കൊറോണയേക്കാള്‍ ഭയാനകമാണ് രോഗഭയമെന്ന് ഫ്രഞ്ച് ബിഷപ്പ്
ബെല്ലി: കൊറോണ വൈറസിനെക്കാള്‍ പേടിക്കേണ്ടത് വൈറസിനെ കുറിച്ചുള്ള ജനങ്ങളുടെ ഭയത്തെയാണെന്ന് ബെല്ലി ആര്‍സിലെ മെത്രാന്‍ പാസ്‌കല്‍ റോളണ്ട്.
‘കോറോണ വൈറസ് എന്ന ബാധയേക്കാള്‍ നാം പേടിക്കേണ്ടത് ബാധയെക്കുറിച്ചുള്ള ഭയത്തെയാണ്! എന്നെ സംബന്ധിച്ച് പൊതുവായി ബാധിച്ചിരിക്കുന്ന ഭീതിക്ക് കീഴ്‌പ്പെടാതെ അവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം’ രൂപതയുടെ വെബ്‌സൈറ്റില്‍ ബിഷപ്പ് റോളണ്ട് കുറിച്ചു.
‘ഇക്കാരണത്താല്‍ എന്റെ രൂപതയ്ക്ക് എന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ചു കൂടുന്നത് നിര്‍ത്താന്‍ പോകുകയാണോ? സഹോദരനെ സന്ദര്‍ശിക്കുന്നതും അവരെ സഹായിക്കുന്നതും ഇനി മുതല്‍ നിര്‍ത്താന്‍ പോകുകയാണോ?:അടിസ്ഥാനപരമായ വിവേകം എല്ലാവരും പ്രയോഗിക്കുക. മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ രോഗികള്‍ ഇട നല്‍കാതിരിക്കുക. ഇതല്ലേ, നാം ചെയ്യേണ്ടത്?’ മെത്രാന്‍ ചോദിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരുമിച്ചു കൂടിയുള്ള കുര്‍ബാനകളും പ്രാര്‍ത്ഥനാകൂട്ടായ്മകളും ഒഴിവാക്കിയ സാഹചര്യത്തിലാണ് ബിഷപ്പ് തന്റെ അഭിപ്രായ പ്രകടനം നടത്തിയത്.