രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 6
8) സഭ: ദൃശ്യവും ആത്മികവുമായ യാഥാര്‍ത്ഥ്യം
ഏകമദ്ധ്യസ്ഥനായ മിശിഹാ തന്റെ വിശുദ്ധസഭയെ ഇവിടെ ഈ ഭൂമിയില്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമൂഹമായി, ഒരു ദൃശ്യസംവിധാനമായി സ്ഥാപിക്കുകയും നിരന്തരം നിലനിറുത്തുകയും ചെയ്യുന്നു. അവള് വഴി സത്യവും കൃപയും എല്ലാവരിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. സഭ ഹയരാര്‍ക്കിക്കല്‍ ഘടകങ്ങളാല്‍ നിര്‍മിതമായ സമൂഹവും മിശിഹായുടെ നിഗൂഢശരീരവും ദൃശ്യസംഘടനയും സഭയും രണ്ടു യാഥാര്‍ത്ഥ്യങ്ങളായി പരിഗണിക്കപ്പെടരുത്. മറിച്ച് അത് ഒരു സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യമായിത്തീരുന്നു – മാനുഷികവും ദൈവികവുമായ ഘടകങ്ങളാല്‍ സംയോജിതമായി. അതിനാല്‍ അവതാരം ചെയ്ത ‘വചന’ത്തിന്റെ രഹസ്യത്തോട് അവളെ താരതമ്യപ്പെടുത്തുന്നത് തികച്ചും ഉചിതമാണ്. എന്തുകൊണ്ടെന്നാല്‍, സ്വീകരിക്കപ്പെട്ട സ്വഭാവം ദൈവവചനത്തോട് അവിഭാജ്യമാംവിധം യോജിച്ചുകൊണ്ട് രക്ഷയുടെ സജീവ ഘടകമായി പ്രയോജകീഭവിക്കുന്നതുപോലെ സഭയുടെ സാമൂഹിക ഘടന സഭയെ സജീവമാക്കുന്ന മിശിഹായുടെ അരൂപിയോടു യോജിച്ചുകൊണ്ട് സഭാഗാത്രത്തിന്റെ വളര്‍ച്ചയ്ക്കു പ്രയോജകീഭവിക്കുന്നു (എഫേ 4:16).
ഇതാണ് വിശ്വാസപ്രമാണത്തില്‍ ഏകവും പരിശുദ്ധവും കാത്തോലികവും ശ്ലൈഹികവുമെന്നു നാം ഏറ്റുപറയുന്ന മിശിഹായുടെ ഒരേയൊരു സഭ. ഇതിനെയാണ് ഉത്ഥാനത്തിനു ശേഷം നമ്മുടെ രക്ഷകന് പത്രോസിനെ മേയ്ക്കുവാനേല്പിച്ചതും (യോഹ 21:17) പ്രചരിപ്പിക്കാനും ഭരിക്കാനും അദ്ദേഹത്തെയും മറ്റ് ശ്ലീഹന്മാരെയും നിയോഗിച്ചതും (മത്താ. 28:18) സത്യത്തിന്റെ ‘തൂണും താങ്ങു’മായി (1 തിമോ 3:15) എന്നെന്നേക്കുമായി ഉയര്‍ത്തിയതും ഈ തിരുസ്സഭ, ഈ ലോകത്തില്‍ സംസ്ഥാപിതവും ക്രമവത്കൃതവുമായ സമൂഹമെന്ന നിലയില്‍, കത്തോലിക്കാസഭയില്‍ നിലനില്ക്കുന്നു; പത്രോസിന്റെ പിന്‍ഗാമിയാലും അദ്ദേഹത്തിന്റെ കൂട്ടായ്മയിലുള്ള മെത്രാന്മാരാലും ഭരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൂട്ടായ്മയ്ക്കപ്പുറത്ത് വിശുദ്ധീകരണത്തിന്റെയും സത്യത്തിന്റെയും വളരെയേറെ ഘടകങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും മിശിഹായുടെ സത്യസഭയുടെ വരങ്ങള്‍ എന്ന നിലയ്ക്ക് അവ കത്തോലിക്കാ ഐക്യത്തിലേക്കു പ്രേരിപ്പിക്കുന്നവയാണ്.
