കത്തോലിക്കാ ബുക്സ്റ്റാള്‍ ആക്രമിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീകള്‍
വാഷിംങ്ടന്‍ ഡിസി: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധക്കാര്‍ ആക്രമാസക്തരായി എത്തിയത് കന്യാസ്ത്രീകള്‍ നടത്തി വന്നിരുന്ന ഒരു ബുക്സ്റ്റാളിന്റെ മുന്നിലാണ്. ഒരു ദാക്ഷിണ്യവുമില്ലാതെ അവര്‍ ബുക്സ്റ്റാള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍ സഭയില്‍ പെട്ട കന്യാസ്ത്രീകള്‍ പിറ്റേന്ന് തകര്‍ന്ന ചില്ലുകഷണങ്ങള്‍ പെറുക്കിക്കൂട്ടി. മുറിവേറ്റ ഒരു സംസ്കാരത്തെ സുവിശേഷവല്ക്കരിക്കേണ്ട ഒരാവശ്യം തങ്ങള്‍ നേരില്‍ കണ്ടു എന്നാണ് അവര്‍ പ്രതികരിച്ചത്.
‘നമുക്ക് ആകെ ചെയ്യാന്‍ സാധിക്കുന്നത്, യേശു ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ഈ സംസ്കാരത്തിലേക്ക് കൊണ്ടു വരിക എന്നതാണ്. യേശു അവരോട് സംസാരിക്കട്ടെ. ദൈവത്തെ പിതാവായി കാണാന്‍ ഓരോ കുട്ടിയെയും ഓരോ വ്യക്തിയെയും പരിശീലിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്’ സിസ്റ്റര്‍ ട്രേസി മത്തിയ ഡുഗാസ് പറയുന്നു.