പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി
“ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30).
പരിശുദ്ധ മറിയത്തിന്റെ വണക്കമാസത്തില്‍ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നു. ദൈവീക പദ്ധതികളോട് സജീവമായി സഹകരിച്ച തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.
ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം
പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി.
കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ അമ്മ ദൂതനോടു ചോദിച്ചു. ദൂതന്‍ ഉത്തരമായി പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ഇതിനാല്‍ നിന്നില്‍നിന്നു പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. അവന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും”.
മറിയം പറഞ്ഞു: “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്കു പോലെ എന്നില്‍ സംഭവിക്കട്ടെ.” മേരി എത്രമാത്രം ദൈവതിരുമനസ്സിനു വിധേയയായിരുന്നു എന്ന്‍ നമുക്ക് ഈ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കാം. ലോകപരിത്രാതാവിനോടൊപ്പം അനേകം യാതനകള്‍ അനുഭവിക്കേണ്ടതായി വരുമെന്നറിഞ്ഞിട്ടും അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറയുവാന്‍ അവള്‍ സന്നദ്ധയായി.
ഈജിപ്തിലേക്കുള്ള പ്രവാസവും പ്രത്യാഗമനവും നസ്രസിലെ വിനീതമായ ജീവിതവും ദാരിദ്ര്യ ക്ലേശങ്ങളുമെല്ലാം അനുഭവിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. മിശിഹായുടെ പരസ്യ ജീവിതത്തിലും പീഡാസഹനത്തിലും കാല്‍വരിയിലും അവള്‍ “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്ന വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകണം.
ഒരിക്കല്‍ ഈശോ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ ദിവ്യജനനിയും സഹോദരിമാരും വന്നു, പുറത്തു നിന്നുകൊണ്ട് അവിടത്തോട് സംസാരിക്കുവാന്‍ താത്പര്യപ്പെട്ടു. “ഇതാ, നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. നിന്നോട് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.” ഒരു മനുഷ്യന്‍ ചെന്ന്‍ ഈശോയോട് പറഞ്ഞു. യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടി കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (വി.മത്തായി 12:48-50).
പരിശുദ്ധ കന്യകയുടെ മഹത്വത്തിനുള്ള യഥാര്‍ത്ഥമായ കാരണം അവളുടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വമാണെന്നു മിശിഹാ ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ നാം ഓരോരുത്തരും ദൈവതിരുമനസ്സ് നിവര്‍ത്തിക്കുമ്പോള്‍ ഈശോയുമായി നമുക്ക് ഒരു നവ്യമായ ബന്ധം ഉളവാകുന്നു എന്നുള്ള വസ്തുതയും പ്രഖ്യാപിക്കുകയാണ്. “കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് പ്രത്യുത സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാണ്” എന്ന്‍ ഗിരിപ്രഭാഷണത്തില്‍ അവിടുന്ന്‍ അരുളിച്ചെയ്യുന്നുണ്ടല്ലോ.
ദൈവതിരുമനസ്സിനോടുള്ള വിധേയമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ജീവിതത്തില്‍ ഇത് വളരെ പ്രകടമായിരുന്നു. അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ദൈവദൂതന്‍ സമീപിച്ച് ദൈവഹിതം നമ്മെ അറിയിക്കുന്നുണ്ട്. ദൈവപ്രമാണങ്ങള്‍, തിരുസഭയുടെ കല്‍പനകള്‍, മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍, ജീവിതച്ചുമതലകള്‍ എന്നിവയിലൂടെ നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്കു ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.
