ഒമ്പത് വൃന്ദം മാലാഖമാരെ കുറിച്ചറിയാന്‍ ആഗ്രഹമുണ്ടോ?
1.സ്രാഫെന്മാർ
മാലാഖമാരിൽ ഏറ്റവും ഉന്നത സ്ഥാനീയർ ആയ ഇവർ ദൈവത്തിന്റെ ചുറ്റും ഉപവിഷ്ടരായിരിക്കുന്നു. അവരുടെ സമയം മുഴുവൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിച്ചു കൊണ്ടിരിക്കുന്നു. ഏതു സൃഷ്ടികൾക്കോ മറ്റു മാലാഖമാർക്ക് പോലുമോ അവരുടെ മുഖം വീക്ഷിക്കുവാൻ അസാധ്യമാകത്തക്കവിധം പ്രകാശിതമായ 16 മുഖങ്ങളോട് കൂടിയവരാണ് അവർ ഓരോരുത്തരും എന്നാണ് പറയപ്പെടുന്നത്. മൂന്ന് ജോഡി ചിറകുകളും അവർക്കുണ്ട്. സ്തുതിപ്പിന്റെ കൃപ നൽകുന്നവരാണ് അവർ. മാത്രമല്ല എളിമ എന്ന പുണ്യം അഭ്യസിക്കുന്നതിന് വേണ്ടി ഈ ഒന്നാം വൃന്ദം മാലാഖമാരോട് നമുക്ക് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 4am -6am
2.ക്രോവെന്മാർ
പാപം ചെയ്ത ആദത്തെയും ഹവ്വായേയും പറുദീസയിൽ നിന്ന് പുറത്താക്കി പറുദീസയ്ക്ക് കാവൽ നിൽക്കുന്ന മാലാഖമാരാണ് ഈ രണ്ടാം വൃന്ദം മാലാഖമാർ. രണ്ട് ജോഡി ചിറകുകളും നാലു മുഖങ്ങളും ഉള്ള ഇവർ നിതാന്തജാഗ്രതയുടെയും ജ്ഞാനത്തിന്റെയും പ്രതീകങ്ങളായി കരുതപ്പെടുന്നു. അവർ ദൈവത്തിന്റെ രഥം വഹിക്കുന്നവർ ആയും സ്വർഗ്ഗീയ സൈന്യത്തിന്റെ രേഖ ആലയ സൂക്ഷിപ്പുകാരായും കരുതപ്പെടുന്നു. പരിശുദ്ധിയിലേക്ക് നയിക്കുന്നവരാണ് അവർ. ദൈവസ്നേഹം എന്ന കൃപയ്ക്ക് വേണ്ടി നമുക്ക് ഈ രണ്ടാം വൃന്ദം മാലാഖമാരോട് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 6am -8am
3.ഭദ്രാസനന്മാർ
ദൈവീക രഥത്തിലെ ചക്രങ്ങൾ ആയി സേവനമനുഷ്ഠിച്ചു വരുന്ന അനേകം നേത്രങ്ങൾ ഉള്ളവരാണ് ഇവർ. അവർക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ദൗത്യം ദൈവീക നീതി സംസ്ഥാപിക്കലാണ്. അവരുടെ ശക്തി വിനീതത്വത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ദൈവീക ശ്രവണം നൽകുന്നവരാണ് ഈ മൂന്നാം വൃന്ദം മാലാഖമാർ. ശുദ്ധത എന്ന പുണ്യത്തിന് വേണ്ടി നമുക്ക് ഇവരോട് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം8am-10am
4. നാഥകൃത്യർ
അധികാരത്തിന്റെ പ്രതിരൂപങ്ങൾ ആയ ഇവർ മരതക സുവർണ്ണ നിറങ്ങളുള്ള മേലങ്കി ധരിച്ച് ചെങ്കോലും ഖഡ്ഗവും വഹിക്കുന്നവർ ആയി കാണപ്പെടുന്നു. അവർ മറ്റു മാലാഖമാരുടെ പ്രവർത്തനങ്ങളെ വ്യവസ്ഥാപിക്കുകയും അസ്തിത്വത്തിന്റെ സൂക്ഷ്മ ഘടകങ്ങളെ പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. ദൈവീക അധികാരം പ്രതിഫലിപ്പിക്കുന്നവരാണ് ഇവർ. ദൈവ ഇഷ്ട പ്രസാദം എന്ന പുണ്യത്തിനുവേണ്ടി നാലാം വൃന്ദം മാലാഖമാരോട് നമുക്ക് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 10am-12am
5.താത്വികന്മാർ
ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനോടൊപ്പം ഈ പ്രപഞ്ചം മുഴുവന്റേയും( ആകാശഗോളങ്ങൾ, കാലാവസ്ഥ ഭേദങ്ങൾ ) വിശദാംശങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണ്. മാനുഷികമായ ധൈര്യം, സത്യം എന്നിവ മനുഷ്യ ആത്മാക്കളിൽ സംജാതമാകുക എന്ന കാര്യത്തിൽ ഇവർ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ദൈവീക തത്വങ്ങൾ വെളിപ്പെടുത്തുന്നവർ ആയതുകൊണ്ടാണ് ഇവർ ഈ പേരിൽ അറിയപ്പെടുന്നത്. വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള കൃപയ്ക്കു വേണ്ടി നമുക്ക് അഞ്ചാം വൃന്ദം മാലാഖമാരോട് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 12-2pm
6. ബലവാന്മാർ
അധികാരികൾ എന്ന് വിളിക്കപ്പെടുന്ന ഇവർ ലോകത്തിന്റെ നിയന്ത്രണം സ്വന്തമാക്കാൻ ശ്രമിക്കുന്ന പൈശാചിക ശക്തികളെ കീഴ്പ്പെടുത്താൻ പ്രത്യേകമായി നിയോഗിക്കപ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിൽ ഉള്ള വഴികൾ ഇവരുടെ അധീനത്തിൽ ആണ്. പ്രലോഭനങ്ങളിൽ നിപതിക്കാതിരിക്കാൻ മനുഷ്യമക്കളെ ഇവർ കാത്ത് സംരക്ഷിക്കുന്നു. ദൈവീക കല്പനകൾ നിറവേറ്റാൻ ശക്തിപ്പെടുത്തുന്നവരാണ് ഇവർ. പ്രലോഭനങ്ങളിൽ വിജയം വരിക്കാൻ ഉള്ള കൃപയ്ക്കായി നമുക്ക് ഈ ആറാം വൃന്ദം മാലാഖമാരോട് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 2pm -4pm
7. പ്രാഥമികന്മാർ
മനുഷ്യർ അധിവസിക്കുന്ന നഗരം,പട്ടണം, ഭവനം ഇത്യാദി ഘടനകളിലെ സംഭവവികാസങ്ങൾ ഇവരെ ഭരമേല്പിച്ചിരിക്കുന്നു. മനുഷ്യർ തമ്മിൽ തമ്മിലും രാഷ്ട്രങ്ങൾ തമ്മിൽ തമ്മിലും ഉള്ള വ്യാപാരങ്ങൾ ഇവരുടെ ശ്രദ്ധയിൻ കീഴിലാണ്. രാഷ്ട്ര നേതാക്കന്മാരുടെ ചിന്താഗതികളെ നിയന്ത്രിച്ച് സമാധാനത്തിൽ നയിക്കുന്നതിൽ ഇവർ എപ്പോഴും ഉത്സുകരാണ്. ദൈവരാജ്യം സംരക്ഷിക്കുന്നവർ ആണ് ഇവർ. പ്രേഷിത തീക്ഷ്ണത എന്ന പുണ്യം ലഭിക്കുന്നതിനുവേണ്ടി നമുക്ക് ഏഴാം വൃന്ദം മാലാഖമാരോട് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 4pm-6pm
8. മുഖ്യ ദൂതന്മാർ
വിശുദ്ധ മിഖായേൽ, വിശുദ്ധ ഗബ്രിയേൽ, വിശുദ്ധ റഫായേൽ എന്നിവരെല്ലാം ഈ ഗണത്തിൽ പെടുന്നു. തിന്മക്കും സാത്താന്റെ കീഴിലുള്ള അധപതിച്ച മാലാഖമാർക്കും എതിരായുള്ള നിരന്തര യുദ്ധത്തിൽ ഇവർ പടത്തലവൻമാരായി വർത്തിക്കുന്നു. മനുഷ്യ മക്കളുടെ തികച്ചും അന്ധകാര ആവൃതമായ ജീവിത ഘട്ടങ്ങളിൽ ശാന്തിയും സമാധാനവും ആത്മീയ ഊർജ്ജവും ഇവർ പ്രദാനം ചെയ്യുന്നു. സ്തുതിപ്പിന്റെ വരം ലഭിക്കുന്നതിനുവേണ്ടിയും പൈശാചിക ശക്തികളിൽ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയും നമുക്ക് ഈ എട്ടാം വൃന്ദം മാലാഖമാരോട് മാധ്യസ്ഥം യാചിക്കാം. ദുഷ്ടാരൂപികൾക്ക് എതിരെ പ്രവർത്തിക്കുന്ന ഇവരുടെ ആരാധനാ സമയം 6pm-8pm
9. ദൈവദൂതൻമാർ
ഇവരെ കാവൽമാലാഖമാർ എന്നും നാം വിളിക്കുന്നു. മരണാധീനരായ മനുഷ്യമക്കളുടെ മേൽ താൽക്കാലിക അധികാരം കയ്യാളുന്നവരായി ഇവർ കരുതപ്പെടുന്നു. ദൈവീക ഗായകസംഘ അംഗങ്ങൾ ആണ് ഇവർ. ദൈവമക്കളെ സംരക്ഷിക്കുന്നവരാണ് ഈ ഒമ്പതാം വൃന്ദം മാലാഖമാർ. തിരുസഭയുടെ പുണ്യ വർധനയ്ക്കും നിലനിൽപ്പിനും വേണ്ടി നമുക്ക് ഇവരോട് മാധ്യസ്ഥം യാചിക്കാം. ഇവരുടെ ആരാധനാ സമയം 8pm-10pm
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.