സാക്ഷ്യം കൂടാതെ വചന പ്രഘോഷണം സാധ്യമല്ല, ഫ്രാൻസീസ് പാപ്പാ
പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണം:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.
ഇന്ന്, ഇറ്റലിയിലും ഇതര നാടുകളിലും കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ആചരിക്കുന്നു. ഗലീലിയിൽ യേശു നിർദ്ദേശിച്ച മലയിൽ, സമ്മേളിക്കുന്ന അപ്പസ്തോലന്മാരെയാണ് സുവിശേഷം അവതരിപ്പിക്കുന്നത്. ഇവിടെ, ഈ മലയിലാണ് ഉത്ഥിതനായ കർത്താവ് സ്വശിഷ്യരുമായി അവസാന കൂടിക്കാഴ്ച നടത്തുന്നത്. പ്രതീകാത്മകവും ചിന്തോദ്ദീപകവുമായ ശക്തമായ ഊർജ്ജം അടങ്ങിയരിക്കുന്ന ഒന്നാണ് മല. യേശു സുവിശേഷ സൗഭാഗ്യങ്ങൾ പ്രഘോഷിക്കുന്നതും മലയിൽ വച്ചാണ്. (മത്തായി 5,1-12) അവിടന്ന് പ്രാർത്ഥനയ്ക്കായി പോകുന്നതും മലയിലേക്കാണ്. (മത്തായി 14,23); മലയിൽ വച്ചുതന്നെയാണ് അവിടന്ന് രോഗികളെ സ്വീകരിക്കുന്നതും സൗഖ്യമാക്കുന്നതും. ഇനിമേൽ ഗുരുവല്ല, മറിച്ച് ഉത്ഥിതനാണ് പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. പ്രവർത്തിക്കാനും പ്രഘോഷിക്കാനും ശിഷ്യരോട് ഉത്ഥിതൻ ആവശ്യപ്പെടുന്നു. തൻറെ പ്രവർത്തനം തുടരുകയെന്ന ദൗത്യം ഉത്ഥിതൻ അവരെ ഭരമേല്പിക്കുന്നു.
ക്രിസ്തുശിഷ്യർക്കുള്ള ദൗത്യം
സകല ജനതകളെയും സംബന്ധിച്ച ദൗത്യം അവർക്കു നല്കുന്നു. അവിടന്ന് അരുളിച്ചെയുന്നു: “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നല്കുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ” (മത്തായി 28,19-20). അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യത്തിൻറെ ഉള്ളടക്കം ഇതാണ്: പ്രഘോഷിക്കുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക, ഗുരുവിൻറെ വഴിയിലൂടെ സഞ്ചരിക്കുക, അതായത്, സജീവ സുവിശേഷം ആയിരിക്കുക. സാക്ഷ്യമേകുകയെന്ന ദൗത്യം ഈ രക്ഷയുടെ സന്ദേശത്തിൽ, സർവ്വോപരി, അടങ്ങിയിരിക്കുന്നു. സാക്ഷ്യം കൂടാതെ പ്രഘോഷിക്കുക സാധ്യമല്ല. നമ്മുടെ വിശ്വാസം മൂലം, ഇന്നത്തെ ശിഷ്യരായ നമ്മളും ഈ ദൗത്യ നിർവ്വഹണത്തിന് വിളിക്കപ്പെട്ടിരിക്കുന്നു. ശ്രമകരമായ ഈ ദൗത്യത്തിനു മുന്നിൽ, നമുക്ക്, നമ്മുടെ ബലഹീനതയാൽ നിസ്സഹായരാണെന്ന തോന്നലുണ്ടാകാം. അപ്പസ്തോലന്മാർക്കും, തീർച്ചയായും, ഇങ്ങനെ പ്രതീതമായിട്ടുണ്ട്. എന്നാൽ നിരാശപ്പെടേണ്ടതില്ല. യേശു സ്വർഗ്ഗാരോഹണത്തിനു മുമ്പ് പറഞ്ഞ വാക്കുകൾ ഓർക്കുക: “യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28,20).