സംഭവം
ജോണ്‍ ഹോക്സന്‍ഹാം എന്ന പണ്ഡിതന്‍ ലൂര്‍ദ്ദിലെ അരുവിയിലെ ദിവ്യജലം വഴിയായി നടക്കുന്ന രോഗശമനങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. “ഇതെഴുതുന്ന ഞാന്‍ ഒരു പ്രൊട്ടസ്റ്റന്‍റ് മതവിഭാഗമായ ഫ്രീ ചര്‍ച്ചുകാരനാണ്. റോമന്‍ കത്തോലിക്കരായി എനിക്ക് അനേകം മിത്രങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ പലരും അവരവരുടെ മതം വിശ്വസ്തതയോടു കൂടി അനുഷ്ഠിക്കുന്നുണ്ടെന്ന ആത്മനിന്ദാബോധത്തോടു കൂടി ജീവിക്കുന്നു. കത്തോലിക്കാ സഭയോടു എനിക്ക് യാതൊരു പ്രതിപത്തിയുമില്ല. ലൂര്‍ദ്ദിലെ ഈ അത്ഭുതങ്ങള്‍ സംബന്ധിച്ച് ഞാന്‍ യഥാര്‍ത്ഥമായി അറിഞ്ഞില്ല എന്നതു തന്നെ”.
“എന്നാല്‍ എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് അവയെല്ലാം കാണുകയും ഹൃദയത്തിന് ബോധ്യപ്പെടുകയും ചെയ്തു കഴിഞ്ഞതിനോടു കൂടി ഈ സത്യത്തെ അംഗീകരിക്കാന്‍ ഞാന്‍ നിര്ബന്ധിതനായിത്തീര്ന്നിരിക്
(Jonh Oxenham, The wonder of Lourdes).
പ്രാര്‍ത്ഥന
ദിവ്യജനനി, അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്ന്‍ സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ്. അവിടുത്തെ മഹത്വത്തിന് നിദാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമനസ്സിനു പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ച് ഉയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനമരുളുവാന്‍ അങ്ങു സഹായിക്കണമേ..
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
ദൈവതിരുമനസ്സിനു സ്വയം അര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ് അനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.
മേയ് മാസത്തില്‍ ദിവസേന ചൊല്ലാന്‍ മാര്‍പാപ്പാ നല്‍കിയ പ്രാര്‍ത്ഥന
ഓ മറിയമേ, രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ഈ യാത്രയില്‍ എപ്പോഴും അങ്ങ് പ്രകാശിക്കുന്നുവല്ലോ. കുരിശിന്‍ ചുവട്ടില്‍ യേശുവിന്റെ പീഡകളുമായി ഐക്യപ്പെട്ട് സ്ഥിരവിശ്വാസത്തോടെ നിലകൊണ്ട രോഗികളുടെ ആരോഗ്യമായ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങളെ തന്നെ ഭരമേല്‍പിക്കുന്നു.
റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവേ, ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഗലീലിയിലെ കാനായില്‍ അങ്ങ് ചെയ്തതു പോലെ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം അങ്ങ് നല്‍കുമെന്നും ഈ പരീക്ഷണത്തിന് ശേഷം്വ സന്തോഷവും ആഘോഷവും വീണ്ടും കൈവരുമെന്നും അമ്മേ, ഞങ്ങള്‍ അറിയുന്നു.
ദിവ്യസ്നേഹത്തിന്റെ മാതാവേ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് അനുരൂപരായിരിക്കാനും യേശു ഞങ്ങളോട് പറയുന്നത് ചെയ്യാനും ഞങ്ങളെ സഹായിക്കണമേ. കുരിശിലൂടെ ഞങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ ആന്ദനം നല്‍കുവാനായി യേശു ഞങ്ങളുടെ കഷ്ടപ്പാടുകള്‍ തന്റെ മേല്‍ ഏറ്റെടുക്കുകയും ഞങ്ങളുടെ ദുഖങ്ങളാല്‍ ഭാരപ്പെടുകയും ചെയ്തുവല്ലോ. ആമ്മേന്‍.
ഓ പരിശുദ്ധയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കരുതേ. എല്ലാ അപകടങ്ങളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തു പാലിക്കണമേ, മഹത്വപൂര്‍ണയും അനുഗ്രഹീതയുമായ കന്യകേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.