മദര്‍ തെരേസയുടെ മരിയഭക്തി
പരിശുദ്ധ അമ്മയോട് വളരെ അടുത്ത് ചേര്‍ന്നു നില്ക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ദൈവത്തിനു വേണ്ടിയും ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയും മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എപ്പോഴും ജപമാല ചൊല്ലാന്‍ കഴിയാറില്ലെങ്കിലും സദാസമയവും ഞാന്‍ ഒരു ജപമാല കൈയില്‍ കൊണ്ടു നടക്കാറുണ്ട്. ഞാന്‍ അമ്മയുടെ കരങ്ങളില്‍ മുറുകെ പിടിച്ചിരിക്കുകയാണെന്ന് എനിക്ക് അപ്പോഴെല്ലാം ഒരുറപ്പു ലഭിക്കുന്നു’ മദര്‍ തെരേസയും പരിശുദ്ധ കന്യാമറിയവും തമ്മിലുള്ള ഗാഢമായ ബന്ധവും മദറിന്റെ മരിയഭക്തിയും അറിയണമെങ്കിലും നാം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആരംഭകാലത്തേക്ക് മടങ്ങിപ്പോകണം. 1910 ആഗസ്റ്റ് 26 ന് അല്‍ബേനിയയിലെ സ്കോപ്ജെ എന്ന സ്ഥലത്താണ് മദര്‍ തെരേസ ജനിച്ചത്. മൂന്നു മക്കളില്‍ ഇളയവളായ മദറിന്റെ ആദ്യ പേര് ആഗ്നസ് എന്നായിരുന്നു. ഗാഢമായ വിശ്വാസമുള്ള ഒരു കത്തോലിക്കാ കുടുംബത്തില്‍ പിറന്നതിനാല്‍ ചെറുപ്പം മുതല്ക്കേ ദൈവമാതാവില്‍ വിശ്വാസമുള്ളവളായിരുന്നു ആഗ്നസ്. അതിന് ശേഷം ലൊറേറ്റോ കോണ്‍വെന്റില്‍ ചേര്‍ന്നപ്പോള്‍ ആ ഭക്തി പിന്നെയും വളര്‍ന്നു.
1946 സെപ്തംബര്‍ 10 ാം തീയതിയാണ് മദര്‍ യേശുവിന്റെ ദാഹം അനുഭവിച്ചറിഞ്ഞതും പാവങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യാന്‍ തീരുമാനം എടുത്തതും. ആ ദിവസം മദര്‍ ഡാര്‍ജീലിംഗില്‍ എട്ടു ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു. ആ യാത്രിയ്ക്കിടയില് മദറിന് അസാധാരണമായ ഒരു ക്രിസ്തു അനുഭവം ഉണ്ടായി. വിളിക്കുള്ളിലെ വിളി എന്നറിയപ്പെടുന്ന ആ അനുഭവത്തില്‍ നിന്ന് മദര്‍ ഒരു തീരുമാനം എടുത്തു, പാവങ്ങളില്‍ പാവങ്ങള്‍ക്കായി സേവനം ചെയ്യണം.
