ഹൃദയശാന്തതയും എളിമയുമുള്ള ഈശോ

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി പരമ്പരാഗതമായി് നമ്മുടെ സഭയില്‍ നിലവിലുള്ളതാണ്. ആ ഭക്തി ഓരോ കത്തോലിക്കാ കുടുംബങ്ങളോടും ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം നമ്മുടെ എല്ലാ ഭവനങ്ങളിലും ഉള്ളതാണല്ലോ…

എന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന ഏറ്റവും വലിയ ഓര്‍മ എന്റെ മാതാപിതാക്കള്‍ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട വീടാണ് എന്ന് പറഞ്ഞ്, തിരുഹൃദയ പ്രതിഷ്ഠയുടെ രൂപം കാണിച്ചുതന്ന് തിരുഹൃദയത്തിലേക്ക് നോക്കാന്‍ എന്നോട് പറഞ്ഞതാണ്. ഈശോയുടെ തിരുഹൃദയരൂപത്തിലേക്ക് നോക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു മുറിവുണ്ട്. ആ മുറിപ്പാടിനൊപ്പം ഉയരുന്ന അഗ്നി. ഇതെന്റെ ഹൃദയത്തെ ഒരുപാട് ചിന്തിപ്പിച്ചിച്ചിട്ടുണ്ട്.

അന്നൊക്കെ എന്റെ ചിന്ത എന്തുകൊണ്ട് ഈ മുറിവ് ഹൃദയത്തില്‍ ഈശോ ഏറ്റുവാങ്ങി? അവിടെ കത്തുന്ന ആ ജ്വാലയുടെ അര്‍ത്ഥമെന്താണ്? ഇങ്ങനെയൊക്കെയിരുന്നു. എന്നാല്‍ എനിക്ക് അധികം വൈകാതെ അതിന്റെ അര്‍ഥം പിടികിട്ടി. മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പാരമ്യതയാണത്. (അങ്ങനെ പറയുന്നത് ഒരു പഠനം മാത്രമാണ്.) അതിന്റെ ഭാഗമായിട്ടാണ് ഈശോ മുറിവേറ്റതും ആ ഹൃദയത്തില്‍ മനുഷ്യരോടുള്ള സ്‌നേഹം ആളിക്കത്തുന്നതും. പക്ഷേ കാലങ്ങള്‍ കഴിഞ്ഞപ്പോഴാണ് മനുഷ്യരോട് എന്നുള്ളതിന് പകരമായി ‘എന്നോട്’ എന്ന നിലയില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. എന്നോടുള്ള സ്‌നേഹത്തെ പ്രതി ആ ഹൃദയം തുറന്ന് എനിക്ക് അവിടെ ഇടം തന്നു. എന്നോടുള്ള സ്‌നേഹത്തെപ്രതി ഈശോയുടെ സ്‌നേഹം ഹൃദയത്തില്‍ ആളികത്തുന്നു. അതുകൊണ്ടുതന്നെ കുടുംബപ്രതിഷ്ഠ നടത്തിയ ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം കാണുമ്പോള്‍ കുടുംബത്തോടുള്ള സ്‌നേഹമോ, മാനവരാശിയോടുള്ള സ്‌നേഹമോ അങ്ങനെയൊന്നുമല്ല…

വ്യക്തിപരമായി എന്നോടുള്ള സ്‌നേഹത്തെപ്രതിയാണല്ലോ ഈശോയെ അങ്ങ് ഹൃദയത്തില്‍ ഈ മുറിവ് ഏറ്റുവാങ്ങേണ്ടി വന്നത് എന്ന ചിന്തയാണ് ഉയര്‍ന്നിട്ടുളളത്. ആ സ്‌നേഹമാണല്ലോ ഇപ്പോഴും അവിടെ കത്തിക്കൊണ്ടിരിക്കുന്നത്. സ്‌നേഹത്തില്‍ ഒന്ന് എരിയുവാന്‍ തക്കവണ്ണം എന്റെ ഹൃദയത്തിലും ഒരു എരിവുണ്ടാക്കിത്തരണമേ എന്നുള്ളൊരു പ്രാര്‍ത്ഥന ഉളളിലുയര്‍ന്നു.

