സവോണയിലെ കാരുണ്യനാഥ
1536 മാര്‍ച്ച് 18 .ഇറ്റലിയിലെ സാന്‍ ബെര്ണാര്ഡൊയിലുള്ള തന്റെ മുന്തിരിതോപ്പിലേക്ക് പുലര്‍ച്ചെ നടന്നുനീങ്ങുകയായിരുന്നു കര്‍ഷകനായ അന്റോണിയോ ബോട്ടാ. പരിശുദ്ധ മറിയത്തിന്റെ ഭക്തനായിരുന്ന ബോട്ടാ യാത്രയിലുടനീളം ജപമാലചൊല്ലിക്കൊണ്ടിരുന്നു. സവോണയിലെ ലെറ്റിമ്പ്രൊ താഴ്വരയിലെത്തിയ കര്ഷകന് കൈകള്‍ വൃത്തിയാക്കുവാനായി സമീപത്തെ ഒരു അരുവിയിലേക്ക് നീങ്ങി. പൊടുന്നനെ വെള്ളവസ്ത്രം ധരിച്ച് കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെ പരിശുദ്ധ മറിയം അന്റോണിയയ്ക്കു മുന്പില് പ്രത്യക്ഷപ്പെട്ടു. വരുന്ന മൂന്ന് ശനിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുക, ദൈവത്തിന്റെയും ദൈവമാതാവിന്റെയും നാമത്തില്‍ പ്രദക്ഷിണം നടത്തുക എന്ന സന്ദേശം സ്ഥലത്തെ വൈദീകനെ അറിയിക്കാന്‍ കര്‍ഷകനെ നിയോഗിച്ചു. നാലാം ശനിയാഴ്ച ഇതേ സ്ഥലത്ത് അടുത്ത സന്ദേശത്തിനായി മടങ്ങിവരുവാനും ആവശ്യപ്പെട്ടു.
തുടര്‍ന്ന് മാതാവ് അപ്രത്യക്ഷയായെങ്കിലും പൂക്കളുടെ നൈസര്‍ഗീക സുഗന്ധം അവിടം മുഴുവന്‍ വ്യാപിച്ചു. മാതാവിന്റെ വാക്കുകള്‍ അനുസരിച്ച് അന്റോണിയോ വികാരിയെ വിവരം അറിയിച്ചു. മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോ സന്ദേശം ബിഷപ്പിനു കൈമാറി. എന്നാല്‍ മറിയത്തിന്റെ പ്രത്യക്ഷികരണത്തെ മേയര്‍ അവിശ്വസിച്ചു. ചോദ്യം ചെയ്യുന്നതിനായി അന്റോണിയോയെ മേയറിന്റെ വസതിയിലേക്ക് വിളിപ്പിച്ചു. തത്സമയം സവോണയുടെ തീരത്തുണ്ടായിരുന്ന ചിലമത്സ്യതൊഴിലാളികള് മേയറിന്റെ വസതിയുടേയും, ദേവാലയത്തിന്റെയും മുകളില്‍ മൂന്നു തീനാളങ്ങള്‍ ഉയര്‍ന്നുവരുന്നതിന് സാക്ഷികളായി.
മാതാവിന്റെ രണ്ടാമത്തെ പ്രത്യക്ഷീകരണം നടക്കുന്നത് മുന്‍കൂട്ടി പറഞ്ഞപ്രകാരം ഏപ്രില്‍ എട്ടിനാണ്. ആദ്യം പ്രത്യക്ഷപ്പെട്ട അതേ സ്ഥലത്ത് തന്നെ കരുണാപൂര്‍വ്വം കൈകള്‍ താഴേയ്ക്ക് വിരിച്ചു പിടിച്ച നിലയിലായിരുന്നു മാതാവിനെ കാണപ്പെട്ടത്. വീണ്ടും മൂന്നു ശനിയാഴ്ചകള് ഉപവാസം അനുഷ്ഠിക്കാനുംപ്രദക്ഷിണം നടത്താനും ആവശ്യപ്പെട്ടു. എന്റെ മകനെ നീതിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് മാതാവ് അപ്രത്യക്ഷയായി. ഈ വാര്‍ത്ത സവോണയില്‍ വളരെ പെട്ടെന്ന് പ്രസിദ്ധമായി. തീര്‍ത്ഥാടകരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ അവരെ നിയന്ത്രിക്കാനായി ഒരു പ്രത്യേക കമ്മിറ്റി തന്നെ രൂപം കൊണ്ടു. തീര്‍ത്ഥാടകര്‍ സംഭാവന നല്കിയ തുക സ്വരുക്കൂട്ടി 1536 ആഗസ്ത് 11ന് ഔര്‍ ലേഡി ഓഫ് മേഴ്സി എന്ന ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. പ്രത്യക്ഷീകരണത്തെ സാധൂകരിക്കുന്ന അനേകം അത്ഭുതങ്ങള്‍ക്ക് ഇറ്റലിയിലെ സവോണ വേദിയായി.
ജന്മനാ അന്ധരായ ഇരുപത്തിയൊന്നുമാസം പ്രായമുള്ള ജിയോവാനിയേയുംഏഴ് വയസ്സുള്ള മാഡലീനയേയും കൊണ്ട് മാതാപിതാക്കള്‍ മാതാവിന്റെ സന്നിധിയിലെത്തി. ഏറെനേരം തറയില്‍ മുട്ടുകുത്തി കൈകള്‍ കൂപ്പിപിടിച്ചുകൊണ്ട് ആ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥിച്ചു. എങ്കിലും നിരാശരായി അവര്‍ക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍ തിരിച്ചുപോകുന്ന വഴിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ നയനങ്ങള്‍ തുറക്കപ്പെട്ടു. അത്ഭുതം നിറഞ്ഞ മാതാപിതാക്കളുടെ മുഖങ്ങളും, ആകാശവും, മലകളും ആദ്യമായി അവര്‍ കണ്ടു. സവോണയിലെ ജനങ്ങളുടെ വിശ്വാസത്തെ ഇളക്കിമറിച്ചു ഈ അത്ഭുതരോഗസൗഖ്യം. 1540 മാര്‍ച്ച് എട്ടിന് കത്തിച്ച മെഴുകുതിരിയുമായി ഭക്തര്‍ പ്രദക്ഷിണത്തില്‍ പങ്കുകൊണ്ടു. 1752ല്‍ മാതാവിന്റെ ഒരു രൂപം ഉണ്ടാക്കി ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു.1815 മെയ് 10ന് പയസ് ഏഴാമന് പാപ്പ പ്രതിമയുടെ കിരീടധാരണം നിര്‍വ്വഹിച്ചു. 2008 മെയ് 17ന് സവോണയിലെത്തിയ ബനഡിക്റ്റ് പതിനാറാമന്റെ സന്ദര്‍ശനം ദേവാലയത്തിനു നേടികൊടുത്തത് വത്തിക്കാന്റെ സുവര്‍ണ്ണ റോസ് എന്ന സമ്മാനമാണ്. വളരെ അപൂര്‍വ്വമായ അവസരങ്ങളില്‍ മാത്രം വത്തിക്കാന്‍ നല്കുന്ന ഈ സമ്മാനം ദേവാലയത്തില്‍ വളരെ ഭദ്രമായി ഒരു ചില്ലുപേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.