ഒന്‍പത് വയസ്സുകാരിയായ ഒരു വിശുദ്ധയെ അറിയാമോ?
സ്പെയിനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സമയം. ക്രൈസ്തവര്‍ക്കുനേരെയുള്ള പീഢനം രൂക്ഷമായ കാലഘട്ടം. തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാനായി അനേകം ക്രൈസ്തവവിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചു. ഈ കാലയളവില്‍ വിരിഞ്ഞ ദൈവകൃപയുടെ നറുമലരായിരുന്നു മരിയ കാര്‍മെന്‍ എന്ന പിഞ്ചുബാലിക. 1996 ജനുവരി 16ന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ധന്യ എന്ന പദവിയിലേക്ക് ഉയര്‍ത്തി. വിശുദ്ധിയുടെ പാഥേയത്തിലേക്ക് പ്രയാണം ചെയ്യുന്ന ഈ നറുമലരിന്റെ ജീവിതത്തിലേക്ക് നമുക്ക് കടന്നുചെല്ലാം.
1930 മാര്‍ച്ച് 14ന് സ്പെയിനിലെ മാഡ്രിഡ് എന്ന പട്ടണത്തില്‍ കത്തോലിക്കാ ദമ്പതികളുടെ അഞ്ച് മക്കളില്‍ രണ്ടാമതായി മരിയ കാര്‍മെന്‍ ജനിച്ചു. രോഗങ്ങള്‍ നിറഞ്ഞതായിരുന്നു അവളുടെ ശൈശവം. അതിനാല്‍ നന്നേ ചെറുപ്പത്തില്‍ മരിയയ്ക്ക് മാമ്മോദീസാ നല്കി. രണ്ടാമത്തെ വയസ്സില്‍ സ്ഥൈര്യലേപനം സ്വീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പം ജപമാല ചൊല്ലുന്നതിനും, ദിവ്യബലി അര്‍പ്പിക്കുന്നതിലും കുഞ്ഞുമരിയ പുലര്‍ത്തിയ ശ്രദ്ധയും ശുഷ്കാന്തിയും വളരെ വലുതാണ്.
ആറാമത്തെ വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടത്തി. രാജ്യത്തെ അരക്ഷിതാവസ്ഥ, ക്രൈസ്തവവിശ്വാസികള്‍ക്ക് നേരിടേണ്ടിവന്ന പീഢനങ്ങള്‍ ഇവയെല്ലാം മകളുടെ വിശ്വാസരൂപീകരണത്തിന് വിഘാതമാകാതെയിരിക്കാന് അമ്മ നിര്‍ദ്ദേശിച്ച മാര്‍ഗമായിരുന്നു നേരത്തെയുള്ള കൂദാശകളുടെ സ്വീകരണം.
മരിയയുടെ പിതാവ് കമ്മ്യൂണിസ്റ്റ് ഭരണാനുകൂലികളുടെ പീഢനത്തിന് ഇരയായി രക്തസാക്ഷിയായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”ഞാന്‍ ദൈവത്തിനു വേണ്ടിയാണ് മരിക്കുന്നത്, കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതമായ ഒരു സ്പെയിനിനു വേണ്ടി ഞാന്‍ ജീവന് ത്യജിക്കുകയാണ് എന്ന് മക്കളോട് പറയുക”. ഭര്‍ത്താവിന്റെ വിയോഗത്തെതുടര്‍ന്ന് മക്കളെ ഒരു ബന്ധുവിന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് മരിയയുടെ അമ്മ ബല്‍ജിയന്‍ എംബസിയില്‍ അഭയം പ്രാപിച്ചു. പിന്നീട് മക്കളെ റഷ്യയിലേക്ക് കടത്താനുള്ള അധികാരികളുടെ നീക്കം മനസ്സിലാക്കി അവരേയും എംബസ്സിയിലേക്ക് മാറ്റുകയുണ്ടായി. പരി. കന്യകയുടെ നാമധേയത്തിലുള്ള ഒരു ബോര്‍ഡിംഗ് സ്കൂളില്‍ മരിയ പഠനമാരംഭിച്ചു.
പിതാവിന്റെ മരണത്തിനു കാരണക്കാരായവരുടെ മാനസാന്തരത്തിനുവേണ്ടി മരിയ നിരന്തരം പ്രാര്‍ത്ഥിച്ചു. വളരെ ചെറിയ കാര്യങ്ങളില്‍പോലും മരിയ മിതത്വം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു മരിയ. അമ്മ കൊടുത്ത ഭംഗിയുള്ള വസ്ത്രത്തിനു മേലേ ഭംഗികുറഞ്ഞ ഒരു ജാക്കറ്റ് കൂടി ഇട്ടുകൊണ്ടാണ് അവള് പോകാന്‍ തയ്യാറായത്. അമ്മ എത്ര നിര്‍ബന്ധിച്ചിട്ടും അത് മാറ്റാന്‍ മരിയ തയ്യാറായില്ല. മകളുടെ മിതത്വബോധം മനസ്സിലാക്കിയ അമ്മയ്ക്ക് പിന്‍വാങ്ങേണ്ടിവന്നു.