യേശുസാന്നിധ്യം, നൂതന ശൈലിയിൽ
ഈ വാഗ്ദാനം, നമ്മുടെ മദ്ധ്യേ യേശുവിൻറെ, നിരന്തരവും സാന്ത്വനദായകവുമായ സാന്നിധ്യം ഉറപ്പേകുന്നു. ഈ സാന്നിധ്യം എപ്രകാരമാണ് സാക്ഷാത്ക്കരിക്കപ്പെടുക? അവിടെത്തെ ആത്മാവു വഴിയാണ് ഇതു സംഭവിക്കുക. ഈ ആത്മാവാണ്, ഒരോ മനുഷ്യനും വഴിയിൽ തുണയെന്ന നിലയിൽ ചരിത്രത്തിൽ സഞ്ചരിക്കാൻ സഭയെ നയിക്കുന്നത്. ക്രിസ്തുവും പിതാവും അയച്ച ആ അരൂപി പാപമോചനം സാധ്യമാക്കുകയും അനുതപിച്ച്, വിശ്വാസത്തോടെ ആത്മാവിൻറെ ദാനത്തിനായി സ്വയം തുറന്നുകൊടുക്കുന്നവരെ പവിത്രീകരിക്കുകയും ചെയ്യുന്നു. യുഗാന്തം വരെ നമ്മോടുകൂടെ ഉണ്ടായിരിക്കും എന്ന വാഗ്ദാനം വഴി യേശു, ഉത്ഥിതൻ എന്ന നിലയിൽ ലോകത്തിൽ സന്നിഹിതനാകുന്ന ശൈലിക്ക് തുക്കമിട്ടു. യേശു ലോകത്തിൽ സന്നിഹിതനായിരിക്കുന്നത് മറ്റൊരു രീതിയിലാണ്, അതായത് ഉത്ഥിതൻ എന്ന നിലയിലാണ്. വചനത്തിലും, കൂദാശകളിലും, പരിശുദ്ധാരൂപിയുടെ നിരന്തരവും ആന്തിരകവുമായ പ്രവർത്തനത്തിലും ആവിഷ്കൃതമാണ് ഈ സാന്നിധ്യം. സ്വർഗ്ഗാരോഹണത്തിരുന്നാൾ നമ്മോടു പറയുന്നത്, പിതാവിൻറെ വലത്തുഭാഗത്ത്, മഹത്വത്തിൽ ഉപവിഷ്ടനാകുന്നതിന് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തെങ്കിലും അവിന്ന് ഇപ്പോഴും നമ്മുടെ മദ്ധ്യേ ഉണ്ടെന്നാണ്. ഇതിൽ നിന്നാണ്, പരിശുദ്ധാത്മാവിൻറെ ശക്തിയാലുള്ള യേശുവിൻറെ സാന്നിധ്യത്തിൽ നിന്നാണ്, നമുക്ക് ശക്തിയും സ്ഥൈര്യവും സന്തോഷവും ഉണ്ടാകുന്നത്.
പരിശുദ്ധ അമ്മ
പരിശുദ്ധ കന്യാകാമറിയം മാതൃന്നിഭ സംരക്ഷണത്താൽ നമ്മുടെ യാത്രയിൽ തുണയാകട്ടെ. സൗമ്യതയും ഉത്ഥിതനായ കർത്താവിന് ലോകത്തിൽ സാക്ഷികളായിത്തീരാനുള്ള ധൈര്യവും നമുക്ക് അവളിൽ നിന്ന് പഠിക്കാം.
ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും അതിൻറെ അവസാനം എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ മെയ് 24-ന് ഞാറാഴ്ച ചൈനയിലെ കത്തോലിക്കർക്കായുള്ള പ്രാർത്ഥനാദിനം ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.
ചൈനയ്ക്കായുള്ള പ്രാർത്ഥനാദിനം
ക്രൈസ്തവരുടെ സഹായമായ കന്യകാനാഥയുടെ തിരുന്നാൾ ദിനത്തിൽ ചൈനയിലെ കത്തോലിക്കർക്കായുള്ള പ്രത്യേക പ്രാർത്ഥനയിൽ ആത്മീയമായി ഒന്നുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ഷാംഗ്ഹായിലെ ഷേഷനിലെ മരിയൻ ദേവാലയത്തിൽ ചൈനയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി ക്രൈസ്തവരുടെ സഹായമായ കന്യകാമറിയത്തെ വണങ്ങുന്നത് അനുസ്മരിക്കുകയും ചെയ്തു.
നല്ല പൗരന്മാരായിത്തീരുന്നതിന് പ്രാർത്ഥിക്കാം
വലിയ രാജ്യമായ ചൈനയിലെ കത്തോലിക്കാസഭയിലെ ഇടയന്മാരും വിശ്വാസികളും വിശ്വാസത്തിൽ ശക്തരും സാഹോദര്യകൂട്ടായ്മയിൽ ഉറപ്പുള്ളവരും സന്തോഷമുള്ള സാക്ഷികളും സാഹോദര്യഉപവിയുടെയും പ്രത്യാശയുടെയും പരിപോഷകരും നല്ല പൗരന്മാരും ആയിരിക്കുന്നതിനുവേണ്ടി അവരെ സ്വർഗ്ഗീയാംബയുടെ നേതൃത്വത്തിനും സംരക്ഷണയ്ക്കും നമുക്കു സമർപ്പിക്കാമെന്ന് പാപ്പാ പറഞ്ഞു.
