“എന്റെ കണ്മണിക്ക്..”
ഉയരെ വളരണം..
ഉയിരിൽ നിറയണം, ഉയിരിന്റെ ഉയിരായ കണ്മണി നീ..
ഉടലഴകല്ല നിൻ ഉണ്മയെ കാക്കണം,
നന്മയെ കണികണ്ടുണർന്നിടേണം..
അമ്മ തന്നുമ്മയും അമ്മിഞ്ഞപ്പാലും നിൻ ചുണ്ടിലെ തേന്മൊഴിയായിടേണം..
നാമജപങ്ങളിൽ നാവുണർന്നീടണം,
അറിവേകുമുണർവ്വോടെ വാണിടേണം..
സംസാരം ഹൃദ്യമാകണമുണ്ണീ നിൻ-
സംസർഗ്ഗം സുന്ദരമായിടേണം..
സമ്പർക്കം സന്തോഷമാക്കിടേണം,
സംസ്കാരമുള്ളവനെന്നൊരു ഖ്യാതിയും നേടണം..
കല്മഷം കലരാത്ത കണ്ണ് വേണം,
എളിമ നിറഞ്ഞോരു ഹൃത്ത് വേണം,
കരളിലൊരിത്തിരി അൻപു വേണം,
പിന്നെ കണ്ണീരു മാറ്റാൻ കരുത്തു വേണം..
കൂട്ടക്ഷരങ്ങൾ പഠിച്ചിടേണം,
കുറവുകൾ നിറവുകളാക്കിടേണം,
അപരന്റെ ജീവന് തുണയാകണം,
അലിവായി കൂടെ നടന്നിടേണം..
കരുതലുണ്ടാകണം കാവലായീടണം,
കദനമകറ്റാൻ കനിവ് വേണം,
കരുണവറ്റാത്തൊരു കൂട്ടാകണം,
പിന്നെ കള്ളം പറയാത്തൊരുള്ളു വേണം..
സമ്മതിയേറ്റി നീ,
സമ്മോദം വാഴുമ്പോൾ,
സന്ദേഹമെന്നിയേ കുമ്പിടേണം,
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കുമീ നിത്യ പ്രകാശത്തെ കൈതൊഴേണം..
– Navya Joseph