ദൈവത്തിന്റെ സ്വരം
(ബ്രദര് തോമസ് പോളിന്റെ ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതുന്നത് )
ദൈവത്തിന്റെ സ്വരം കേൾക്കാൻ ശ്രമിക്കാം. ബ്രദർന്റെ ഒരു അനുഭവം പങ്ക് വച്ചത് നമുക്ക് ഒന്ന് ശ്രദ്ധിക്കാം.
പണ്ട് ബ്രദർ പള്ളിയിൽ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ, ആവശ്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരിക്കും. ഒരു ദിവസം എല്ലാം പറഞ്ഞു കഴിഞ്ഞു പോരുന്ന സമയത്ത് ഒരു ശബ്ദം — തോമസ് — തോമസ്. വാത്സല്യം നിറഞ്ഞ ഒരു ശബ്ദം. പള്ളിയിൽ ആരും ഇല്ലായിരുന്നു. ബ്രദർ തിരിഞ്ഞു നോക്കി. ആരുമില്ല.അപ്പോൾ ബോധ്യം ആയി. കർത്താവ് എന്നെ വിളിക്കുകയാണ്. സന്തോഷം നിറഞ്ഞ നിമിഷം. ആ വിളി കേൾക്കുമ്പോൾ തന്നെ, ആ സ്വരം കേൾക്കുമ്പോൾ തന്നെ നമുക്ക് വലിയ സന്തോഷം വരും. നമുക്ക് അത് കേൾക്കുമ്പോഴേ മനസ്സിലാവുകയുള്ളു. ബ്രദർ തിരിച്ചു ചെന്ന് മുട്ടുകുത്തി സാഷ്ടാംഗം വീണു. എന്നിട്ട് ചോദിച്ചു, എന്താ കർത്താവേ വിളിച്ചത്? അപ്പോൾ പറഞ്ഞു നീ ഒരു മണിക്കൂർ മുഴുവൻ പറഞ്ഞ കാര്യം എനിക്ക് അറിയാമായിരുന്നല്ലോ. നിന്റെയും എന്റെയും സമയം കളഞ്ഞു. എന്നിട്ട് പറയുകയാണ്, നിന്റെ എല്ലാ പ്രശ്നങ്ങളും അനന്ത ജ്ഞാനം ആയ എനിക്ക് അറിയാം. മാത്രമല്ല, നിന്റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരവും എനിക്കറിയാം. നീ അതല്ലേ ചോദിക്കേണ്ടത്.അല്ലാതെ പ്രശ്നങ്ങൾ മുഴുവൻ എനിക്ക് തന്നിട്ട് പോവുകയാണോ? പരിഹാരം ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ. ഇതാണ് നീ ചെയ്യേണ്ടത്. നീ ഒരു മണിക്കൂർ പറഞ്ഞതെല്ലാം ഒറ്റ വാചകത്തിൽ നിനക്ക് പറയാം “എന്റെ കർത്താവേ, എന്റെ പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം.അങ്ങയുടെ ജ്ഞാനത്തിലൂടെ എനിക്ക് പരിഹാരം തരണമേ.” ഭയങ്കര സന്തോഷം ആയിരിക്കും ഇങ്ങിനെ നമ്മൾ പ്രാർത്ഥിച്ചാൽ. ഉടനെ ബ്രദർന് പരിഹാരം പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിൽ പിന്നെ ബ്രദർ ജീവിതത്തിൽ ഒരു പ്രശ്നത്തെയും അവതരിപ്പിക്കാറില്ല.
നമുക്ക് ഈ രീതി ഒരു മാതൃക ആണ്. നമ്മുടെ പ്രശ്നങ്ങൾക്ക് എന്താണ് ഒരു പരിഹാരം എന്ന് ചോദിക്കുക.എന്നിട്ട് ആ സ്വരം ശ്രവിക്കുക. അപ്പോൾ നമുക്ക് കേൾക്കാം, ദൈവത്തിന്റെ സ്വരം. അതാണ് ജ്ഞാനത്തിന്റെ ഒരു പ്രവർത്തനം.
ദൈവത്തിന്റെ ജ്ഞാനത്തിലൂടെ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും- നമ്മുടെ ജീവിതത്തിനെ നയിക്കുന്നതിന് നമ്മോട് സംസാരിക്കും.
ആ അർത്ഥത്തിൽ ആണ് നമ്മൾ സങ്കീർത്തനത്തിൽ പാടുന്നത്
കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പക്ഷേ നമ്മൾ എന്ത് ചെയ്യണം, ഇടയന്റെ അടുത്ത് ചെന്നിരുന്ന് ശ്രവിക്കണം.
