‘കൊറോണാ ദുരന്തകാലത്ത് തിരുഹൃദയം നിങ്ങള്‍ക്കായി തുറന്നിരിപ്പൂ!’
വാഷിംഗ്ടന്‍: കൊറോണ വൈറസ് ബാധ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പള്ളികളെല്ലാം അടച്ചു പൂട്ടിയ സങ്കടങ്ങളില്‍ കഴിയുന്ന കത്തോലിക്കര്‍ക്ക് സമാശ്വാസ സന്ദേശവുമായി യുഎസ് മെത്രാന്മാര്‍. യേശുവിന്റെ തിരുഹൃദയത്തില്‍ വെളിവാകുന്ന ദൈവത്തിന്റെ കരുണ തേടുവാനുള്ള അപൂര്‍വമായ സന്ദര്‍ഭമാണ് ഈ വിശുദ്ധ വാരം എന്ന് യുഎസ് കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ് പറഞ്ഞു.
‘ദുഖവെള്ളിയാഴ്ച കുരിശില്‍ തൂങ്ങിക്കിടക്കവേ പിളര്‍ന്നു പോയ ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ മനുഷ്യവംശത്തോടുള്ള, നമ്മോട് ഓരോരുത്തരോടുമുള്ള ദൈവത്തിന്റെ സ്‌നേഹം നാം കാണുന്നു’ ആര്‍ച്ചുബിഷപ്പ് ഗോസ് പറഞ്ഞു.
‘വ്യത്യസ്ഥമാണ് ഈ വിശുദ്ധവാരം. നമ്മുടെ പള്ളികള്‍ അടഞ്ഞു കിടക്കുകയായിരിക്കാം, എന്നാല്‍ ക്രിസ്തു ക്വാറന്റൈനിലല്ല, സുവിശേഷം ബന്ധിക്കപ്പെട്ടിട്ടില്ല. ഓരോ സ്ത്രീപുരുഷന്മാര്‍ക്കും വേണ്ടി യേശുവിന്റെ ഹൃദയം തുറന്നു കിടക്കുന്നു. നമുക്ക് ഒരുമിച്ചു കൂടി ആരാധന നടത്താന്‍ സാധിക്കുകയില്ലെങ്കിലും നമ്മുടെ ഹൃദയത്തിന്റെ സക്രാരിയില്‍ നാം അവിടുത്തെ തേടണം.’ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
‘അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നതിനാലും അവിടുത്തെ സ്‌നേഹത്തിന് യാതൊരു മാറ്റവും സംഭവിക്കാത്തതിനാലും ഈ പരീക്ഷണഘട്ടത്തില്‍ പോലും നാം ഭയപ്പെടേണ്ട കാര്യമില്ല. ഈ രഹസ്യങ്ങളാണ് ഈ വിശുദ്ധവാരത്തില്‍ നാം അനുസ്മരിക്കുന്നത്. നമുക്ക് അവിടുത്തെ സ്‌നേഹിത്തിലൂള്ള നമ്മുടെ വിശ്വാസം നവീകരിക്കാം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 10 ാം തീയതി ദുഖവെള്ളിയാഴ്ച കൊറോണ ബാധ അവസാനിക്കുന്നതിനായി നാം ഒരുമിച്ച് തിരുഹൃദയത്തിന്റെ ലുത്തിനിയ ചൊല്ലണമെന്നും ആര്‍ച്ചുബിഷപ്പ് ഗോമസ് ഓര്‍മിപ്പിച്ചു.