അപ്രകാരമുള്ളൊരു പ്രാര്‍ഥനയില്‍ എന്നെ സ്പര്‍ശിച്ച മറ്റൊരു ഭക്തിയാണ് തിരുഹൃദയവണക്കമാസം.
ചെറുപ്പകാലങ്ങളില്‍ വണക്കമാസത്തിലെ ഓരോ ദിവസവും ഈശോയുടെ തിരുഹൃദയത്തിന്റെ ഓരോ സവിശേഷതകള്‍ ധ്യാനവിഷയമാക്കുക എനിക്ക് ഏറെയിഷ്ടമുളള കാര്യമായിരുന്നു. ഇന്നിപ്പോള്‍ നമ്മുടെ കുടുംബങ്ങളില്‍നിന്ന് തിരുഹൃദയവണക്കമാസം പ്രായോഗികമായി അപ്രത്യക്ഷമായെന്ന് പറയാം.

എന്നെ സ്പര്‍ശിച്ച മൂന്നാമത്തെ കാര്യം തിരുഹൃദയ കൊന്തയാണ്.

നാലാമതായി മാസാദ്യ വെള്ളിയാഴ്ച നടത്തുന്ന ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രതിഷ്ഠയാണ്. അന്നാണല്ലോ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നത്. ഈ മൂന്നും നാലും കാര്യങ്ങളെ ബന്ധപ്പെടുത്തിയുള്ള കൊച്ചു ചിന്തകള്‍ പങ്കുവയ്ക്കുകയാണ്.
തിരുഹൃദയനിറവില്‍ വെള്ളിയാഴ്ചകളിലാണ് ഞങ്ങളുടെ ഭവനങ്ങളില്‍ തിരുഹൃദയക്കൊന്ത ചൊല്ലാറുള്ളത്. ആ കൊന്തയില്‍ ‘ഈശോയുടെ മാധുര്യമേറുന്ന ഹൃദയമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു..’ എന്ന് ചൊല്ലാറുണ്ടല്ലോ. ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ മനസില്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രാര്‍ത്ഥനയാണ്, ‘ഈശോയുടെ മാധുര്യമേറുന്ന ഹൃദയമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ, എന്റെമേല്‍ കരുണയായിരിക്കണമേ, എന്റെമേല്‍ രക്ഷയായിരിക്കണമേ.’
പ്രാര്‍ഥനയുടെ ഇടവേളയില്‍ മനസില്‍ ഞാന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയാണിത്. ഞാന്‍ എന്ന വ്യക്തിയും ഈശോയുടെ ഹൃദയവും തമ്മിലുള്ളൊരു ഐക്യപ്പെടലായിരുന്നു അത്. ആ ഹൃദയത്തില്‍ ഒരിടം കിട്ടണം, ഈശോ എന്നെ സ്‌നേഹിക്കുന്നതിന്റെ കോടിയിലൊരു അംശമെങ്കിലും ഈശോയെ ഞാന്‍ സ്‌നേഹിക്കുന്നതിന്റെ എരിവ് എന്റെ ഹൃദയത്തിലും നിലനിര്‍ത്തണമേ എന്നാണ് ഞാന്‍ പ്രാര്‍ഥിച്ചത്. ആ എരിവ് എന്റെ ഹൃദയത്തില്‍ ഉണ്ട് എന്നുളളതിന്റെ അടയാളങ്ങള്‍ എന്റെ ജീവിതത്തിലും പ്രകടമാക്കാന്‍വേണ്ടിയിട്ടാണ് ഈശോയെ കരുണയായിരിക്കണമേ, അനുഗ്രഹമായിരിക്കണമേ എന്നു പ്രാര്‍ത്ഥിച്ചിരുന്നത്.

പത്തുപ്രാവശ്യം ഇപ്രകാരം ചൊല്ലിക്കഴിഞ്ഞിട്ട് പിന്നീട് പ്രാര്‍ത്ഥിക്കുന്നൊരു പ്രാര്‍ത്ഥനയാണല്ലോ ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, എന്റെ ഹൃദയം അങ്ങേ ഹൃദയംപോലെ ആക്കിത്തീര്‍ക്കണമേ എന്ന്.

