കൊറോണാ വൈറസ്: ചരിത്രം നൽകുന്ന പാഠം

1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് പടർന്നു പിടിച്ചു. അത് പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. മാരകമായ ഈ രോഗത്താൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരിച്ചുവീണു. തെരുവുകളിലും ചന്തസ്ഥലങ്ങളിലും വീടുകളിലും ദേവാലയങ്ങളിലും അത് മറ്റുള്ളവരിലേക്ക് ഇടിമിന്നൽപോലെ ആളിപ്പടർന്നു.
വൈദികരും ഡോക്ടർമാരും നേഴ്സുമാരും അടക്കം അനേകം പേർ മരിച്ചുവീണതുകൊണ്ട് അവരുടെ ശവശരീരങ്ങൾ സംസ്കരിക്കാതെ തെരുവുകളിൽ കിടന്നു. മരിച്ചുകൊണ്ടിരുന്നവരെ അചഞ്ചലമായ തീക്ഷ്ണതയോടെ സഹായിച്ചവരില്‍ ഓദ്രെഡയാസ് എന്ന ഒരു മെത്രാനുണ്ടായിരുന്നു. പകര്‍ച്ചവ്യാധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നു ബോധ്യമായപ്പോൾ ഈ വിശുദ്ധനായ മനുഷ്യന്‍, യേശുവിന്‍റെ പരിശുദ്ധനാമം വിളിച്ചപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരോടും മരിച്ചുകൊണ്ടിരിക്കുന്നവരോടും രോഗം ബാധിക്കാത്തവരോടും “യേശുവേ യേശുവേ” എന്ന് വിളിച്ചപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു അദ്ദേഹം തെരുവുകളിലൂടെ ചുറ്റി സഞ്ചരിച്ചു. അദ്ദേഹം ഇപ്രകാരം ജനങ്ങളോടു പറഞ്ഞു. “ആ പരിശുദ്ധനാമം കാര്‍ഡുകളില്‍ എഴുതി അവ നിങ്ങളുടെ വസ്ത്രത്തില്‍ അണിയുക. അവ നിങ്ങളുടെ തലയിണയുടെ അടിയില്‍ വയ്ക്കുക. അവ നിങ്ങളുടെ കട്ടിളപ്പടിയില്‍ ഒട്ടിച്ചു വയ്ക്കുക. എല്ലാത്തിനുമുപരിയായി ആ ശക്തമായ നാമം നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഉരുവിടുക.”
രോഗികള്‍ക്കും മരണാസന്നരായവര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം നാടു മുഴുവന്‍ സഞ്ചരിച്ചു. രോഗികള്‍ക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെ തോന്നി. അവര്‍ യേശുനാമം വിളിച്ചപേക്ഷിക്കുകയും യേശുനാമം എഴുതിയ കാര്‍ഡുകള്‍ നെഞ്ചില്‍ ധരിക്കുകയും അവ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ. രോഗികള്‍ സുഖം പ്രാപിച്ചു. മരണാസന്നര്‍ അവരുടെ വേദനയില്‍ നിന്നും ഉയര്‍ന്നു. പ്ലേഗ് ബാധ അവസാനിച്ചു. അങ്ങനെ പട്ടണം ഏറ്റവും മാരകമായ വ്യാധിയില്‍ നിന്നും മുക്തമായി.
ഈ വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ യേശുനാമം വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങി. അവിശ്വസനീയമായ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ മാരകമായ രോഗത്തില്‍ നിന്നും പോര്‍ച്ചുഗല്‍ മുഴുവന്‍ സ്വതന്ത്രമായി. ഈ അത്ഭുതങ്ങള്‍ കണ്ടശേഷം ജനങ്ങള്‍ നന്ദിയോടെ അവരുടെ രക്ഷകന്‍റെ നാമത്തോടുള്ള സ്നേഹവും അതിലുള്ള ശരണവും കാത്തുസൂക്ഷിച്ചു.എല്ലാ അപകടങ്ങളിലും അവര്‍ യേശുനാമം വിളിച്ചപേക്ഷിച്ചു. യേശുനാമ പ്രചാരണത്തിനുവേണ്ടി പള്ളികള്‍തോറും യേശുനാമം പ്രഘോഷിക്കുന്ന പ്രദക്ഷിണങ്ങള്‍ നടത്തപ്പെട്ടു. ഈ അനുഗൃഹീത നാമത്തിന്‍റെ ബഹുമാനാര്‍ത്ഥം അള്‍ത്താരകള്‍ ഉയര്‍ത്തപ്പെട്ടു.
അതിനാൽ കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം. കാരണം യേശുനാമത്തിന്റെ ശക്തി അനന്തമാണ്. അവിടുന്നു പറയുന്നു “…നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും” (യോഹ 15:16)