കൊറോണയുടെ നിഴലിലെ ആത്മീയ രഹസ്യം
~ കെ. ടി. പൈലി ~
യേശു സമരിയാക്കാരി സ്ത്രീയോട് പറഞ്ഞു: ഈ മലയിലോ ജറുസലേമിലെ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍ രക്ഷ യഹൂദരില്‍ നിന്നാണ്. എന്നാല്‍ യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്’ (യോഹ. 4. 21 – 24).
കൊറോണ വ്യാപനത്തിലൂടെ ആരാധനാലയങ്ങളെല്ലാം അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമാണ് ഈ വചനങ്ങള്‍. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥന എന്നത് ദൈവത്തെ കണ്ടു മുട്ടലും അനുഭവിക്കലുമാണ്. നമ്മള്‍ ഹൃദയം തുറന്ന് ആബ്ബാ പിതാവേ എന്ന് വിളിക്കാനുള്ള ബന്ധം ദൈവവുമായി ഉണ്ടാകുക എന്നതാണ് പ്രാര്‍ത്ഥന. അതിന് ദൈവകല്പനകള്‍ അനുസരിച്ച് വിശുദ്ധിയില്‍ ജീവിക്കേണ്ടതുണ്ട്. ദൈവത്തിന്റെ ഹിതമറിഞ്ഞ് നമ്മെ പറ്റിയുള്ള പദ്ധതി തിരിച്ചറിഞ്ഞ് ജീവിക്കുക എന്നതാണ് ഈ ലോക ജീവിതത്തിന്റെ രഹസ്യം. സ്വന്തം കഴിവില്‍ മാത്രം ആശ്രയിച്ച് എല്ലാ നേട്ടങ്ങളും തന്റെത് എന്നു ചിന്തിക്കുന്നവര്‍ക്ക് ദൈവത്തെ തിരിച്ചറിയാനാവില്ല. സഹനങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും തകര്‍ച്ചകളും ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരങ്ങളാക്കി മാറ്റുന്നിടത്ത് നമ്മെ തന്നെ എളിമപ്പെടുത്താനും ദൈവത്തിന്റെ വിധിയുടെ മുന്നില്‍ മുട്ടുമടക്കാനും കഴിയണം. അപ്പോഴാണ് ജീവിതത്തെ പരാതി കൂടാതെ സ്വീകരിക്കാന്‍ കഴിയുന്നത്.
‘ നിന്റെ ദൈവത്തിന്റെ മുമ്പില്‍ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു’ (ദാനിയേല്‍ 10. 12). ‘ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്ന് നമുക്കറിയാം. എന്നാല്‍ ദൈവത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു’ (യോഹ. 9. 31). ഇതാണ് പ്രാര്‍ത്ഥനയുടെ രഹസ്യം. നമ്മുടെ കഴിവോ പ്രയത്‌നമോ അല്ല ദൈവത്തിന്റെ ദയയാണ് എല്ലാത്തിനും അടിസ്ഥാനം. ഈ സത്യം തിരിച്ചറിഞ്ഞ് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ് ജീവിക്കുക. അത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.
‘ എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുവില്‍ നിങ്ങളെ സംബന്ധിച്ച ദൈവഹിതം’ (1 തെസലോണി. 5. 16 -18)
‘അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.’ (ഹബക്കുക്ക് 3: 17 -18)