കൊറോണ വൈറസിന്റെ ശമനത്തിനായുള്ള പ്രാർത്ഥന

സർവ്വത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവമേ , അങ്ങേപ്പക്കലേയ്ക്കു ഞങ്ങൾ ഓടിയണയുന്നു. ലോകത്തെമുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ.
ആശുപത്രികളിൽ ജോലിചെയ്യുന്നവരെ അനുഗ്രഹിക്കുകയും ധൈര്യപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യണമേ. എല്ലാ ഭരണാധികാരികളെയും നേതാക്കന്മാരെയും ശക്തിപ്പെടുത്തണമേ. മരുന്നുകളുടെ ഗവേഷണങ്ങൾ നടത്തുന്നവർക്ക് ഈ പകർച്ചവ്യാധിയെ തടയുന്ന ഫലപ്രദമായ മരുന്നു കണ്ടുപിടിക്കുവാൻ സ്വർഗീയ ജ്ഞാനം നൽകണമേ.
കരുണാമയനായ ദൈവമേ, സഹജീവികളോടും പ്രകൃതിയോടും മനുഷ്യർ ചെയ്യുന്ന എല്ലാ ക്രൂരതകൾക്കും ഞങ്ങൾ മാപ്പപേക്ഷിക്കുന്നു . അങ്ങയുടെ സൃഷ്ടിയുടെ ലക്ഷ്യത്തിനും നിയമങ്ങൾക്കും സ്നേഹത്തിനും എതിരായി മനുഷ്യർ ചെയ്യുന്ന എല്ലാ അപരാധങ്ങളും ക്ഷമിക്കുകയും പാപികളെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്യണമേ .
പിതാവേ, ഞങ്ങളുടെ ആത്മാക്കളെ നിത്യ നാശത്തിലേക്കു നയിക്കുന്ന മഹാവ്യാധിയായ പാപത്തിൽനിന്നു അകന്നു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. യുദ്ധങ്ങളും , കൊലപാതകങ്ങളും ഗർഭച്ഛിദ്രവുമൊക്കെ വെറും സാധാരണ സംഭവങ്ങളായി സാധൂകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവഹിതം മനസ്സിലാക്കി ജീവിക്കുവാനുള്ള വിശുദ്ധമായ മനസ്സാക്ഷി എല്ലാ മനുഷ്യർക്കും നൽകണമേ.
മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി പീഡാസഹനവും ക്രൂശുമരണവും സ്വയം ഏറ്റുവാങ്ങിയ അങ്ങയുടെ ഏകപുത്രനായ യേശുക്രിസ്തുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാൽ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ .
പരിശുദ്ധ മറിയമേ, വിശുദ്ധ യൗസേപ്പേ, വിശുദ്ധ സെബാസ്ത്യാനോസേ, സകലവിശുദ്ധരും മാലാഖാമാരുമേ, ലോകം മുഴുവൻ വിശുദ്ധീകരിക്കപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
ആമേൻ.1 സ്വർഗ്ഗ 3 നൻമ 1 ത്രീത്വ