ഫ്രാന്‍സിസ് പാപ്പയ്ക്ക് 84ാം ജന്മദിന ആശംസകള്‍
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാൾ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായമാണ്. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13നാണു ഫ്രാൻസിസ് മാർപാപ്പയായത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പ.
ഇറ്റാലിയൻ റെയിൽവേ ജീവനക്കാരന്റെ അഞ്ചു മക്കളിൽ ഒരാളായി 1936 ഡിസംബർ 17ന് ബ്യൂനസ് ഐറിസിലാണു ജനനം. 1969 ഡിസംബർ 13ന് ഈശോസഭ (ജെസ്യൂട്ട്) വൈദികനായി തുടക്കം. 1998ൽ ബ്യൂനസ് ഐറിസ് ആർച്ച്ബിഷപ്പായി. 2001ൽ കർദിനാളായി. ആർച്ച്ബിഷപ്പായിരിക്കുമ്പോൾ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്‌മെന്റിൽ താമസിച്ചു. സാധാരണക്കാർക്കൊപ്പം പൊതുവാഹനങ്ങളിൽ സഞ്ചരിച്ചു. മാർപാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിടാതെ വത്തിക്കാൻ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയിൽ താമസമാക്കി. ഫ്രാൻസിസ് മാർപാപ്പ പൗരോഹിത്യത്തിന്റെ 51-ാം വാർഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.