റോം രൂപത പൊതു കുര്‍ബാനകള്‍ റദ്ദാക്കി, ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം
റോം: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, ഏപ്രില്‍ 3 വരെ എല്ലാ പൊതു കുര്‍ബാനകളും റദ്ദ് ചെയ്തു കൊണ്ട് റോം രൂപത ഉത്തരവിറക്കി. ഞായറാഴ്ച വൈകിട്ടാണ് രൂപതയുടെ വികാരി ജനറല്‍ ഉത്തരവിറക്കിയത്.
പൊതുവായി നടത്തപ്പെടുന്ന എല്ലാ മതപരമായ ചടങ്ങുകളും മാറ്റിവയ്ക്കണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് റോം രൂപതയുടെ നടപടി.
‘ഈ കനത്ത പരീക്ഷണം സുവിശേഷാത്മകമായി നേരിടാന്‍ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ. നിങ്ങളെ ഞാന്‍ ദിവ്യസ്നേഹത്തിന്റെ പരിശുദ്ധ നാഥയുടെ കരങ്ങളില്‍ ഭരമേല്പിക്കുന്നു’ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചെലോ ഡീ ഡൊണാറ്റിസ് പറഞ്ഞു.
റോമിലും വത്തിക്കാന്‍ സിറ്റിയിലും വസിക്കുന്ന വൈദികര്‍ക്ക് സ്വകാര്യ കുര്‍ബാനകള്‍ അര്പിക്കാന് അനുവാദമുണ്ട്. റോമിലെ ഇടവകകളില്‍ സക്രാരികള്ക്കു മുമ്പില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും അനുവാദമുണ്ട്.