കൊറോണക്കാലത്ത് പാവങ്ങള്‍ക്കായി അപ്പം ചുട്ട് വൈദികന്

ലോക്ക്ഡൗണ്‍ കാലത്ത് സാമ്പത്തികമായി തകര്‍ന്നവര്‍ ഫാ. ഓര്‍ട്ടിസിന്റെ ഇടവകയിലെത്തി ഒരു നേരത്തെ അപ്പത്തിനും സാമ്പത്തിക സഹായത്തിനുമായി മുട്ടിവിളിച്ചു. മനസ്സലിഞ്ഞ ഫാ. ഓര്‍ട്ടിസ് വീണ്ടും തന്റെ പഴയ പണിക്കിറങ്ങി. പാവങ്ങള്‍ക്കായി ധനം സമാഹരിക്കാന്‍ അദ്ദേഹം വീണ്ടും അപ്പം ചുട്ട് വില്‍ക്കാല്‍ ആരംഭിച്ചു. കോസ്റ്റ റിക്കയിലാണ് സംഭവം.
പതിനഞ്ചുകാരനായിരുന്നപ്പോള് ഫാ. ജീസന്‍ ജെറാര്‍ഡോ ഓര്‍ട്ടിസ് കുടുംബം പോറ്റാന്‍ സ്കൂള്‍ വിട്ടിറങ്ങിയതാണ്. സാമ്പത്തികമായ ഞെരുക്കത്തിലായിരുന്ന കുടുംബത്തെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം ഓരോ തൊഴിലന്വേഷിച്ചു നടന്നു. അങ്ങനെ കിട്ടിയതാണ് ഒരു ബേക്കറിയില്‍ ജോലി. അന്ന് പഠിച്ചതാണ് അപ്പം ചുടാന്‍.
21 ാം വയസ്സില്‍ ഓര്‍ട്ടിസ് സെമിനാരിയില്‍ ചേര്‍ന്നു. പത്തു വര്‍ഷമായി അദ്ദേഹം വടക്കന്‍ കോസ്റ്റ റിക്കയിലെ സെന്റ് റോസ ഓഫ് ലിമ ഇടവകയില്‍ സേവനം ചെയ്യുന്നു. കൊറോണ പകര്‍ച്ചവ്യാധി മൂലം പൊതു ദിവ്യബലികള്‍ നിറുത്തി വച്ചിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ തുടരുന്നതു മൂലം സമൂഹത്തില്‍ ദാരിദ്ര്യവും സാമ്പത്തിക ഞെരുക്കവും അദ്ദേഹം കണ്ടു. പലരും ഇടവകയിലെത്തി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. അപ്പോഴാണ് അവരെ സഹായിക്കുന്നതിനായി തന്റെ പഴയ തൊഴില്‍ പുനരാരംഭിക്കാന്‍ ഫാ. ഓര്‍ട്ടിസ് തീരുമാനിച്ചത്.