ഇറ്റലിയില്‍ ടാപ്പില്‍ നിന്ന് വെള്ളത്തിന് പകരം വീഞ്ഞൊഴുകി!
കാസ്റ്റെല്‍വെട്രോ: ‘ഞാന്‍ അടുക്കളയില്‍ പാത്രം കഴുകുകയായിരുന്നു. ടാപ്പ് ഓഫ് ചെയ്ത ശേഷം വീണ്ടും തുറന്നപ്പോള്‍ അതില്‍ നിന്ന് വീഞ്ഞൊഴുകുന്നു!’ 56 കാരിയായ മൊറിസിയോ വോള്‍പി പറഞ്ഞു.
ഇതേ അനുഭവം ഉണ്ടായത് വോള്പിക്ക് മാത്രമല്ല, ഇറ്റലിയില്‍ സെറ്റെകാനി കാന്റിന എന്ന വൈന്‍ നിലവറയ്ക്ക് സമീപം താമസിക്കുന്ന നിരവധി വീട്ടുകാര്‍ക്കുമാണ്. മാര്‍ച്ച് നാലിനാണ് ഈ സംഭവം ഉണ്ടായത്.
വൈകാതെ വെള്ളം വീഞ്ഞായതിന്റെ കാരണം വ്യക്തമായി. ഒരു വാല്‍വ് തകരാറായതിന്റെ ഫലമായിട്ടാണ് ഈ സംഭവം ഉണ്ടായത്.
വീഞ്ഞ് കുപ്പിയില്‍ നിറയ്ക്കുന്ന സ്ഥലത്ത്, വീഞ്ഞുകുപ്പികള്‍ കഴുകുന്ന ഭാഗത്ത് ജലസംവിധാനത്തിന്റെ വാല്‍വ് തകരാറിലാകുകയും അങ്ങനെ ജലസംവിധാനത്തിലേക്ക് വീഞ്ഞ് കയറിപ്പോകുകയുമാണുണ്ടായത്.
എന്തായാലും അല്പനേരത്തേക്കെങ്കിലും ഇറ്റലിയിലെ കാസ്റ്റെല്‍വെട്രോ നിവാസികള്‍ക്ക് കാനായിലെ കല്യാണ അനുഭവം ഉണ്ടായി!