ഈശോ എപ്പോഴും പറയുന്ന ഒരു കാര്യം ആണ്, എന്നെ അനുഗമിക്കുക. അപ്പോൾ ഒരു കാര്യംഉറപ്പാണ്, ഈശോ നമ്മുടെ മുൻപേ പോകുന്നു. നമ്മൾ ചെയ്യേണ്ടത് ഒന്ന് മാത്രം. നമ്മുടെ മുൻപേ പോകുന്ന ഈശോയുടെ പിന്നാലെ പോകുക. ഈശോയെ മറികടന്ന് പോകേണ്ട. കർത്താവ് നമ്മെ മനോഹരമായി നയിച്ച് കൊണ്ടിരിക്കുന്നു. നമുക്ക് വേണ്ടി കർത്താവ് മുൻപേ പോയി എല്ലാം ഒരുക്കുന്നു. അതിനെ നമ്മൾ മറികടക്കാൻ ശ്രമിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ വരുന്നത്. ദൈവത്തിന്റെ ജ്ഞാനം ആണ് നമ്മെ നയിക്കുന്നത്. നമ്മെ ദൈവത്തിന്റെ സ്വരം കേൾപ്പിക്കുന്നതും.
ആ ദൈവസ്വരം നമ്മിലേക്ക് വരുമ്പോഴാണ് ജ്ഞാനത്തിന്റെ ഏറ്റവും വലിയ പ്രവർത്തനം നമ്മിൽ നടക്കുന്നത്.
എന്തുകൊണ്ടാണ് നമ്മൾ സ്വരം കേൾക്കാത്തത്? നമ്മൾ നേരത്തെ കേട്ടു, ജ്ഞാനം അക്ഷയ നിധിയാണ്. അത് സിദ്ധിച്ചവർക്ക് ദൈവത്തിന്റെ സൗഹൃദം ലഭിക്കും. ഒരു ഉദാഹരണം പറയാം. നമുക്ക് തന്നെ അറിയാം. ചിലർ വെറും സമയംകൊല്ലികൾ ആണ്. അവരോട് സംസാരിച്ചു തുടങ്ങിയാൽ ആവശ്യമില്ലാത്ത വാദപ്രതിവാദങ്ങൾ കേൾക്കേണ്ടി വരുമെന്നോർത്ത് നമ്മൾ പതുക്കെ അവരെ ഒഴിവാക്കും. നമ്മുടെ സുഹൃത്തുക്കൾ ആണെങ്കിലും. നമ്മൾ പറയുന്നത് അവർക്കും മനസ്സിലാവില്ല. അവർ പറയുന്നത് നമുക്കും മനസ്സിലാവില്ല. ജ്ഞാനം എന്ന് പറയുന്നത്,
ദൈവത്തിനു നമ്മോട് പറയുന്നത് മനസ്സിലാകുന്ന ഒരു അവസ്ഥ കൂടി ആണ്. പത്തു കന്യകമാരുടെ ഉപമ നമുക്ക് അറിയാമല്ലോ. ആ അഞ്ചു കന്യകമാർ ജ്ഞാനവതികൾ ആയിരുന്നു. അവർ മണവാളനൊടൊപ്പം മണിയറയിലേക്ക് പ്രവേശിച്ചു. വിവേക ശൂന്യരായ കന്യകമാർ, മണവാളൻ വന്നപ്പോൾ അവിടെ ഉണ്ടായില്ല. അപ്പോഴാണ് അവർ വിളക്കിൽ എണ്ണ ഒഴിക്കാൻ പോയത്.
ധ്യാനത്തിൽ ബ്രദർ ദൈവത്തിനോട് സംസാരിക്കാൻ പരിശീലനം തന്നപ്പോൾ പലർക്കും ആ സ്വരം കേൾക്കാൻ സാധിച്ചു. വളരെ വലിയ ആത്മനിർവൃതി ആയിരുന്നു ആ സമയം. വ്യക്തിപരമായ അടുപ്പം ദൈവത്തിനോട് ഉണ്ടാവുക എന്ന് പറയുന്നത് വലിയൊരു കാര്യം അല്ലേ. നമ്മുടെ ജീവിതത്തെ ആ ഒറ്റ നിമിഷം കൊണ്ട് പാടെ മറിച്ചു കളയും. കർത്താവ് സംസാരിക്കുമ്പോൾ, അവിടന്ന് തന്നെ തന്നെ നമ്മിലേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്.