തിരികെ വിളിക്കുന്ന ഹൃദയം
ക്രിസ്തു വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്. ഞാൻ പാപിയാണെന്നും മൃതനാണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് അവിടുന്ന് സ്വർഗ്ഗം വെടിഞ്ഞു ഭൂമിയിൽ അവതരിച്ചത് .നീ പാപിയാണോ? ആയികൊള്ളട്ടെ !! ഞാൻ വന്നിരിക്കുന്നത് പാപികളെ തേടിയാണ്. എനിക്കറിയാം നീ പാപത്തിൽ ആണെന്ന് .അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എന്റെ അരികിൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.
നമ്മളൊക്കെ മറ്റുള്ളവരോട് എത്ര പെട്ടെന്നാണ് പിണങ്ങുന്നത്!!നിസ്സാര കാരണങ്ങൾ മതി നമ്മളുടെ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ!! മറ്റുള്ളവർ അതിൽ ഇടപെടുമ്പോൾ ആ പ്രശ്നം വലുതാകാനും, ബന്ധം കൂടുതല് അകന്ന് പോകാനും സാധ്യതയുണ്ട്, എന്നാൽ തെറ്റ് ചെയ്തവൻ വന്ന് ചെയ്തത് തെറ്റായിപ്പോയി എന്ന് നേരിട്ടൊന്നു പറഞ്ഞാൽ,പറയുന്നവനും അത് കേൾക്കുന്നവനും കിട്ടുന്ന ഒരു വിടുതൽ എത്ര അധികമാണ് . മനുഷ്യൻ പോലും മാപ്പിരന്നാൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാകും . എങ്കിൽ സ്നേഹിക്കാൻ മാത്രം അറിയുന്നവനും മരിച്ചിട്ടും സ്നേഹിച്ചുതീരാത്തവനും ആയ ദൈവപുത്രന്റെ മുന്നിൽ ഞാൻ ഓടിഎത്തിയാൽ,അവന്റെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ അവൻ എന്നെ വിരുന്നൊരുക്കിയും, മുദ്രമോതിരം അണിഞ്ഞും സ്വീകരിക്കില്ലേ ?
എന്നേക്കാളും വലിയ ഒരു പാപിയും ഈ ഭൂമിയിൽ ഇല്ല എന്ന് എന്റെ മനസ്സ് എന്നെ ഭാരപ്പെടുത്തുമ്പോൾപോലും, എന്നെ വഴിനോക്കിയിരിക്കുന്ന അപ്പന്റെ സ്‌നേഹം മാത്രമാണ്, എന്നെ ചേർത്തുപിടിക്കാൻ അവനെ നിർബന്ധിക്കുന്നത്. സ്നേഹിക്കാൻ മാത്രം അറിയുന്ന ആ തിരുഹൃദയത്തിൽ എനിക്ക് അവനിട്ടിരിക്കുന്ന വില,മറ്റാരിലും എനിക്ക് കിട്ടില്ലായെന്നു നമ്മൾ അറിയണം … തിരുഹൃദയത്തിൽ എനിക്ക് ഇടമിള്ളിടത്തോളംകാലം പാപത്തിനു എന്നെ അടിമയാക്കാൻ സാധിക്കില്ല… നിന്റെ അവസ്ഥ എന്തുമായിക്കൊള്ളട്ടെ ,അവൻ കാത്തിരിക്കുകയാണ് !!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.