മിശിഹാ ദാരിദ്ര്യത്തിലും പീഡാസഹനത്തിലുംകൂടെ രക്ഷാകര്‍മം പൂര്‍ത്തിയാക്കിയതുപോലെ, തിരുസഭയും മനുഷ്യര്‍ക്ക് രക്ഷയുടെ ഫലം പകരുന്നതിനായി ഈ വഴിയില്‍ത്തന്നെ പ്രവേശിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈശോമിശിഹാ ‘ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും തന്നത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു’ (ഫിലി 2:6). ‘സമ്പന്നനായിരുന്നിട്ടും അവന് നമുക്കുവേണ്ടി ദരിദ്രനായി’ (2 കോറഇ 8:9). ഇതുപോലെതന്നെ തിരുസഭയ്ക്ക് തന്റെ ദൗത്യത്തിനുവേണ്ടി മനുഷ്യന്റെ സമ്പത്ത് ആവശ്യമാണെങ്കിലും അവള് നിയമിക്കപ്പെട്ടിരിക്കുന്നത് ലൗകിക മഹത്വത്തിനായല്ല. എളിമയിലേക്കും സ്വയം പരിത്യാഗത്തിലേക്കുമാണ്. അവ സ്വന്തം മാതൃക വഴി പ്രചരിപ്പിക്കുന്നതിനുമാണ്. മിശിഹാ പിതാവിനാല്‍ അയയ്ക്കപ്പെട്ടത്, ‘ദരിദ്രരെ സുവിശേഷം അറിയിക്കാനും… ഹൃദയം തകര്‍ന്നവരെ സുഖപ്പെടുത്താനും (ലൂക്ക 4:18) നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനും’ (ലൂക്ക 19:10) ആണ്. അതുപോലെതന്നെ തിരുസഭ മനുഷ്യസഹജമായ ബലഹീനതയാല്‍ അവശരായവരെയെല്ലാം സ്നേഹം കൊണ്ടു പൊതിഞ്ഞ്, ദരിദ്രരിലും പീഡിതരിലും ദരിദ്രനും പീഡിതനുമായ തന്റെ സ്ഥാപകന്റെ പ്രതിച്ഛായ ദര്‍ശിച്ച്, അവരുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അവരില്‍ മിശിഹായെ ശുശ്രൂഷിക്കാന്‍ ഓടിയെത്തുന്നു, മിശിഹാ ‘പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും’ (ഹെബ്രാ 7:26) ‘പാപം അറിയാത്തവനും’ (2കോറി 5:21) ആയിരുന്നിട്ടും ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യാന്‍ വേണ്ടിവന്നു (ഹെബ്രാ 2:17). തിരുസഭയാകട്ടെ, പാപികളെ തന്റെ മാറോടണച്ച്, എപ്പോഴും പരിശുദ്ധയും അതേ സമയം വിശുദ്ധീകരിക്കപ്പെടേണ്ടവളുമായി പശ്ചാത്താപത്തെയും നവീകരണത്തെയും നിരന്തരം പിന്തുടരുന്നു.
‘ലോകത്തിന്റെ ഞെരുക്കങ്ങളുടെയും ദൈവത്തിന്റെ ദൈവത്തിന്റെ സമാശ്വാസങ്ങളുടെയും മദ്ധ്യേ പ്രവാസജീവിതത്തില്‍’ സഭ കര്‍ത്താവിന്റെ കുരിശഉം മരണവും പ്രഖ്യാപിച്ചുകൊണ്ട്, അവന് വരുന്നതുവരെ മുന്നേറുകയാണ് (1 കോറി 11:26). ഉത്ഥിതനായ കര്‍ത്താവിന്റെ ശക്തിയാല്‍ അവള് ശക്തി പ്രാപിക്കുന്നു. അതുവഴി ആന്തരികവും ബാഹ്യവുമായ ക്ലേശങ്ങളും പ്രതിബന്ധങ്ങളും ക്ഷമയോടും സ്നേഹത്തോടുംകൂടെ തരണം ചെയ്യുന്നു. അവന്റെ രഹസ്യം, നിഴലുകളില്ക്കൂടെയെന്നതുപോലെയാണെങ്കിലും, അന്ത്യനാളില്‍ പൂര്‍ണവെളിച്ചത്തില്‍ പ്രകാശിപ്പിക്കപ്പെടുന്നതുവരെ, വിശ്വസ്തതാപൂര്‍വം ലോകത്തില്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
(തുടരും)