ഞാന്‍ ആലോചിച്ചു. എന്താണ് ഈ ഹൃദയശാന്തത? ഇതിനര്‍ത്ഥം ദൈവാത്മാവ് നമ്മില്‍ വസിക്കുന്നു എന്നതാണ്. തിരുഹൃദയത്തോട് പ്രാര്‍ഥിക്കുന്നത് ദൈവമേ, അങ്ങ് എന്നില്‍ വസിക്കുവോളം എന്റെ ആത്മാവ് ശാന്തമായിരിക്കും എന്നാണ്. അങ്ങ് എന്നില്‍ ഇല്ലെങ്കില്‍, അങ്ങ് എന്നില്‍ നിറഞ്ഞിരിക്കുന്നില്ലെങ്കില്‍, അങ്ങ് എന്നില്‍ മറഞ്ഞിരുന്നാലും നിറഞ്ഞിരിക്കുന്നില്ലെങ്കില്‍ എന്റെ ആത്മാവ് അശാന്തമായിരിക്കും.
അങ്ങ് നിറഞ്ഞിരിക്കുന്നില്ല എന്നുള്ളതിന്റെ അടയാളങ്ങളാണല്ലോ എന്നില്‍ വരുന്ന ദുര്‍മോഹങ്ങളും എന്നിലെ ആസക്തികളും എന്നിലെ അസൂയ തുടങ്ങിയുള്ള എല്ലാ തിന്മകളും.ഈ ലോകം എന്നിലേക്ക് വച്ചുനീട്ടുന്ന തിന്മകള്‍ എന്റെ ഹൃദയത്തിലേക്ക് വരുമ്പോഴാണ് എന്റെ ഹൃദയത്തില്‍ ഈശോയ്ക്ക് വസിക്കാന്‍ ഇടമില്ലാതെ പോകുന്നത്. അപ്രകാരമുള്ള അശാന്തി കാണുമ്പോഴാണ് ഈ ലോകം എന്നില്‍ ഏല്‍പിച്ച കളങ്കങ്ങള്‍ കഴുകിക്കളഞ്ഞ് വീണ്ടും ഈശോയുടെ ഹൃദയത്തോട് ശാന്തതയോടുകൂടി അനുരൂപപ്പെടുവാനായി നാം കുമ്പസാരിക്കുന്നത്. ഹൃദയശാന്തത എന്നു പറയുന്നത് ഈശോയുടെ ഹൃദയത്തിന്റെ സ്‌നേഹത്തിന്റെ എരിവ് ഉള്ളില്‍ ഏറ്റുവാങ്ങുമ്പോഴാണ്. ആ എരിവ് ഉള്ളിലുള്ളപ്പോള്‍ മറ്റൊന്നിനോടും നമുക്ക് സ്‌നേഹമുണ്ടാകില്ല. ഈശോയെ സ്‌നേഹിക്കുക എന്നു പറയുന്നത്, ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഈശോയുടെ സ്‌നേഹത്തിന് നിരക്കാത്ത എല്ലാത്തിനെയും ത്യജിക്കാനും അകറ്റിനിര്‍ത്താനും മാറ്റിനിര്‍ത്താനും കഴിയുന്നതാണ്. അത്രമാത്രം തീക്ഷ്ണമാണ് ഈശോയുടെ തിരുഹൃദയത്തിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ചിന്ത.

രണ്ടാമത്തെ ചിന്ത എളിമയാണ്. ചെറുപ്പത്തില്‍ എന്നെ പഠിപ്പിച്ച കര്‍മലീത്ത സിസ്റ്റര്‍മാര്‍ പഠിപ്പിച്ച പാട്ടാണ് ‘താണ നിലത്തേ നീരോടു, അതിനേ ദൈവം തുണയേകൂ’ എന്ന്. എന്തുമാകട്ടെ, ഞാന്‍ ഒന്നും അല്ലാത്തവനും ഒന്നും ഇല്ലാത്തവനും ആണെന്നുളള ഓര്‍മപ്പെടുത്തലാണത്.
എനിക്കുള്ളതെല്ലാം ദൈവം തന്നതാണ്. സര്‍വതും നിന്‍ ദാനം എന്നു പറഞ്ഞ് നാം പാടുന്നില്ലേ. സര്‍വതും ദൈവദാനമാണെങ്കില്‍ പിന്നെ എനിക്ക് എന്താണ് ഉള്ളത്?