1947 ല്‍ മദറിന് മൂന്ന് ദര്ശങ്ങളുണ്ടായി. ആദ്യത്തെ ദര്‍ശനത്തില്‍ മദര്‍ കണ്ടത് ഒരു വലിയ ജനാവലിയെയാണ്. ഭൗതികമായും ആത്മീയമായും ദരിദ്രരായിരുന്ന അവര്‍ മദറിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെ ദര്‍ശനത്തില്‍ അതേ ജനക്കൂട്ടത്തെ മദര്‍ കണ്ടു. അവരുടെ മദ്ധ്യേ പരിശുദ്ധ മാതാവ് നിന്നിരുന്നു. മദര്‍ അടുത്ത് തന്നെ മുട്ടില്‍ നിന്നിരുന്നു. അപ്പോള്‍ മാതാവ് മദറിനോട് പറഞ്ഞു: ‘അവരെ സംരക്ഷിക്കണം. അവര്‍ എന്റേതാണ്. അവരെ യേശുവിന്റെ പക്കലേക്ക് കൊണ്ടു പോകുക. ഭയപ്പെടേണ്ട… അവരെ ജപമാല ചൊല്ലാന്‍ പഠിപ്പിക്കുക. കുടുംബമായി ഒരുമിച്ചിരുന്ന് അവര്‍ ജപമാല ചൊല്ലട്ടെ. അവര്‍ക്ക് സുഖമാകും. ഭയപ്പെടേണ്ട… യേശുവും ഞാനും നിന്റെയും നിന്റെ കുട്ടികളുടെയും ഒപ്പമുണ്ടാകും…’
മൂന്നാമത്തെ ദര്‍ശനത്തില്‍ അതേ ജനക്കൂട്ടം അന്ധകാരത്തിലായിരുന്നു. അവര്‍ ദൈവസാന്നിധ്യം അറിയാത്തവരായിരുന്നു. അപ്പോള്‍ മദര്‍ കണ്ടു, ക്രിസ്തു കുരിശില്‍ കിടന്നു കൊണ്ട് പറയുന്നു: എനിക്ക് ദാഹിക്കുന്നു! യേശുവിന്റെ കുരിശിന്റെ മുമ്പില്‍ പരിശുദ്ധ അമ്മ നിന്നിരുന്നു. യേശു മദര്‍ തെരേസയോട് പറഞ്ഞു: ‘ഞാനും എന്റെ അമ്മയും നിന്നോട് ആവശ്യപ്പെട്ടു, ഇനിയും നീ മടിച്ചു നില്‍ക്കുമോ? അവരെ നീ ശുശ്രൂഷിക്കില്ലേ? എന്റെ അടുക്കലേക്ക് അവരെ കൊണ്ടുവരില്ലേ?’ അപ്പോള്‍ മദറിന് ഒരു കാര്യം മനസ്സിലായി. യേശുവിന്റെ ദാഹം ശാരീരികമായ ദാഹമല്ല. ഓരോ മനുഷ്യാത്മാവുമായും ഒന്നാകുവാനുള്ള യേശുവിന്റെ ആന്തരിക ദാഹമാണത് എന്ന്. യേശു ആത്മാക്കള്‍ക്കു വേണ്ടിയാണ് ദാഹിക്കുന്നതെന്ന് മദര്‍ അറിഞ്ഞു.
ദൈവഹിതം എന്തെന്നറിഞ്ഞ മദര്‍ അധികാരികളുടെ അനുവാദത്തോടെ ലൊറേറ്റോ കോണ്‍വെന്റ് വിട്ടു. എന്നാല്‍ എല്ലാം എങ്ങനെ സംഭവിക്കുമെന്ന് മദറിന് അന്ന് അറിയില്ലായിരുന്നു. കോണ്‍വെന്റിലെ സുരക്ഷിതത്വം ഉപേക്ഷിച്ച്, മദര്‍ കൊല്‍ക്കത്തയിലെ ചേരിപ്രദേശത്തേക്ക് യാത്രയായി. വെറും അഞ്ചുരൂപ മാത്രമായിരുന്നു അന്ന് മദറിന്റെ കൈമുതല്‍. എല്ലാം മദര്‍ പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചു. ദൈവപരിപാലനയില്‍ ആശ്രയിച്ചു. മദര്‍ തന്നെത്തന്നെയും തന്റെ സൊസൈറ്റിയും പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചു. മറിയത്തിന്റെ മാതൃക അനുസരിച്ച് മദര്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ചു.
മദറിന്റെ മരണശേഷവും ഞങ്ങള്‍ അതേ അരൂപിയില്‍ തുടരുന്നു. ദൈവത്തിന്റെ അമൂല്യരായ മക്കളാണ് നിങ്ങളെല്ലാവരും എന്നും നമുക്ക് യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയം മാതാവായുണ്ടെന്നും ഞങ്ങള്‍ പാവങ്ങളോടും പരിത്യക്തരോടും പറഞ്ഞു കൊടുക്കുന്നു. ഞങ്ങളുടെ പ്രഭാത പ്രാര്‍ത്ഥനകളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്: ഓ, ദൈവമാതാവേ, അവിടുത്തെ അനുഗ്രഹം ഞങ്ങള്‍ക്കു തരേണമേ. പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയം വഴി ഞങ്ങള്‍ക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നു. ഞങ്ങളെ അവിടുത്തെ വിമല ഹൃദയത്തിനുള്ളില്‍ കാത്തു കൊള്ളണമേ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
~ സി. മരിയ എംസി ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.