ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 19
ഈശോയുടെ ദിവ്യഹൃദയം സ്വര്‍ഗ്ഗീയ പിതാവിന്റെ നേരെയുള്ള സ്നേഹത്തിന്റെ മാതൃക
ദിവ്യരക്ഷിതാവായ ഈശോ മനുഷ്യാവതാരം ചെയ്ത് ഈ ലോകത്തിലേക്കു വന്നത് മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മനുഷ്യരുടെ ഹൃദയങ്ങളില്‍, തന്റെ പരമപിതാവിന്റെ നേരെയുള്ള സ്നേഹം കത്തിജ്ജ്വലിപ്പിക്കാനും, പിതാവിന്റെ മഹത്വം പ്രസിദ്ധമാക്കുവാനുമത്രേ. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അതു കത്തി ജ്വലിക്കുന്നതല്ലാതെ മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്.” ഈശോയുടെ ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. ജറുസലേം പട്ടണത്തില്‍ പ്രവേശിച്ചിരുന്നപ്പോഴും ദേവാലയത്തില്‍ പോയി ദൈവപിതാവിനു സ്തുതി സ്തോത്രങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഈശോ ജാഗ്രത പ്രദര്‍ശിപ്പിച്ചിരുന്നു. ലോകാവസാനകാലത്തു പിതാവിന്റെ ഭവനത്തെക്കാള്‍ ഇഷ്ടപ്പെട്ട ഒരു വാസസ്ഥലം അവിടുത്തേയ്ക്കില്ലായിരുന്നു. ദിവ്യപിതാവിനെപ്പറ്റി പ്രസംഗിക്കുകയായിരുന്നു അവിടുത്തെ പ്രധാന ദൌത്യം. സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പറ്റി ഏറ്റം വ്യക്തമായി പ്രസംഗിക്കുവാന്‍ കഴിവുള്ള ഏകവ്യക്തിയും അവിടുന്നായിരുന്നല്ലോ.
ദേവാലയത്തിനു പുറത്തു സഞ്ചരിച്ചിരുന്നപ്പോഴും ലാസറിനെ ഉയിര്‍പ്പിച്ച അവസരത്തിലും വിശുദ്ധ കുര്‍ബാന സ്ഥാപിച്ച സന്ദര്‍ഭത്തിലും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച സമയങ്ങളിലും നേത്രങ്ങളെ സ്വര്‍ഗ്ഗപിതാവിന്റെ സന്നിധിയിലേക്കുയര്‍ത്തി ആരാധിക്കുന്നതില്‍ അവിടുന്നു ശ്രദ്ധാലുവായിരുന്നു. ഈശോയുടെ യാത്രയുടെയും ഉപവാസം, പ്രാര്‍ത്ഥന മുതലായ എല്ലാ കൃത്യങ്ങളുടെയും പരമപ്രധാനമായ ഉദ്ദേശം പിതാവിന്റെ സ്തുതി മാത്രമായിരുന്നു. ഇതു നിമിത്തം ദേവാലയത്തെ കച്ചവടസ്ഥലമാക്കി മാറ്റിയവരെ സ്നേഹശീലനായ ഈശോ അത്യന്തം കോപത്തോടെ അടിച്ചു പുറത്താക്കുന്നു. ക്ഷീണവും പ്രയാസങ്ങളും ഗണ്യമാക്കാതെ പിതാവിനെപ്പറ്റി ഉപദേശിക്കുന്നതില്‍ അവിടുന്ന് ആനന്ദം കണ്ടെത്തുന്നു.
ഈശോയുടെ ദിവ്യഹൃദയത്തെ ഭക്തിപൂര്‍വ്വം സ്നേഹിച്ചാരാധിക്കുന്ന നാം അവിടുത്തെ ദിവ്യമാതൃക അനുകരിക്കാന്‍ ഉത്സുകരാകേണ്ടതാണ്. നിത്യപിതാവായ ദൈവത്തെ നാം യഥാര്‍ത്ഥമായും ആഴമായും സ്നേഹിക്കുന്നുവെങ്കില്‍ ദൈവസ്തുതി വര്‍ദ്ധനവിനായി ഏതു പ്രയാസവും സഹിക്കാന്‍ നാം സന്നദ്ധരാകും.
ജപം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ മഹത്വത്തിനും ശക്തിക്കും യോജിച്ചവണ്ണം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം ഏറ്റം ദരിദ്രനായ ഈശോയുടെ മാത്രമാകുന്നുവല്ലോ. എന്റെ ഹൃദയം ഏറ്റം ദരിദ്രയും ദുര്‍ബലവും സകല ദുര്‍ഗുണങ്ങളാലും നിറഞ്ഞതുമെന്ന് ഞാന്‍ സമ്മതിച്ചു പറയുന്നു. ദയനിറഞ്ഞ ദൈവമേ! സ്നേഹം നിറഞ്ഞതും എല്ലാ നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതുമായ അങ്ങേ ദിവ്യപുത്രന്റെ പരിശുദ്ധ ഹൃദയം എന്റെയും സകല മനുഷ്യരുടെയും പാപങ്ങള്‍ക്കും നന്ദിഹീനതയ്ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. ഈശോ അങ്ങയെ സ്നേഹിച്ചതു പോലെയും വിശുദ്ധ കുര്‍ബാനയില്‍ സദാ സ്വയം ബലിയായി അങ്ങേയ്ക്കു സമര്‍പ്പിച്ചു സ്നേഹിക്കുന്നതുപോലെയും ഞാന്‍ അങ്ങയെ സ്നേഹിപ്പാനും എന്റെ സന്തോഷം മുഴുവനും അങ്ങില്‍ സമര്‍പ്പിപ്പാനും അനുഗ്രഹം നല്കിയരുളണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന് നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന് തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന് കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന് പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേയ്ക്കെതിരായി പാപം ചെയ്യുന്നതിനു മുമ്പ് എന്നെ മരിപ്പിക്കണമേ.
സല്‍ക്രിയ
ഉപദേശം നല്കി ആരെയെങ്കിലും തിന്മയില് നിന്നകറ്റുന്നതിനായി ശ്രമിക്കുക.
ഈശോയുടെ തിരുഹൃദയത്തോടുള്ള സമര്‍പ്പണ പ്രാര്‍ത്ഥന
ഈശോയുടെ തിരുഹൃദയമേ ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമെ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങ്തന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കുകയും, ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും, സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യേണമെ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ഞങ്ങളോട് ക്ഷമിക്കേണമെ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്ന് ഇരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമെ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കണമെ. അങ്ങയെ കണ്ട് ആനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലേക്ക് എത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമെ. മറിയത്തിന്റെ വിമലഹൃദയവും, മാര്‍യൗസേപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.
ഈശോമിശിഹായുടെ തിരുഹൃദയമേ
ഞങ്ങളെ അനുഗ്രഹിക്കേണമേ
മറിയത്തിന്റെ വിമലഹൃദയമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വിശുദ്ധ യൗസേപ്പേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വിശുദ്ധ മര്‍ഗ്ഗരീത്താ മറിയമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.