ഞാന്‍ എന്നില്‍ ഊറ്റംകൊള്ളുന്നത് അഹങ്കാരമാണ്.
ഞാന്‍ ഒന്നുമല്ലാത്തവനും ഒന്നുമില്ലാത്തവനുമാണെന്ന ചിന്തയോടെ ദൈവതിരുമുമ്പില്‍ താഴ്മയോടെ നില്‍ക്കുവാന് കഴിയണം. തക്കസമയത്ത് ഈശോ എന്നിലൂടെ പ്രവര്‍ത്തിച്ചുകൊള്ളും എന്നുള്ള പൂര്‍ണമായ സമര്‍പ്പണം നമ്മെ മാറ്റിമറിക്കും.
സമ്പൂര്‍ണമായ താഴ്മയോടുകൂടി, വിനീത ഹൃദയത്തോടെ നിന്നാല്‍ ഈശോയുടെ ഹൃദയത്തിന്റെ ശാന്തതയും എളിമയും ഏറ്റുവാങ്ങാന്‍ സാധിക്കും.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, എന്റെ ഹൃദയം അങ്ങേ ഹൃദയത്തിന് ഒത്തതാക്കിത്തീര്‍ക്കണമേ എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ മനസില്‍ വരുന്ന ചിന്ത ഇതാണ്. ഞാന്‍ എന്തോ ആണെന്ന് ധരിക്കുമ്പോഴും എനിക്ക് എന്തോ ഉണ്ടെന്ന് ധരിക്കുമ്പോഴുമാണ് ഹൃദയത്തില്‍ അഹങ്കാരം ഉയരുന്നത്. അപ്പോള്‍ ഒന്നും അല്ലാത്തവനും ഒന്നും ഇല്ലാത്തവനും എന്ന ചിന്തയിലേക്ക് മനസിനെ താഴ്ത്തുക.
ഉദാഹരണത്തിന്, സ്വിച്ചിട്ടാല്‍ വിളക്ക് തെളിയുന്നു, സ്വിച്ച് ഓഫാക്കിയാല്‍ വിളക്ക് കെടുന്നു. ഇതുപോലെ ഈശോ ഒരു സ്വിച്ചിട്ടപ്പോള്‍ ഞാന്‍ ഈ ലോകത്തിലേക്ക് വന്നു, എനിക്കാവശ്യമുള്ളതെല്ലാം ഈശോ തന്നു. സ്വിച്ച് ഓഫാക്കുമ്പോള്‍ ഞാന്‍ ഈശോയുടെ അടുത്തേക്ക് തിരിച്ചുപോകണം. മടക്കയാത്രയില്‍ ഒന്നും കയ്യില്‍ കരുതുവാനോ ഒന്നും കൊണ്ടുപോകുവാനോ കഴിയില്ലല്ലോ.
ഒന്നുമില്ലാത്തവനും ഒന്നുമല്ലാത്തവനും ആണെന്നുള്ള ചിന്തയില്‍ ദുര്‍മോഹങ്ങളെ മനസില്‍നിന്ന് അകറ്റി ഹൃദയത്തെ വെടിപ്പാക്കിക്കൊണ്ട് മനഃസാക്ഷി നിര്‍മലമാക്കാം എന്നുള്ള പ്രാര്‍ത്ഥനയില്ലേ, മനഃസാക്ഷിയെ നിര്‍മലമാക്കാതെ ഹൃദയത്തെ വെടിപ്പാക്കാന്‍ പറ്റില്ല.
മനഃസാക്ഷിയെ നിര്‍മ്മലമാക്കുക എന്നു പറയുമ്പോള്‍ മനസിന് ദൈവാത്മാവ് സാക്ഷിയാകുന്നു എന്നര്‍ത്ഥം. മനസ് സാക്ഷിയാകുമ്പോള്‍ ദൈവാത്മാവും സാക്ഷിയാകും. നമ്മുടെ അകൃത്യങ്ങള്‍, ചെയ്യുന്നതും പറയുന്നതും ചിന്തിക്കുന്നതുമായ ദുര്‍മോഹങ്ങളുടെയും വൈരാഗ്യങ്ങളുടെയും ദുരാഗ്രഹങ്ങളുടെയും എല്ലാ അശുദ്ധിയും മനസില്‍നിന്ന് മാറ്റിക്കളയാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈശോയുടെ തിരുഹൃദയത്തിന്റെ എരിവ് അനുഭവിക്കാന്‍ സാധിക്കും.

