മരണത്തിന് മധ്യേ ജീവന്റെ ദൂതരാകുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മരണത്തിന്റെ ഈ കാലഘട്ടത്തില്‍ ജീവന്റെ ദൂതരായിരിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ തന്റെ ഈസ്റ്റര്‍ ജാഗര സന്ദേശത്തില്‍ പറഞ്ഞു. കൊറോണ വൈറസ് മൂലം വിശ്വാസികളാരും ഇല്ലാതെ ശൂന്യമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചാണ് പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്.
‘സമാശ്വാസം പകരുകയും മറ്റുള്ളവരുടെ ഭാരങ്ങള്‍ വഹിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളാവുക എന്നത് എത്ര മനോഹരമാണ്!’ എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ ദിവ്യബലി സന്ദേശം ആരംഭിച്ചത്.’ മരണത്തിന്റെ നേരത്ത് ജീവന്റെ ദൂതരാകാന്‍ പാപ്പാ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു.
‘മരണത്തിന്റെ നിലവിളികളെ നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങള്‍ വേണ്ട! ആയുധ നിര്‍മാണവും ആയുധ കച്ചവടവും നിറുത്തലാക്കാം. നമുക്ക് തോക്കുകളല്ല വേണ്ടത് അപ്പമാണ്. ഭ്രൂണഹത്യയും നിഷ്കളങ്കരക്തം ചൊരിയലും നമുക്ക് അവസാനിപ്പിക്കാം’ പാപ്പാ പറഞ്ഞു.
ആവശ്യത്തിന് പണവും വിഭവവുമുള്ളവര് ജീവിക്കാനാവശ്യമായതൊന്നും ഇല്ലാത്താവരുടെ ഒഴിഞ്ഞ കരങ്ങള്‍ നിറയ്ക്കണമെന്ന് മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.