ക്വാറന്റൈന്: സര്‍ക്കാരിനും പ്രവാസികള്‍ക്കും തുണയായി ധ്യാനകേന്ദ്രങ്ങള്‍
കൊച്ചി: കോവിഡ് പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭാ സംവിധാനങ്ങളുടെ സഹകരണവും പങ്കാളിത്തവും വിലയിരുത്തുന്നതിന്റെ ഭാഗമായി കേരള കത്തോലിക്കാസഭയിലെ 32 രൂപതകളും സന്യാസപ്രസ്ഥാനങ്ങളും കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൗണ്‍ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഇടക്കാല റിപ്പോര്‍ട്ടും കണക്കുകളും കെസിബിസിക്കു സമര്‍പ്പിച്ചു.
കോവിഡ് പ്രതിരോധ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ അധികാരികളുമായി സഹകരിച്ചു രൂപതകളില്‍ നേതൃത്വം നല്കുന്നതു സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളാണ്. കോവിഡിന് എതിരേയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, മാസ്ക്, സാനിറ്റെസര്‍ എന്നിവയുടെ നിര്‍മാണവിതരണങ്ങള്‍, അതിഥിത്തൊഴിലാളികള്‍ക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കല്‍, ഭക്ഷണക്കിറ്റ് തയാറാക്കി വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരും സന്ന്യസ്തരും സജ്ജീവമായി രംഗത്തുണ്ട്.
രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ ഇതിനോടകം 15 ലക്ഷത്തിലേറെ മാസ്കുകള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ കഴിഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായും മറ്റു സന്നദ്ധസംഘടനകളുമായും സഹകരിച്ച് കമ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങളില്‍ സഭയിലെ വനിതാ-യുവജന സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ 10,07,29,745 രൂപയും ഇടവകകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 21,20,89,968 രൂപയും സന്ന്യസ്ത സഭകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 12,87,18,280 രൂപയും ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. രൂപതകളില്‍നിന്നും സന്ന്യാസസമൂഹങ്ങളില്‍നിന്നും സമാഹരിച്ച 1,03,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി സംഭാവന ചെയ്തിട്ടുമുണ്ട്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ത്തന്നെ കത്തോലിക്കാസഭയുടെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, സാമൂഹികക്ഷേമ സംവിധാനങ്ങള്‍, പാസ്റ്ററല്‍ സെന്ററുകള്‍ എന്നിവയുടെ വിശദവിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാതു ജില്ലാഭരണാധികാരികള്‍ക്ക് കൈമാറിയിരുന്നു.
പ്രവാസിമലയാളികളുടെ ക്വറന്റൈന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു പ്രസ്തുത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ കഴിയുന്ന മുറയ്ക്കു തിരികെയെത്തുന്ന മദ്യം കുടുംബങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയും സാമൂഹ്യനിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തേക്കാം. ഇക്കാര്യത്തില്‍ ഉയര്‍ന്ന ജാഗ്രത ആവശ്യമാണ്.
ജോലി നഷ്ടമായി തിരിച്ചെത്തുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമായ ഫീസ് സൗജന്യവും മറ്റ് ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തുകയും മാറിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുകയും വേണമെന്നു സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്ക് കെസിബിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവജനങ്ങളും അല്മായ നേതൃത്വവും വൈദികരും സന്ന്യസ്തരും പ്രാദേശിക പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സര്‍ക്കാരിന്റെ വിവിധ ദുരിതാശ്വാസ, ക്ഷേമ പദ്ധതികള്‍ അതര്‍ഹിക്കുന്നവരിലെത്തിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.