ഇതിന് സഹായിക്കുന്ന ഒന്നാണ് മറിയത്തിന്റെ വിമലഹൃദയം. അതുകൊണ്ടാണ് തിരുഹൃദയ കൊന്തയില്‍ മറിയത്തിന്റെ വിമലഹൃദയമേ എന്നുള്ള പ്രാര്‍ത്ഥനകൂടി ഏറ്റുചൊല്ലാന്‍ കാരണം. മാതാവിന്റെ വിമലഹൃദയം ഇപ്രകാരം ഈശോയുടെ വിമലഹൃദയത്തിന്റെ സ്‌നേഹത്തിന്റെ എരിവ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മനുഷ്യഹൃദയമാണ്. മാതാവിനോടുളള മധ്യസ്ഥം ഈശോയോടുള്ള ഭക്തിയില്‍ വളരാന്‍ നമ്മെ സഹായിക്കും.
തിരുഹൃദയ ഭക്തിയില്‍ എന്നെ സ്പര്‍ശിച്ച മൂന്നാമത്തെ കാര്യം അഭിഷിക്തര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. കുടുംബങ്ങളെ പ്രതിഷ്ഠിക്കുന്നതുപോലെ തന്നെയാണ് അഭിഷിക്ത സമൂഹത്തെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചുള്ള പ്രാര്‍ഥനയും. നിത്യപുരോഹിതനായ ഈശോയെ ഞങ്ങളുടെ അഭിഷിക്തര്‍ക്ക് തിരുഹൃദയത്തില്‍ അഭയം നല്‍കണമേ എന്നാണ് നാം പ്രാര്‍ഥിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തില്‍ അഭയം നല്‍കിയാല്‍ മാത്രമേ അഭിഷിക്ത സമൂഹത്തിന് അഭിഷേകത്തോടെ ശുശ്രൂഷ ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ടാണ് ആ പ്രാര്‍ഥനയില്‍ അങ്ങയുടെ ദിവ്യസ്‌നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നും സംരക്ഷിക്കണമേ എന്ന് നാം പ്രാര്‍ഥിക്കുന്നത്.

വ്യക്തിപരമായി എന്നെ പ്രതി എന്റെ സ്‌നേഹം ആഗ്രഹിച്ചുകൊണ്ട് എനിക്കുവേണ്ടി എരിഞ്ഞുതീരുന്ന ഈശോയുടെ തിരുഹൃദയ സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ മാത്രമേ ലോകത്തിന്റെ തന്ത്രങ്ങളില്‍ പെടാതെയും ലോകവസ്തുക്കളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പറ്റുന്ന വിധം ലോകത്തെ ഒരുക്കാനും അഭിഷിക്ത സമൂഹത്തെ സഹായിക്കുവാനും കഴിയുകയുള്ളൂ. ലോക വസ്തുക്കളില്‍ മനസ് കുടുങ്ങിക്കിടക്കുമ്പോള്‍ ലോകത്തിന്റെ തന്ത്രങ്ങള്‍ സ്വഭാവികമായും വന്നുചേരും. അതുകൊണ്ടാണ് ഈശോ പറഞ്ഞത് നമ്മുടെ വിശുദ്ധിയുടെ തടസം വ്യഗ്രതയാണെന്ന്. അതിനാല്‍ അഭിഷിക്ത സമൂഹത്തിന് ലോകത്തിന്റെ തന്ത്രങ്ങളില്‍ പെടാതെ ഈശോയുടെ തിരുഹൃദയത്തില്‍ അഭയം ലഭിക്കാനായി ശക്തമായി പ്രാര്‍ഥിക്കാം.

തിരുഹൃദയപ്രതിഷ്ഠ

തിരുഹൃദയ ഭക്തിയില്‍ എന്നെ സ്പര്‍ശിച്ച നാലാമത്തെ കാര്യം മാസാദ്യ വെള്ളിയാഴ്ചകളില്‍ കുടുംബത്തില്‍ നടത്തുന്ന തിരുഹൃദയ പ്രതിഷ്ഠയാണ്. ‘ഞങ്ങളുടെ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമേ’ എന്നുള്ള പ്രാര്‍ത്ഥന എത്രയോ ഹൃദ്യമാണ്. ഈശോ ഒരു കുടുംബത്തില്‍ രാജാവായി വാഴുമ്പോള്‍ അവിടുത്തെ പ്രജകള്‍ അതായത് കുടുംബാംഗങ്ങള്‍ എല്ലാവരും ഈശോയുടെ തിരുഹൃദയം കാണിച്ചുതന്ന അതേ സ്‌നേഹത്തിന്റെ തലത്തിലേക്ക് ഉയരും.
ഈശോയുടെ തിരുഹൃദയത്തിന്റെ സ്‌നേഹത്തിന്റെ തലമെന്നു പറയുന്നത് എന്നെ രക്ഷിക്കാന്‍വേണ്ടി ഈശോയുടെ തിരുഹൃദയം തുറക്കപ്പെട്ടതുപോലെ ഈ കുടുംബത്തിലുള്ള ഓരോരുത്തരെയും പരസ്പരം രക്ഷിക്കാന്‍, വളര്‍ത്താന്‍, വിശുദ്ധീകരിക്കാന്‍ പരസ്പരം നടത്തേണ്ട ഒരു ശുശ്രൂഷ.

