ആറ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിതരായി!
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയക്ക് ആറ് പുതിയ വാഴ്ത്തപ്പെട്ടവര്‍ കൂടി. പതിനെട്ടാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വഹിച്ച സിസ്റ്റേര്‍ഷ്യന്‍ സന്ന്യാസസമൂഹാംഗങ്ങളാണ് ഈ പുതിയ വാഴ്ത്തപ്പെട്ടവര്‍. വത്തിക്കാനില്‍ നിന്ന് നൂറുകിലോമീറ്ററിലേറെ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേര്‍ഷ്യന്‍ ആശ്രമത്തില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമറാറൊയായിരുന്നു ഇവരെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔപചാരികമായി ചേര്‍ത്തത്.
1799 മെയ് 13നും 16നും ഇടയിലാണ് സിമെയോണെ കര്‍ദോണും 5 സഹസന്ന്യാസികളും രക്തസാക്ഷികളായത്.
1799ല്‍ തെക്കെ ഇറ്റലിയിലെ നാപ്പോളിയില്‍ (നേപ്പിള്‍സില്‍) ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാന്‍ നിര്‍ബന്ധിതമായ ഒരു വേളയില്‍ ദേവാലയങ്ങള്‍ക്കും സന്ന്യാസാശ്രമങ്ങള്‍ക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ഇവര്‍ വധിക്കപ്പെട്ടത്.
കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിന്റെ ഭാഗമാണെന്ന് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമറാറൊ കസമാരിയില്‍ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മ മദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കവെ ഉദ്‌ബോധിപ്പിച്ചു..
നമ്മുടെ വിശ്വാസത്തിന്റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെയും മാറ്റുരച്ചു നോക്കാനുള്ള അവസരം ഈ കഷ്ടപ്പാടുകളിലും അനര്‍ത്ഥങ്ങളിലും കണ്ടെത്താന്‍ നാം വിളിക്കപ്പെടുന്നുവെന്നും കര്‍ദ്ദിനാള്‍ സെമെറാറൊ നവവാഴ്ത്തപ്പെട്ടവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
കൂടുതല്‍ കൂടുതല്‍ തീക്ഷ്ണതയുള്ള പ്രേഷിതരായിത്തീരുന്നതിനും കൊടുങ്കാറ്റിന്റെ വേളയില്‍ സ്വന്തം മക്കളെ കൈവിടാത്ത നമ്മുടെ പിതാവിലുള്ള വിശ്വാസത്തില്‍ വളരുന്നതിനുമുള്ള സാധ്യതയായി ക്ലേശങ്ങളെ കണക്കാക്കണമെന്നും ലോകത്തില്‍ ക്രിസ്തീയ സാക്ഷ്യത്തിന്റെ പ്രതിസന്ധികളില്‍, നാം ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ലയെന്നും എല്ലയ്‌പ്പോഴും പിതാവിന്റെ കരുതലാര്‍ന്ന ഔത്സുക്യം നമ്മെ സഹായിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.