തിരുഹൃദയ ചിന്തകള്‍
1. തിരുഹൃദയം വിശ്വാസത്തിന്‍റെ പ്രതീകം
ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രതിബിംബമാണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം. നമ്മുടെ എല്ലാ കുടുംബങ്ങളും യേശുവിന്‍റെ ദിവ്യഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണല്ലോ. സ്നേഹത്തിന്‍റെ സദ്വാര്‍ത്തയോതിയ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം മനുഷ്യാവതാരത്തിന്‍റെയും രക്ഷാകര രഹസ്യങ്ങളുടെയും രത്നച്ചുരുക്കമാണ്. ദൈവസ്നേഹത്തിന്‍റെ അനന്തമായ ചക്രവാളത്തില്‍നിന്നും മനുഷ്യചരിത്രത്തിന്‍റെയും മാനുഷ്യാസ്തിത്വത്തിന്‍റെയും പരിമിതികളിലേയ്ക്ക് ദൈവം കടന്നു വന്നതിന്‍റെ പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. അങ്ങിനെ മനുഷ്യന്‍റെ പരിമിതികളില്‍ ദൈവത്തിന്‍റെ അനന്തതയെ ധ്യാനിക്കാനും അനുഭവിക്കാനും തിരുഹൃദയത്തിലൂടെ നമുക്കു സാധിക്കുന്നു.
മാംസം ധരിച്ച് ഭൂമിയില്‍ വസിച്ച നസ്രായനായ യേശുവിന്‍റെ ദൈവികതയെ നമ്മുടെ എളിയ ജീവിതത്തിന്‍റെ പരിമിതികളില്‍ എത്തിക്കുകയും, നമ്മുടെ മനോനേത്രങ്ങള്‍ക്ക് ദൃശ്യമാക്കുകയും ചെയ്യുന്നതാണ് തിരുഹൃദയം. ക്രിസ്തുവിന്‍റെ ദിവ്യസ്നേഹത്തിന്‍റെ ഉറവ ഭൂമിയില്‍ ഉത്ഭവിക്കുന്നത് കുത്തിത്തുറക്കപ്പെട്ട അവിടുത്തെ തിരുവിലാവില്‍നിന്നാണ്. അതുകൊണ്ട് ക്രിസ്തുവിന്‍റെ തിരുഹൃദയത്തില്‍നിന്ന് എല്ലാറ്റിനും തുടക്കമിടുന്നത് മംഗളകരമാണ്.
2. സ്നേഹമാകുന്ന ദൈവം
ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ വസിക്കുന്നവര്‍ ദൈവത്തിലും, ദൈവം അവരിലും വസിക്കുന്നു (1 യോഹ. 3, 16). യേശുവുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലമായി നാം ദൈവസ്നേഹത്തില്‍ വസിക്കുന്നു. സര്‍വ്വശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കുകയെന്ന പഴയനിയമ കല്പനയോട്, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുകയെന്ന കല്പനയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. അങ്ങനെ സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ കല്പന ക്രിസ്തു നല്കിയെന്ന വസ്തുത ഈ വചനം അനുസ്മരിപ്പിക്കുന്നു. ദൈവത്തിന്‍റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെറുക്കുകയും, ഭീകരപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ദൈവം സ്നേഹമാണെന്നും, മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും ഊന്നിപ്പറയാന്‍ യേശുവിന്‍റെ ദിവ്യഹൃദയം ആഹ്വാനംചെയ്യുന്നു.
3. തിരുഹൃദയഭക്തി – ചരിത്രത്തിലൂടെ
ദൈവവസ്നേഹത്തോടും ദൈവസ്നേഹത്തിന്‍റെ സാന്നിദ്ധ്യമായി ലോകത്തില്‍ അവതരിച്ച രക്ഷകനായ ക്രിസ്തുവിനോടുമുള്ള ഭക്തി വളര്‍ന്നുവരുന്നത് വിശുദ്ധ യോഹന്നന്‍റെയും വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെയും അവരുടെ സുവിശേഷത്തിലും ലേഖനത്തിലും കാണാന്‍ സാധിക്കും. “ദൈവം തന്‍റെ തിരുക്കുമാരനെ നല്കുമാറ് ഈ ലോകത്തെ അത്രയേറെ സ്നേഹിച്ചു” വെന്നത് യോഹന്നാന്‍റെ അടിസ്ഥാന ദൈവശാസ്ത്രമാണ് (യോഹ. 3, 16). നമ്മോടുള്ള സ്നേഹത്തെപ്രതി ക്രിസ്തു തന്നെത്തന്നെ പരിപൂര്‍ണ്ണമായും ആത്മയാഗമായി സമര്‍പ്പിച്ചു. കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെട്ട ദിവ്യഹൃദയം അങ്ങനെ സ്നേഹപ്രദീപമാണ്. ആദത്തിന്‍റെ പാര്‍ശ്വത്തില്‍നിന്നും ഹവ്വായ്ക്ക് രൂപം നല്കപ്പെട്ടതുപോലെ, കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെട്ട ക്രിസ്തുവിന്‍റെ പാര്‍ശ്വത്തില്‍നിന്നും ഒലിക്കുന്ന ദിവ്യസ്നേഹം മനുഷ്യരക്ഷയുടെ വറ്റാത്ത സ്രോതസ്സായി നിര്‍ഗ്ഗളിക്കുന്നു.
സഭയുടെ ആദ്യ സഹസ്രാബ്ദത്തില്‍ തിരുഹൃദയ ഭക്തിയെക്കുറിച്ച് അധികമൊന്നും കേള്‍ക്കുന്നില്ല. 13-മുതല്‍ 16-വരെ നൂറ്റാണ്ടുകളില്‍ തിരുഹൃദയഭക്തി വളരെ സ്വകാര്യവും വ്യക്തിപരവുമായി നിലനിന്നുവെന്നു കാണുന്നു. കൂടുതലായും ക്രൈസ്തവ ആദ്ധ്യാത്മിക ദര്‍ശനത്തിന്‍റെ തലത്തിലാണ് അത് നിലനിന്നിരുന്നത്. തുടര്‍ന്ന് അത് സന്ന്യാസ സമൂഹങ്ങളില്‍ സജീവമാകുന്നതും ക്രിസ്ത്യന്‍ ആത്മീയതയെ തട്ടിയുണര്‍ത്തുന്നതും കാണാം. ഈ ഘട്ടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ രചിക്കപ്പെടുകയും തിരുഹൃദയ ഭക്തി പ്രചരിക്കുവാന്‍ തുടങ്ങുകയുംചെയ്തു. 17-Ɔο നൂറ്റാണ്ടില്‍ തിരുഹൃദയഭക്തിക്ക് സജീവ പ്രചാരം ലഭിക്കുന്നത് ഈശോ സഭയിലൂടെയാണ്. ലൂയി ദെ പൂന്തേ, അല്‍വാരെസ്സ് പാസ്സ്, വിശുദ്ധ യൂറെ എന്നിവര്‍ ദിവ്യഹൃദയഭക്തിക്ക് ഏറെ പ്രാധാന്യവും പ്രചാരവും നല്കി. ഡ്രൂസ്ബിക്കിയെന്ന ഈശോ സഭാ വൈദികനാല്‍ രചിക്കപ്പെട്ട ‘യേശുവിന്‍റെ ദിവ്യഹൃദയമാണ് മനുഷ്യഹൃദയങ്ങളുടെ ലക്ഷൃം’ (Meta Cordium Cor Jesu) എന്ന പ്രഥമ ഗ്രന്ഥം പ്രചാരത്തില്‍ വന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.