കോവിഡ് ചികിത്സയ്ക്കായി ആശുപത്രികള്‍ വിട്ടു കൊടുക്കാന്‍ സന്നദ്ധതയറിയിച്ച് കേരള കത്തോലിക്കാ സഭ
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം സഭയുടെ സന്നദ്ധത അറിയിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാമെന്നും അറിയിച്ചു.