എന്താണ് ആ ശുശ്രൂഷ? ത്യാഗപൂര്‍വം നടത്തേണ്ട ശുശ്രൂഷയാണിത്. സ്വന്തം താല്പര്യം മാറ്റിവച്ച്, അവനവന്റെ ജീവിതംപോലും എന്റെ കുടുംബത്തിലുള്ള ഓരോ അംഗത്തിന്റെയും വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും നന്മയ്ക്കും വിശുദ്ധീകരണത്തിനുംവേണ്ടി എന്റെ താല്‍പര്യങ്ങള്‍ മാറ്റിവച്ചും എന്റെ സൗകര്യങ്ങള്‍ മാറ്റിവച്ചും ആവശ്യങ്ങള്‍ ത്യജിച്ചും ആ കുടുംബത്തിലുള്ള മറ്റ് അംഗങ്ങള്‍ക്കുവേണ്ടി ത്യാഗപൂര്‍വം നടത്തുന്ന സ്‌നേഹത്തിന്റെ ഒരു ജീവിതമാണത്.

ആ സ്‌നേഹത്തിന്റെ ജീവിതത്തിലേക്കാണ് ഈശോയുടെ തിരുഹൃദയത്തിന്റെ ചിന്ത. ഈശോയെ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമേ എന്നുള്ള പ്രാര്‍ത്ഥന എന്നെ സ്വാധീനിച്ചിട്ടുള്ളത് അതുകൊണ്ടാണ്. അപ്രകാരം കുടുംബാംഗങ്ങള്‍ മത്സരിച്ച് മറ്റുള്ള ഓരോരുത്തരുടെയും ഉയര്‍ച്ചയ്ക്കും നന്മയ്ക്കും വളര്‍ച്ചയ്ക്കും വിശുദ്ധീകരണത്തിനുമായി നിലകൊള്ളുമ്പോള്‍ അവിടെ കുടുംബത്തില്‍ ഈശോ യഥാര്‍ത്ഥത്തില്‍ രാജാവായി വാഴുന്നു എന്ന് എല്ലാവര്‍ക്കും മനസിലാകും.

ഈശോ രാജാവായി വാഴുമ്പോള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ സ്‌നേഹം എല്ലാവരിലും നിറയും.ആ സ്‌നേഹമെന്ന് പറയുന്നത് മുറിക്കപ്പെടുന്ന സ്‌നേഹമാണ്. അത് ഒരു ആവശ്യത്തിനുവേണ്ടിയുള്ള സ്‌നേഹമല്ല. അത് എക്കാലവും നിലനില്‍ക്കുന്ന സ്‌നേഹമാണ്. കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹമെന്നു പറയുന്നത് കേവലമായ ലൗകിക താല്‍പര്യങ്ങളുടെയോ ലൗകിക ഇടപാടുകളുടെയോ ബന്ധങ്ങളുടെയോ പേരിലുള്ളതല്ല. അതിന് അപ്പുറത്തേക്ക് ദൈവം തന്ന, ദൈവം സ്ഥാപിച്ച കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ സ്ഥായിയായി എന്നന്നേക്കും നിലനില്‍ക്കേണ്ട സ്‌നേഹത്തിന്റെ എരിവാണത്.

അപ്രകാരം ഈശോ എന്നോടുള്ള സ്‌നേഹത്തെപ്രതി എരിയുന്നപോലെ എന്റെ കുടുംബത്തിലുള്ള ഓരോ അംഗത്തെപ്രതിയും എന്റെ ഹൃദയം എരിയുമ്പോള്‍, ആ സ്‌നേഹത്തിന്റെ പ്രകടനങ്ങളായിട്ടുള്ള ത്യാഗങ്ങള്‍ കുടുംബത്തില്‍bഅനുഷ്ഠിക്കുമ്പോള്‍, ഈശോ കുടുംബത്തില്‍ രാജാവായിട്ട് വാഴുന്നു എന്ന് ഓരോരുത്തര്‍ക്കും ബോധ്യമാകും

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles