ഏലിയാ സ്ലീബാ മൂശാക്കാലം എട്ടാം ഞായര്‍ സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത്

ഈ സുവിശേഷ ഭാഗത്ത് രണ്ടു അത്ഭുതങ്ങളാണ് വിവരിക്കുന്നത്. ജായ്‌റോസിന്റെ മകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയുള്ള യാത്രയില്‍ യേശു ഒരു രക്തസ്രാവക്കാരിയെയും സൗഖ്യപ്പെടുത്തുന്നു. വളരെ രഹസ്യമായി ആ സ്ത്രീയെ സുഖപ്പെടുത്തിയ ശേഷം അക്കാര്യം പരസ്യമായി ഏറ്റു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്താന്‍ യേശു ആവശ്യപ്പെടുന്നു. യേശു എത്തിയപ്പോഴേക്കും ജായ്‌റസിന്റെ പുത്രി മരിച്ചു കഴിഞ്ഞിരുന്നെങ്കിലും യേശു അവളെ ഉയര്‍പ്പിക്കുന്നു.

 

ബൈബിള്‍ വായന
ലൂക്കാ 8. 41 – 56

അപ്പോള്‍ സിനഗോഗിലെ ഒരധികാരിയായ ജായ്‌റോസ് യേശുവിന്റെ കാല്‍ക്കല്‍ വീണ് തന്റെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിച്ചു. പന്ത്രണ്ടു വയസ്സോളം പ്രായമുള്ള അവന്റെ ഏകപുത്രി ആസന്ന മരണയായിരുന്നു. അവന്‍ പോകുമ്പോള്‍ ജനങ്ങള്‍ ചുറ്റും കൂടി അവനെ തിക്കിയിരുന്നു. അപ്പോള്‍ പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം ഉണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. യേശു ചോദിച്ചു: ആരാണ് എന്നെ സ്പര്‍ശിച്ചത്? ആരും മിണ്ടിയില്ല. അപ്പോള്‍ പത്രോസ് പറഞ്ഞു: ഗൂരോ ജനക്കൂട്ടം ചുറ്റും കൂടി നിന്നെ തിക്കുകയാണല്ലോ. യേശു പറഞ്ഞു; ആരോ എന്ന സ്പര്‍ശിച്ചു. എന്നില്‍ നിന്ന് ശക്തി നിര്‍ഗളിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. മറയ്ക്കാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിറയലോടെ വന്ന്് അവന്റെ കാല്‍ക്കല്‍ വീണ് താന്‍ അവനെ എന്തിന് സ്പര്‍ശിച്ചു എന്നും എങ്ങനെ പെട്ടെന്ന് സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്താവിച്ചു. അവന്‍ അവളോട് പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക. അവന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ഒരാള്‍ വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു പോയി. ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട. യേശു ഇതു കേട്ട് പറഞ്ഞു: ഭയപ്പെടേണ്ട. വിശ്വസിക്കുക മാത്രം ചെയ്യുക. അവള്‍ സുഖം പ്രാപിക്കും. അവന്‍ വീട്ടിലെത്തിയപ്പോള്‍ തന്നോടു കൂടി അകത്തു പ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനേയും അല്ലാതെ മറ്റാരെയും അനുവദിച്ചില്ല. എല്ലാവരും കരയുകയും അവളെ കുറിച്ച് വിലപിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ട. അവള്‍ മരിച്ചിട്ടില്ല. ഉറങ്ങുകയാണ്. എ്ന്നാല്‍ അവള്‍ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞതിനാല്‍ അവര്‍ അവനെ പരിഹസിച്ചു. അവന്‍ അവളുടെ കൈക്കു പിടിച്ച് അവളെ വിളിച്ചു പറഞ്ഞു: ബാലികേ എഴുന്നേല്‍ക്കൂ. അപ്പോള്‍ അവളുടെ ജീവന്‍ തിരിച്ചു വന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്ക് ആഹാരം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു. അവളുടെ മാതാപിതാക്കന്‍മാര്‍ അത്ഭുത സ്തബ്ദരായി. ഈ സംഭവം ആരോടും പറയരുതെന്ന് അവന്‍ കല്‍പിച്ചു.

മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കുന്നത് അസാധാരണമായ അത്ഭുതമാണ്. ബൈബിളില്‍ ഇത്തരം അത്ഭുതങ്ങള്‍ നാം പലയിടങ്ങളില്‍ കാണുന്നുണ്ട്. ഏലീയാ പ്രവാചകനും (1 രാജ 17. 17- 24), ഏലീഷാ പ്രവാചകനും (2 രാജ 4. 32 – 37) ഇപ്രകാരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചവരാണ്. ഏലീഷാ പ്രവാചകന്റെ അസ്ഥികള്‍ തൊട്ട നിമിഷം മരിച്ചവന്‍ എഴുന്നേറ്റു വന്നു എന്ന് 2 രാജാക്കന്മാര്‍ 13 ാം അധ്യായത്തില്‍ നാം വായിക്കുന്നു.

പുതിയ നിയമത്തില്‍ യേശുവും പത്രോസും (അപ്പ. 9. 36 – 42) പൗലോസും (അപ്പ. 20. 9-12) മരിച്ചവരെ ഉയിര്‍പ്പിക്കുന്നുണ്ട്. യേശു നായിനിലെ വിധവയുടെ മകനെയും (ലൂക്ക. 7. 11 – 17) ജായ്‌റസിന്റെ പുത്രിയെയും (ലൂക്ക 8. 41-56) ലാസറിനെയും ഉയിര്‍പിക്കുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു. യേശു മരിച്ചപ്പോള്‍ ‘ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.’ (മത്താ. 27. 51-57). യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തു (മത്തായി 28. 6, അപ്പ 2. 24) എന്നതാണ് ഏറ്റവും വലിയ അത്ഭുതം.

ജായ്‌റോസിന്റെ പുത്രിയെ സുഖപ്പെടുത്താനുള്ള യാത്രാമധ്യേ യേശു ഒരു രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്നു. മരണത്തിന്റെയും രോഗത്തിന്റെയും നാഥനാണ് യേശു എന്ന് കാണിക്കാനാണ് വി. ലൂക്ക ഈ ഭാഗം വിവരിക്കുന്നത്.

ജായ്‌റോസ് പ്രധാനിയായി ഒരു സിനഗോഗ് അധികാരിയായിരുന്നു. എങ്കിലും യേശുവിന്റെ മുന്നില്‍ വന്ന് അവിടുത്തെ പാദങ്ങളില്‍ വീഴാന്‍ അയാള്‍ മടി കാണിച്ചില്ല. കാരണം അയാളുടെ ഏക മകള്‍ രോഗബാധിതയായി മരണാസന്ന ആയിരുന്നു. അതിനാല്‍ തന്നെ അവളുടെ രോഗം ആ പിതാവിനെ സംബന്ധിച്ച് അത്രയേറെ വേദനാകരമായിരുന്നു.

ജായ്‌റോസിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ജനം യേശുവിന്റെ ചുറ്റിനും തിക്കി തിരക്കുകയായിരുന്നു. ആ യാത്രാമധ്യേ മറ്റൊരു അത്ഭുതം നടക്കുകയാണ്. 12 എന്ന അക്കത്തിന് ബൈബിളില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ജായ്‌റസിന്റെ മകള്‍ 12 വയസ്സുകാരിയായിരുന്നു. സ്ത്രീയാകട്ടെ 12 വര്‍ഷമായി രക്തസ്രാവം മൂലം വിഷമിക്കുന്നവളും ആയിരുന്നു. നിയമപരമായി അവള്‍ സമൂഹത്തിന്റെ കണ്ണില്‍ അശുദ്ധയും ഭ്രഷ്ടയുമായിരുന്നു. (ലേവ്യര്‍. 15. 26-27).സ അവളെ ഒരു വൈദ്യനും സുഖപ്പെടുത്താന്‍ സാധിച്ചില്ല എന്ന വൈദ്യനായ ലൂക്ക സാക്ഷ്യപ്പെടുത്തുന്നു.

ആ സ്ത്രീ രഹസ്യമായി വന്ന് യേശുവിന്റെ വസ്ത്രാഞ്ചലത്തില്‍ തൊട്ടതിന് കാരണമുണ്ട്. ജനം അവളാരാണെന്ന് മനസ്സിലാക്കിയാല്‍ അവളെ അശുദ്ധയെന്ന് വിളിച്ച് മാറ്റി നിര്‍ത്തുമായിരുന്നു എന്ന് അവള്‍ കരുതിയിരിക്കാം. തന്റെ ലജ്ജാകരമായ രോഗം മൂലം യേശുവിന്റെയും ജനത്തിന്റെയും മുന്നില്‍ വരാന്‍ അവള്‍ ഭയന്നു. 12 വര്‍ഷമായി അവള്‍ സമൂഹഭ്രഷ്ടയായിരുന്നതിനാല്‍ ആരും അവളെ തിരിച്ചറിഞ്ഞില്ല. അങ്ങനെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഞെങ്ങി ഞെരുങ്ങി അവള്‍ യേശുവിന്റെ പക്കലെത്തി. വിശ്വാസം മൂലം അവള്‍ യേശുവിന്റെ വ്‌സ്ത്രാഞ്ചലത്തില്‍ തൊട്ടു.

യേശുവിന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ച് സൗഖ്യം നേടിയ മറ്റ് സംഭവങ്ങളുമുണ്ട്. ‘അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്ന് തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു’ (മത്താ 6. 53 – 56).

അപ്പസ്‌തോലന്മരുടെ വസ്ത്രത്തില്‍ നിന്നും നിഴലില്‍ നിന്നും ശക്തി പുറപ്പെടുന്നതിനെ കുറിച്ച് നാം വായിക്കുന്നു. ‘അവന്റെ ശരീര സ്പര്‍ശമേറ്റ തൂവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്ത് കൊണ്ടു വന്നു. അപ്പോള്‍ രോഗം അവരെ വിട്ടു മാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍ നിന്ന്ു പുറത്തു വരികയും ചെയ്തു’ (അപ്പ. 19. 12)

യേശുവിന്റെ ശരീരത്തില്‍ തൊട്ട മാത്രയില്‍ സ്ത്രീയുടെ രോഗം ശമിച്ചു. അവളുടെ വിശ്വാസവും ഉദ്ദേശവും മനസ്സിലാക്കി യേശു അവള്‍ക്ക് സൗഖ്യം കൊടുക്കുകയായിരുന്നു. ആരാണ് എന്നെ സ്പര്‍ശിച്ചത്? എന്ന യേശുവിന്റെ ചോദ്യത്തിന്റെ അര്‍്ത്ഥം ആ സ്ത്രി മാത്രമേ അറിഞ്ഞുള്ളൂ. തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിന്റെ സ്പര്‍ശത്തില്‍ നിന്ന് യേശു എങ്ങനെ ആ സ്ത്രീയുടെ സ്പര്‍ശം വേറിട്ട് മനസ്സിലാക്കി? അവളുടെ സ്പര്‍ശം വിശ്വാസത്തിന്റേതായിരുന്നു.

തന്നില്‍ നിന്ന് ശക്തി സ്വീകരിക്കാന്‍ ആരോ ഒരാള്‍ തന്നെ തൊട്ടു എന്ന് യേശു വ്യക്തമായി പറയുന്നു. സൗഖ്യം നേടിയ ശേഷം തന്നില്‍ നിന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും ആ സ്ത്രീ അകന്നു പോകുന്നത് യേശു ശ്രദ്ധിച്ചു കാണും. തന്നെ സമീപിക്കേണ്ടത് വിശ്വാസത്തോട് കൂടെ വേണമെന്ന് യേശു വ്യക്തമാക്കുകയാണിവിടെ.

അത് കേട്ട് ആ സ്ത്രീ ഭയന്നു വിറച്ച് യേശുവിന്റെ മുന്നിലേക്കു വരുന്നു. താണുവീണ് അവള്‍ തന്റെ എളിമയും നന്ദിയും പ്രകടിപ്പിക്കുന്നു. താന്‍ യേശുവില്‍ നി്ന്ന് സൗഖ്യം പ്രാപിച്ചു എന്ന് അവള്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്.

ആ സ്ത്രീയുടെ ഭയവും പരിഭ്രമവും മനസ്സിലാക്കി അവളെ യേശു മകളേ എന്നു വിളിക്കുന്നു. ഒരു സ്ത്രീയെ മകളേ എന്ന് വിളിക്കുന്നതായി സുവിശേഷത്തില്‍ മറ്റൊരിടത്തും നാം കാണുന്നില്ല. നിക്കോദേമൂസിന്റെ സുവിശേഷം എന്ന അപ്പോക്രിഫ ഗ്രന്ഥത്തില്‍ പറയുന്നത് ഈ സ്ത്രീ വെറോണിക്ക ആണെന്നാണ്.

ഇതെല്ലാം നടക്കുമ്പോള്‍ സമയം വൈകുന്നത് കൊണ്ട് ജായ്‌റോസ് വല്ലാതെ ആകുലപ്പെട്ടു കാണും. എന്നാല്‍ അയാള്‍ അതില്‍ പരാതിപ്പെട്ടില്ല എന്നത് ശ്രദ്ധേയാണ്. അയാള്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കുട്ടി മരിച്ചു എന്ന വാര്‍ത്തയുമായി ആളെത്തി. യേശുവിന് മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കാന്‍ കഴിവുണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അതിനാലാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടികേണ്ട എന്ന് അവര്‍ പറഞ്ഞത്.

ഇതു പോലെ തന്നെ ഒരു വൈകല്‍ ലാസറിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. രണ്ടിടങ്ങളിലും വലിയ അത്ഭുതം സംഭവിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വലിയ മഹത്വത്തിന് വേണ്ടിയാണ് പലപ്പോഴും അവിടുന്ന് പ്രവര്‍ത്തിക്കാന്‍ വൈകുന്നത്.

ജായ്‌റോസിന്റെ വീട്ടിലെത്തി അവിടെ കരഞ്ഞു കൊണ്ടു നിന്നവരോട് യേശു പറഞ്ഞു: കരയേണ്ട. അവള്‍ മരിച്ചിട്ടില്ല. ഉറങ്ങുകയാണ്. ജീവന്റെ നാഥനെ സംബന്ധിച്ച് മരണം ഒരു ഉറക്കം മാത്രമാണ്. അവിടുന്ന് വിളിച്ചാല്‍ മരിച്ചവര്‍ ഉറക്കമുണരും.

ചുറ്റും കൂടി നിന്നവരുടെ പരിഹാസം അവഗണിച്ച് യേശു അവളോട് പറയുന്നു, തലീത്താ കൂമി, ബാലികേ എഴുന്നേല്‍ക്കൂ! മാതാപിതാക്കള്‍ കുട്ടികളെ ഉണര്‍ത്തുന്ന രീതിയിലാണ് യേശു അത് ചെയ്യുന്നത്. അവള്‍ ഉണര്‍ന്നപ്പോള്‍ ഏറെ ക്ഷീണിതയാണെന്ന് മനസ്സിലാക്കി അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ യേശു ആവശ്യപ്പെടുന്നു. മനുഷ്യരുടെ ഭൗതികാവശ്യങ്ങളെ കുറിച്ച് യേശു കരുതലുള്ളവനായിരുന്നു എന്നതാണ് ഇതിന്റെ അര്‍്ത്ഥം.

സന്ദേശം

ജായ്‌റോസ് സമൂഹത്തില്‍ വലിയവനായിരുന്നെങ്കിലും യേശുവിന്റെ മുന്നില്‍ കുമ്പിടാന്‍ മടിച്ചില്ല. നമ്മള്‍ ആരു തന്നെയായിരുന്നാലും ഈ എളിമ പരിശീലിക്കണം.

യേശുവിന്റെ ഒപ്പം നടന്നു പോയവര്‍ പലരും കാഴ്ചക്കാര്‍ മാത്രമായിരുന്നു. എന്നാല്‍ വിശ്വാസപൂര്‍വം യേശുവിനെ സമീപിച്ച രക്തസ്രാവക്കാരിക്ക് മാത്രമാണ് സൗഖ്യം ലഭിച്ചത്.

യേശുവില്‍ നിന്ന് സൗഖ്യം സ്വീകരിച്ചവര്‍ അത് പരസ്യമായി സാക്ഷ്യപ്പെടുത്തി ദൈവത്തെ മഹത്വപ്പെടുത്തണം.

തന്റെ രോഗമോര്‍ത്ത് ദൈവത്തെ പഴി പറയുന്നതിന് പകരം രക്തസ്രാവക്കാരി ക്ഷമയോടെ ദൈവത്തിന്റെ ഇടപെടലിനായി കാത്തിരുന്നു. പ്രത്യാശ കൈവിടാതെ നമ്മളും ദൈവത്തിനായി കാത്തിരിക്കണം.

ജായ്‌റോസിന്റെ മകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ യേശു പറയുന്നുണ്ട്. നമ്മുടെ ഭൗതികാവശ്യങ്ങളും യേശു അറിയുന്നു. അതു പോലെ മറ്റുള്ളവരുടെ ഭൗതികാവശ്യങ്ങളില്‍ അവരെ നാം സഹായിക്കണം എന്ന് അവിടുന്ന് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles