കൃപാസനത്തിലെ വി. പി. അച്ചന്
ഒരു കത്തോലിക്കാ പുരോഹിതനെ കേരള സാഹിത്യ അക്കാദമി ആദരിക്കുക എന്നത് ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 2016 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായത് കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടര്‍ വി പി അച്ചന് എന്ന് വിളിക്കപ്പെടുന്ന ഫാ. ജോസഫ് വലിയവീട്ടില്‍ ആണ്. ചവിട്ടു നാടകത്തെ കുറിച്ച് അദ്ദേഹം നടത്തിയ ഗഹനമായ ഗവേഷണങ്ങള്‍ക്ക് മലയാള സാഹിത്യം നല്കിയ അംഗീകാരം തന്നെയായിരുന്നു, ആ പുരസ്കാരം.
1960-ല്‍ ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പള്ളിത്തോട്ടില്‍ ജനിച്ച വി. പി. അച്ചന് എഴുത്തുകാരന്, പ്രഭാഷകന്‍, ചരിത്രഗവേഷകന്, സോഷ്യല്‍ ആക്ടിവിസ്റ്റ്്, കലാകാരന്, കലാസംവിധായകന്‍, കൗണ്‍സിലര്‍, ധ്യാനഗുരു എന്നീ നിലകളില്‍ ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. 1985-ല്‍ ആയിരുന്നു, അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ ധ്യാനങ്ങളിലൂടെ ഒരക്കോടിയിലധികം ജനങ്ങളെ ധ്യാനിപ്പിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാ കൗണ്‍സിലിംഗിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ അച്ചന് വ്യാപൃതനാണ്.
സാമൂഹ്യസമാധാനത്തിന് വേണ്ടി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചതിന് ഡോ. കെ.ആര്.നാരായണന് നാഷണല്‍ ഫൗണ്ടേഷന് സമാധാനപുരസ്ക്കാരവും കയര്‍തൊഴിലാളി മേഖലയിലെ സ്ത്രീശാക്തീകരണത്തിന് സഹായിച്ച നാടന്‍ മോട്ടോര്‍ റാഡിന്റെ കണ്ടുപിടിത്തത്തിന് കയര്‍ബോര്‍ഡ്, നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ അച്ചനെ ചവിട്ടുനാടക വിജ്ഞാനകോശം ഡോക്യുമെന്റേഷന് 2008-ല്‍ കേന്ദ്രഗവണ്മെന്റിന്റെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും 2014-ല്‍ ഇന്റര്‍ നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റും നല്കി ആദരിച്ചു. കേരള സാഹിത്യ അക്കാദമിയിലും, ഫോക്ലോര് അക്കാദമിയിലും അംഗത്വം വഹിച്ചിട്ടുണ്ട്. കേരള മദ്യനിരോധന സമിതിയുടെ ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ലഹരിവിരുദ്ധ മേഖലയില്‍ ഒട്ടേറെ സ്തുത്യര്‍ഹമായ സാമൂഹ്യസേവനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.