വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 7
കാരുണ്യവാനായ ഈശോയുടെ ഛായാചിത്രം:
പോട്സ്ക്കിലെ മഠത്തിലെ തന്റെ കൊച്ചുമുറിയില്‍ വച്ച് 1931 ഫെബ്രുവരി 22-നാണ് വിശുദ്ധ ഫൗസ്റ്റീനായ്ക്ക് ഈ ചിത്രത്തിന്റെ മാതൃക നമ്മുടെ കര്‍ത്താവീശോമിശിഹാ വെളിപ്പെടുത്തിക്കൊടുത്തത്. അവള് തന്റെ ഡയറിയില്‍ എഴുതി, ‘സായാഹ്നത്തില്‍ എന്റെ കൊച്ചുമുറിയിലായിരുന്നപ്പോള്, കര്‍ത്താവീശോമിശിഹായെ ധവളവസ്ത്രധാരിയായി ഞാന്‍ ദര്‍ശിച്ചു. ഒരു കരം ആശീര്‍വദിക്കുന്ന രൂപത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മറ്റെ കരം ഉടുപ്പില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ നെഞ്ചോട് ചേര്‍ത്താണു പിടിച്ചിരുന്നത്. നെഞ്ചിന്റെ ഭാഗത്തെ ഉടുപ്പ് അല്പം ഒരു വശത്തേക്കു മാറി, അതിനുള്ളില്‍നിന്നു ചുവപ്പും വെളുപ്പും നിറത്തില്‍ രണ്ടു വലിയ പ്രകാശകിരണങ്ങള്‍ പ്രസരിച്ചിരുന്നു.
അല്പസമയത്തിനു ശേഷം ഈശോ അരുളിച്ചെയ്തു. ‘ഈശോയെ, അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു’ എന്ന കൈയൊപ്പോടുകൂടി, നീ ഇപ്പോള്‍ എന്നെ കാണുന്ന മാതൃകയില്‍ ഒരു ചിത്രം പെയിന്റു ചെയ്യണം’ (ഡയറി 47). ‘ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ഈ ഛായാചിത്രം സാഘോഷം വണങ്ങപ്പെടണമെന്നു ഞാന്‍ അഭിലഷിക്കുന്നു. ആ ഞായറാഴ്ച ദൈവകരുണയുടെ തിരുനാള്ദിനമായിരിക്കും’ (ഡയറി 49).
ഇതുകൂടാതെ, ആ ദിവസത്തെ ആരാധനാക്രമങ്ങള്‍ ഈ ഛായാചിത്രത്തോട് വളരെയധികം സാധര്‍മ്മ്യം പുലര്‍ത്തുന്നതാണ്. ആ ദിവസം തിരുസ്സഭാമാതാവ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ സെഹിയോന്‍ ഊട്ടുശാലയില് ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെടുന്നതും, അനുരഞ്ജനത്തിന്റെ കൂദാശ സ്ഥാപിക്കുന്നതുമായ സുവിശേഷഭാഗമാണ് ആരാധനാക്രമത്തില്‍ വായിക്കുന്നത് (യോഹ. 20:19-29). അതുപോലെ തന്നെ തന്റെ പീഡാനുഭവവും കുരിശുമരണവും, മനുഷ്യരാശിക്കു ദൈവവുമായുള്ള അനുരഞ്ജനം വഴി, സമാധാനം നേടിക്കൊടുത്തു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഈശോയെയാണ് ഈ ഛായാചിത്രം പ്രതിനിധീകരിക്കുന്നത്.
കുന്തത്താല്‍ (ഛായാചിത്രത്തില്‍ അദൃശ്യമാണ്) കുത്തിത്തുറക്കപ്പെട്ട, തിരുഹൃദയത്തില്‍നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തത്തിന്റെയും തിരുജലത്തിന്റെയും കിരണങ്ങളും, കുരിശില്‍ തറയ്ക്കപ്പെട്ടതിന്റെ ആണിപ്പഴുതുകളും ദുഃഖവെള്ളിയാഴ്ചത്തെ സംഭവങ്ങള്‍ നമ്മുടെ ഓര്‍മ്മയിലേക്കു കൊണ്ടുവരുന്നു (യോഹ. 19:17-18; 33-37). അതിനാല്‍ ഈ ഛായാചിത്രം, മനുഷ്യവര്‍ഗ്ഗത്തോടുള്ള ദൈവസ്നേഹത്തെ പ്രകാശിപ്പിക്കുന്ന ഏറ്റവും ഉന്നതമായ രണ്ടു സുവിശേഷസംഭവങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നു.
രണ്ടു കിരണങ്ങള്‍, ഈശോയുടെ ഈ ചിത്രത്തിലെ വ്യതിരിക്തമായ പ്രത്യേകതകളാണ്. ഇതിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, നമ്മുടെ കര്ത്താവീശോമിശഹാ ഇങ്ങനെ ഉത്തരമരുളി: വെളുത്ത കിരണം ആത്മാക്കളെ വിശുദ്ധീകരിക്കുന്ന തിരുജലത്തെയും, ചുവപ്പു കിരണം ആത്മാവിന്റെ ജീവനായ തിരുരക്തത്തെയും പ്രതിനിധീകരിക്കുന്നു. അതിന്റെ സംരക്ഷണത്തില്‍ വസിക്കുന്നവര്‍ എത്രയോ ഭാഗ്യവാന്മാര് (ഡയറി 299). കൂദാശകളായ മാമ്മോദീസായും കുമ്പസാരവും ആത്മാക്കളെ വിശുദ്ധീകരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാന അതിനെ സമൃദ്ധമായി പരിപോഷിപ്പിക്കുന്നു. അതിനാല്‍ ഈ കിരണങ്ങള്‍ വിശുദ്ധ കൂദാശകളെയാണു സൂചിപ്പിക്കുന്നത്. അതുപോലെതന്നെ, ബൈബിളില്‍ പരിശുദ്ധാത്മാവിന്റെ പ്രതീകമായ ജലം, പരിശുദ്ധാത്മാവിന്റെ എല്ലാ വരദാനങ്ങളെയും: രക്തം, ക്രിസ്തുവിന്റെ തിരുരക്തം വഴി ഉറപ്പിച്ച ദൈവവും മനുഷ്യനും തമ്മിലുള്ള പുതിയ ഉടമ്പടിയെയും സൂചിപ്പിക്കുന്നു.
കരുണാര്‍ദ്രനായ ഈശോയുടെ ചിത്രം ‘ദൈവകരുണയുടെ ചിത്ര’മെന്നാണ് അറിയപ്പെടുന്നത്, അതു തീര്‍ത്തും അര്‍ത്ഥവത്താണ്; കാരണം ഒന്നാമതായി ഈശോയുടെ പെസഹാരഹസ്യങ്ങളിലൂടെയാണ് മനുഷ്യരാശിയോടുള്ള ദൈവസ്നേഹം ഏറ്റവും സ്പഷ്ടമായി വെളിപ്പെടുത്തപ്പെട്ടത്.
ഈ ചിത്രം ദൈവകരുണയെ പ്രകാശിപ്പിക്കുക മാത്രമല്ല; ക്രൈസ്തവന് എന്ന നിലയില്‍ ഒരുവന്റെ ദൈവശ്രയത്വത്തെയും, അയല്‍ക്കാരനോടുള്ള പ്രവര്‍ത്തനനിരതമായ സ്നേഹത്തെയും ഓര്‍മ്മപ്പെടുത്തുന്ന ഒരു അടയാളമായും നിലകൊള്ളുന്നു. ഈശോയുടെ അഭീഷ്ടപ്രകാരം ഈ ചിത്രം ‘ഈശോയെ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു’ എന്ന കൈയൊപ്പോടുകൂടിയതാണ്. ഈശോ അരുളിച്ചെയ്തു, ‘ഈ ചിത്രം ദൈവകരുണയുടെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും; കാരണം, ഏറ്റവും ശക്തമായ വിശ്വാസംപോലും പ്രവൃത്തികൂടാതെ പ്രയോജനരഹിതമായിരിക്കും’ (ഡയറി 742).
ഈ ചിത്രത്തെ വണങ്ങുക എന്നു പറഞ്ഞാല്‍ ക്രൈസ്തവ മനോഭാവമായ ശരണവും കാരുണ്യവും അഭ്യസിക്കുകയാണ്. നമ്മുടെ കര്‍ത്താവീശോമിശിഹാ പ്രത്യേക വാഗ്ദാനങ്ങള്‍ ഇതിനോടു ചേര്‍ത്തിട്ടുണ്ട്. അവ: നിത്യരക്ഷ, ക്രൈസ്തവപരിപൂര്ണ്ണതയിലേക്കുള്ള വളര്‍ച്ച, സമാധാനപൂര്‍ണ്ണമായ മരണം, കൂടാതെ തന്നില്‍ ശരണം മുഴുവന്‍ സമര്‍പ്പിച്ച് മനുഷ്യര്‍ ചോദിക്കുന്ന എല്ലാ കൃപകളും, ‘ഈ ചിത്രം വഴിയായി വളരെയധികം അനുഗ്രഹങ്ങള്‍ ഞാന്‍ ആത്മാവില്‍ വര്‍ഷിക്കും. എല്ലാ ആത്മാക്കളും അവ വന്നു സ്വീകരിക്കട്ടെ’ (ഡയറി 570).
(തുടരും)