സാർവ്വത്രികസഭയുടെ ഭാഗമായ ചൈനയിലെ കത്തോലിക്കാ സഹോദരങ്ങളുടെ പ്രത്യാശയിൽ ആഗോള സഭയും പങ്കുചേരുകയും ജീവിത പരീക്ഷണങ്ങളിൽ തങ്ങാകുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഉറപ്പുനല്കി.
ക്ലേശകരമായ ഈ കാലഘട്ടത്തിൽ ലോകത്തിൽ സകലയിടത്തും ശാന്തിക്കും രാഷ്ട്രങ്ങൾക്കിടയിൽ സംഭാഷണം സാധ്യമാക്കുന്നതിനും പാവപ്പെട്ടവർക്ക് സേവനം ചെയ്യുന്നതിനും സൃഷ്ടിയെ പരിപാലിക്കുന്നതിനും ശാരീരികവും മാനസികവും ആത്മീയവുമായ രോഗങ്ങളെ നരകുലം ജയിക്കുന്നതിനും വേണ്ടി തീക്ഷണതയോടെ പരിശ്രമിക്കുന്ന സന്മനസ്സുള്ള സകലരെയും കർത്താവിൻറെ ശിഷ്യരെയും ക്രൈസ്തവരുടെ സഹായമായ കന്യകാനാഥയ്ക്ക് പാപ്പാ സമർപ്പിച്ചു.
ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യമ ദിനം
കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ദിനമായ ഈ ഞായറാഴ്ച, കഥാഖ്യാനം എന്ന പ്രമേയത്തോടെ, ലോക സാമൂഹ്യസമ്പർക്ക മാദ്ധ്യമ ദിനം കത്തോലിക്കാ സഭ ആചരിച്ചതും പാപ്പാ അനുസ്മരിച്ചു.
രചനാത്മകങ്ങളായ കഥകൾ പറയാനും പങ്കുവയ്ക്കാനും ഈ ദിനാചരണം നമുക്കു പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ഈ ഞായറാഴ്ച (24/05/20) താൻ തെക്കെ ഇറ്റലിയിലെ അച്ചേറ എന്ന സ്ഥലത്ത് ഇടയ സന്ദർശനം നടത്തേണ്ടിയിരുന്നതും എന്നാലത് മറ്റൊരവസരത്തിലേക്ക് മറ്റിവച്ചിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.
“ലൗദാത്തൊ സീ” യെക്കുറിച്ചു ധ്യാനിക്കാൻ ഒരു വർഷം
താൻ പുറപ്പെടുവിച്ച “ലൗദാത്തൊ സീ” അഥവാ “അങ്ങേയക്കു സ്തുതി” എന്ന ചാക്രികലേഖനത്തിൻറെ അഞ്ചാം വാർഷികം ഈ ഞായറാഴ്ച (24/05/20) ആണെന്ന് പാപ്പാ അനുസ്മരിച്ചു.
ഭൂമിയുടെയും പാവപ്പെട്ടവരുടെയും രോദനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കുന്ന ഒരു ചാക്രികലേഖനമാണ് ഇതെന്നു പാപ്പാ പറഞ്ഞു.
ഈ ചാക്രികലേഖനത്തെക്കുറിച്ച് മനനം ചെയ്യുന്നതിന് ഈ ഞായറാഴ്ച, മെയ് 24 മുതൽ 2021 മെയ് 24 വരെ നീളുന്ന ഒരു പ്രത്യേക വത്സരത്തിലേക്ക് നമ്മെ ആനയിച്ച “ലൗദാത്തൊ സീ വാരം” ഇപ്പോൾ സമാപിച്ചതും പാപ്പാ അനുസ്മരിച്ചു.
“ലൗദാത്തൊ സീ” യെക്കുറിച്ചുള്ള, ഒരു വർഷം നീളുന്ന, പരിചിന്തനത്തിൽ പങ്കുചേരാനും നമ്മുടെ പൊതുഭവനത്തിൻറെയും ഏറ്റ ദുർബലരായ നമ്മുടെ സഹോദരങ്ങളുടെയും പരിപാലനത്തിനായി പരിശ്രമിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ചു. എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ തൻറെ വാക്കുകൾ ഉപസംഹരിച്ചു. തദ്ദനന്തരം പാപ്പാ ഞായറാഴ്ച താൻ ത്രികാലജപം ചൊല്ലുന്നതിനു പ്രത്യക്ഷപ്പെടാറുള്ള ജാലകത്തിങ്കലെത്തുകയും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ഏതാനും പേരെ കൈകൾ വീശി അഭിവാദ്യം ചെയ്യുകയും ചെയ്തു.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി