ആശുപത്രികളുടെയും നഴ്സുമാരെയും രോഗികളുടെയും മധ്യസ്ഥന്‍
ഇതാ കൊറോണക്കാലത്ത് പ്രാര്‍ത്ഥിക്കാനും മാധ്യസ്ഥം തേടാനും ഒരു വിശുദ്ധന്. വി. കമില്ലസ് ഡി ലെല്ലിസ്. സൈനികനും ചൂതാട്ടക്കാരനും ആയിരുന്ന കമീല്ലസ് പില്ക്കാലത്ത് വൈദികനാകുകയും തന്റെ ജീവിതം രോഗികളെ ശുശ്രൂഷിക്കുന്നതിനായി വിനയോഗിക്കുകയും ചെയ്തു.
1550 ല്‍ നേപ്പിള്‍സിന്റെ ഭാഗമായ അബ്രുസോയിലാണ് വിശുദ്ധന് ജനിച്ചത്. അദ്ദേഹത്തിന് 13 വയസ്സുണ്ടായിരുന്നപ്പോള്‍ അമ്മ മരിച്ചു. തുടര്‍ന്ന് സൈന്യത്തില്‍ ചേര്‍ന്നു. അക്രമസ്വഭാവവും എടുത്തുചാട്ടവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.
ഒരിക്കല്‍ അദ്ദേഹത്തിന്റെ കാലില്‍ സംഭവിച്ച ഒരു മുറിവില്‍ അണുബാധ വന്നു. ആശുപത്രിയില്‍ എത്തിയിട്ടും അദ്ദേഹത്തിന്റെ കോപസ്വഭാവത്തിന് മാറ്റം വ്ന്നില്ല. ചൂതാട്ടം കൊണ്ട് സ്വന്തമായതെല്ലാം മുടിച്ചു. പണം തീരെയില്ലാതെ അദ്ദേഹം ഒരു കപ്പുച്ചിന്‍ ആശ്രമത്തില്‍ ജോലിക്ക് കയറി. 1575 ല്‍ അദ്ദേഹം ശ്രവിക്കാനിടയായ ഒരു പ്രഭാഷണം അദ്ദേഹത്തെ മാനസാന്തരത്തിലേക്ക് നയിച്ചു.
കപ്പുച്ചിന്‍ സഭയില്‍ ചേരാനുള്ള ശ്രമങ്ങള്‍ വിഫലമായപ്പോള്‍ അദ്ദേഹം റോമിലേക്കു പോയി സെന്റെ ജിയോക്കോമൊ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വി. ഫിലിപ്പ് നേരി അദ്ദേഹത്തിന്റെ കുമ്പസാരക്കാരനായി.
ആശുപത്രിയില്‍ കൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ അദ്ദേഹം അവിടെ രോഗികളെയും മരണാസന്നരെയും ശുശ്രൂഷിക്കാന്‍ ആരംഭിച്ചു. വൈകാതെ അദ്ദേഹം ആശുപത്രിയുടെ സുപ്രണ്ടായി ഉയര്‍ന്നു.
1585 ല്‍ അദ്ദേഹം സര്‍വെന്റ്സ് ഓഫ് ദ സിക്ക് (രോഗികളുടെ ദാസന്മാര്) എന്ന പേരില്‍ ഒരു സംഘം സ്ഥാപിച്ചു രോഗികളെ ശുശ്രൂഷിക്കാന്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ആ സംഘത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചു. പില്ക്കാലത്ത് അതൊരു സന്ന്യാസ സഭയായി വളര്‍ന്നു.
1614 ജൂലൈ 14 ന് കമില്ലസ് ഇഹലോകവാസം വെടിഞ്ഞു. ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. 1886 ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ അദ്ദേഹത്തെ ആശുപത്രികളുടെയും രോഗികളുടെയും മധ്യസ്ഥനായി പ്രഖ്യാപിച്ചു.