മരിയ ദരിദ്രരോട് അനുകമ്പ പുലര്‍ത്തിയിരുന്നു. ഭിക്ഷ യാചിച്ച് വാതിലില്‍ മുട്ടുന്ന ദരിദ്രര്‍ക്ക് മരിയ തന്റെ കൊച്ചുസമ്പാദ്യം മുഴുവന്‍ നല്‍കുമായിരുന്നു. എന്നിട്ട് പറയും ”വീണ്ടും ഒന്നുകൂടി മുട്ടിക്കോളൂ മമ്മി വന്ന് നിങ്ങള്‍ക്ക് ഇനിയും തരും.” ഓരോ ദിവസവും താന്‍ ചെയ്യേണ്ട നന്മകളെയും, കടമകളെയും ഓര്‍മ്മപ്പെടുത്തുന്ന ഒരു ചെറിയ പുസ്തകം മരിയ സൂക്ഷിച്ചിരുന്നു. തന്റെ ചെറിയ സഹനങ്ങളെ മരിയ തിരുഹൃദയത്തിന് അര്പ്പിച്ചുകൊടുത്തു. നല്ല കുമ്പസാരത്തിനുവേണ്ടി കുട്ടികളെ ഒരുക്കുമ്പോള്‍ കുഞ്ഞുമരിയയുടെ മുഖത്തു ദൃശ്യമായ പാപഭയം മതാധ്യാപകനെ അമ്പരിപ്പിക്കുമായിരുന്നു.
1939ല്‍ അതീവഗുരുതരമായ അസുഖം പിടിപെട്ട് മരിയ രോഗശയ്യയിലായി. തന്റെ വേദനകളും സഹനങ്ങളും പിതാവിന്റെ മരണത്തിന് കാരണക്കാരായവര്ക്കുവേണ്ടി കുഞ്ഞുമരിയ സമര്‍പ്പിച്ചു. പ്രത്യേകിച്ചും അക്കാലത്ത് സ്പെയിനിന്റെ പ്രസിഡന്റായിരുന്ന മാനുവല്‍ അസാനയ്ക്കുവേണ്ടി മരിയ പ്രാര്‍ത്ഥിച്ചു. തത്ഫലമായി 1940ല്‍ മരണകിടക്കയില്വച്ച് അസാനയ്ക്ക് മാനസാന്തരമുണ്ടായി. ”ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മെലിന്റെ” തിരുന്നാള്‍ ദിനമായ ജൂലൈ 16ന് താന്‍ മരിക്കും എന്ന് മരിയ ആദ്യം പ്രവചിച്ചു. എന്നാല്‍ അന്ന് തന്റെ ആന്റിയുടെ വിവാഹം നിശ്ചയിച്ചതിനാല്‍ പിന്നീടുള്ള ദിവസമായിരിക്കും തന്റെ മരണം എന്ന് മരിയ പറഞ്ഞു. അങ്ങനെ ജൂലൈ 17-ാം തിയതി ഏകദേശം ഉച്ചയ്ക്ക് ഒരുമണിയോടെ മരിയ തന്റെ പ്രാര്‍ത്ഥന ആരംഭിച്ചു. അവള് പറഞ്ഞു, ”ഡോക്ടര്‍, ദയവായി എന്നെ പോകാന്‍ അനുവദിക്കൂ. പരി. അമ്മ മാലാഖമാരോടൊത്ത് എന്നെ കൊണ്ടുപോകാന്‍ വന്നത് കണ്ടില്ലേ? ഞാന്‍ ഒരു രക്തസാക്ഷിയാകുകയാണ്”. പിന്നീട് എല്ലാവരെയും അത്ഭുതസ്തബ്ദ്ധരാക്കി കൈകള്‍ ചേര്‍ത്തുപിടിച്ച് മരിയ തന്റെ അന്ത്യവാക്കുകള്‍ ഉരുവിട്ടു. ”ഈശോ, മറിയം, യൗസേപ്പെ എന്റെ ആത്മാവ് ഇനി നിങ്ങളോടൊപ്പം ശ്വസിക്കട്ടെ”. മരിയയുടെ മരണത്തിനു സാക്ഷ്യം വഹിച്ചവര്‍ ശവശരീരത്തില്‍ നിന്നും നിര്‍ഗമിച്ച സുഗന്ധത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വിടരും മുമ്പേ കൊഴിഞ്ഞുപോയ ഈ നറുമലര്‍ കത്തോലിക്കാസഭാചരിത്രത്തിന്റെ താളുകളില്‍ സുപ്രധാന സ്ഥാനം വഹിക്കും എന്ന് ഉറപ്പാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.