭക്തിയോടും കൂടി ആചരിക്കാന്‍ ഞങ്ങള്‍ക്ക് കൃപ നല്‍കിയരുണമേ.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles