ഇരുട്ടിൽ കഴിയുന്നവരുടെ ഉദയസൂര്യനാണ് ക്രിസ്തു (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ഏലിയാ, സ്ലീബാ, മൂശാക്കാലം നാലാം ഞായര്‍ സുവിശേഷ സന്ദേശം
ആത്മീയ അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ലോകത്തെ പ്രകാശമാനമാക്കാന്‍ സ്വര്‍ഗത്തില്‍ നിന്നും വന്ന ലോകത്തിന്റെ പ്രകാശമാണ് യേശു ക്രിസ്തു. യഹൂദ പ്രമാണിമാരും, നസ്രത്തുകാരും, ഹേറോദേസ് രാജാവും അന്ധകാരത്തിലായിരുന്നു. അവര്‍ ഈ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചു. അതിനാല്‍ യേശു യഹൂദരുടെയും വിജാതീയരുടെയും വിദേശികളുടെയും ഇടമായ കഫര്‍ണാമിലേക്ക് പോയി. ദൈവരാജ്യം സമീപസ്ഥമായിരിക്കുന്നു എന്ന് അവിടുന്ന് അവരെ പഠിപ്പിച്ചു.
ബൈബിള്‍ വായന
മത്തായി 4. 12 – 17
“യോഹന്നാന്‍ ബന്ധനസ്ഥനായെന്ന് കേട്ടപ്പോള്‍ യേശു ഗലീലിയിലേക്ക് പിന്‍വാങ്ങി. അവന്‍ നസ്രത്തു വിട്ട് സെബുലൂണിന്റെയും നഫ്താലിയുടെയും അതിര്‍ത്തിയില്‍ സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു. ഇത് ഏശയ്യാ പ്രവാചകന്‍ വഴി അരുളി ചെയ്തത് നിവൃത്തിയാകാന്‍ വേണ്ടിയാണ്. സമുദ്രത്തിലേക്കുള്ള വഴിയില്‍ ജോര്‍ദാന്റെ മറുകരയില്‍ സെബുലൂണ്‍, നഫ്താലി പ്രദേശങ്ങള്‍… വിജാതീയരുടെ ഗലീലി! അന്ധകാരത്തില്‍ സ്ഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു. അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍. സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.”
യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ഗലീലിയിലേക്ക് പിന്‍വാങ്ങി എന്നാണ് സുവിശേഷകന്‍ പറയുന്നത്. ഹേറോദേസ് രാജാവിന്റെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോഴാണ് സ്‌നാപക യോഹന്നാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
യേശുവിന്റെ ആദ്യകാല ശുശ്രൂഷ പ്രധാനമായും നസ്രത്തില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ പിന്നീട് അവിടുന്ന് നസ്രത്തില്‍ നിന്ന് 14 മൈലുകള്‍ വടക്കു കിഴക്കായി കിടന്നിരുന്ന കഫര്‍ണാമിലേക്ക് പോയി. ഗലീലി കടലിന്റെ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കഫര്‍ണാം. അതിന് ചില കാരണങ്ങളുണ്ട്.
താന്‍ മിശിഹാ ആണെന്ന് അവകാശപ്പെട്ടതു മൂലം യേശുവിന്റെ ബന്ധുക്കളും നസ്രത്തിലെ ജനങ്ങളും അവിടുത്തെ പരിത്യജിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്്തു. അതിനാല്‍ സുവിശേഷം അംഗീകരിക്കപ്പെടുന്ന ഒരു സ്ഥലം യേശു അന്വേഷിച്ചു.
സ്‌നാപക യോഹന്നാന്റെ അറസ്റ്റും യേശു കഫര്‍ണാമിലേക്ക് പോയതിന് ഒരു കാരണമാണ്. നസ്രത്ത് ഹെറോദേസിന്റെ തലസ്ഥാനമായ സെഫോറിസിന് അടുത്തായിരുന്നു.
യേശുവിന്റെ ആദ്യശിഷ്യന്മാരായ അന്ത്രയോസും യോഹന്നാനും പ്‌ത്രോസും യാക്കോബുമെല്ലാം കഫര്‍ണാമില്‍ നിന്നുള്ള മുക്കുവരായിരുന്നു. അവര്‍ തങ്ങളുടെ അടുക്കലേക്ക് യേശുവിനെ ക്ഷണിച്ചിരിക്കാനും സാധ്യതയുണ്ട്.
ഗലീലിയിലെ കഫര്‍ണാം ജനസാന്ദ്രത കൂടിയ പ്രദേശമായിരുന്നു. അതിനാല്‍ അവിടെ യേശുവിന്റെ ശുശ്രൂഷ ആരംഭിക്കുക ഉത്തമമായിരുന്നു. യഹൂദരെ കൂടാതെ, വിജാതീയരും അവിടെ ധാരാളമായുണ്ടായിരുന്നു. കൃഷിക്കാരും, മുക്കുവരും, സഞ്ചാരികളും എല്ലാം അവിടെ ഉണ്ടായിരുന്നു.
ഗലീലിക്കടല്‍ എന്നു വിളിക്കപ്പെട്ടിരുന്നുവെങ്കിലും അവിടെ മറ്റു കടലുകളില്‍ ഉള്ളതു പോലെ ഉ്പ്പുവെള്ളം ഉണ്ടായിരുന്നില്ല. ഗനേസറത്ത് തടാകം എന്നും ഇത് അറിയപ്പെട്ടിരുന്നു.
സെബുലൂണ്‍ – നഫ്താലി. ജോഷ്വ ഗലീലി പ്രദേശം നല്‍കിയത് ആഷേര്‍, നഫ്താലി, സെബുലൂണ്‍ എന്നീ ഗോത്രങ്ങള്‍ക്കാണ്. യാക്കോബിന്റെ പത്താമത്തെ മകനായിരുന്നു സെബുലൂണ്‍. റാഹേലില്‍ യാക്കോബിന് പിറന്ന 12 ാമത്തെ മകനായിരുന്നു നഫ്താലി.
അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം വലിയ പ്രകാശം കണ്ടു. കഫര്‍ണാമില്‍ കഴിഞ്ഞിരുന്ന ഗലീലിയക്കാര്‍ ജറുസലേമില്‍ നിന്നും ജറുസലേം ദേവാലയത്തില്‍ നിന്നും ഏറെ അകലെയായിരുന്നു. അവര്‍ക്കു ചുറ്റും പാര്‍ത്തിരുന്ന വിജാതിയരുടെ ആചാരങ്ങള്‍ അവരെ സ്വാധീനിച്ചിരുന്നു. അവര്‍ ലോകത്തിന്റെ പ്രകാശമായ യേശുവിന്റെ ആഗമനത്തോടെ വലിയ പ്രകാശം കണ്ടു.
അപ്പോള്‍ മുതല്‍ യേശു ദൈവരാജ്യം പ്രഘോഷിക്കാന്‍ ആരംഭിച്ചു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് യേശു പ്രഘോഷിക്കുന്നത്. മാനസാന്തരത്തിന്റെ സന്ദേശം യേശു പ്രഖ്യാപിക്കുന്നു. ജനങ്ങള്‍ മാനസാന്തരപ്പെട്ട്, അനുതപിച്ച് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ യോഗ്യത നേടുന്നതിനാണ് യേശു വന്നത്. പശ്ചാത്തപിക്കുക മാത്രമല്ല, പരിഹാരം ചെയ്യുക കൂടി അവിടുന്ന് ആവശ്യപ്പെടുന്നു.
സന്ദേശം
യഹൂദരുടെ രാജാക്കന്മാര്‍ ദൈവത്തിന്റെ പ്രതിനിധികളായിരുന്നു. അവര്‍ ജനങ്ങള്‍ക്ക് മാതൃക നല്‍കേണ്ടവരാണ്. എന്നാല്‍ ഹെറോദേസ് പാപം ചെയ്യുകയും സ്‌നാപക യോഹന്നാനെ കാരാഗ്രഹത്തില്‍ അടക്കുകയും വധിക്കുകയും ചെയ്തു. മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് പകരം സ്വയം തിരുത്തുവാന്‍ നാം തയ്യാറാകണം.
നസ്രത്ത് യേശുവിനെ പരിത്യജിച്ചപ്പോള്‍ കഫര്‍ണാം അവിടുത്തെ സ്വാഗതം ചെയ്തു. കഫര്‍ണാമില്‍ യേശു ഏറെ അത്ഭുതങ്ങള്‍ ചെയ്യുകയും രോഗങ്ങള്‍ സുഖപ്പെടുത്തുകയും ചെയ്തു. നമുക്കും യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാം.
യേശുവിന്റെ സന്ദേശത്തിന് രണ്ടു മുഖങ്ങളുണ്ട്. ഒന്ന് പാപങ്ങളില്‍ നിന്ന് പിന്തിരിയുക. രണ്ട്, സുവിശേഷം അനുസരിച്ചു കൊണ്ട് സ്വര്‍ഗത്തിലേക്ക് യാത്ര ചെയ്യുക.
ആത്മീയമായ അന്ധകാരത്തില്‍ നിന്നും നമ്മെ മോചിപ്പിക്കാന്‍ ശക്തിയുള്ളത് യേശുവിന് മാത്രമാണ്. മാമ്മോദീസ സ്വീകരിച്ച സന്ദര്‍ഭത്തില്‍ നാം വെളിച്ചം സ്വീകരിച്ചു. ആ വെളിച്ചം നമ്മുടെയുള്ളില്‍ എന്നും തെളിഞ്ഞു നില്‍ക്കാന്‍ സ്‌നേഹപ്രവര്‍ത്തികള്‍ ചെയ്തു കൊണ്ട് നാം പരിശ്രമിക്കണം.
പശ്ചാത്തപിച്ച് ദൈവത്തോട് മാപ്പും പൊറുതിയും യാചിച്ചതു കൊണ്ടു മാത്രം മാനസാന്തരം പൂര്‍ണമാകുന്നില്ല. പരസ്‌നേഹപ്രവര്‍ത്തികള്‍ കൊണ്ട് സക്കേവൂസിനെ പോലെ നമ്മുടെ മാനസാന്തരം നാം പൂര്‍ണമാക്കണം. യേശുവിനെ നമ്മുടെ ഹൃദയത്തിലേക്ക് വാസമാകാന്‍ ക്ഷണിക്കുകയും വേണം.
നാം നീതിമാന്മാരായി ജീവിക്കുകയാണെങ്കില്‍ പോലും നമുക്ക് പശ്ചാത്താപം ആവശ്യമാണ്. ദൈവരാജ്യം ലക്ഷ്യമാക്കി നാം നമ്മുടെ മനസ്ഥിതിക്ക് മാറ്റം വരുത്തി കൊണ്ടിരിക്കണം.
പ്രാര്‍ത്ഥന
ലോകത്തിന്റെ പ്രകാശമായ യേശുനാഥാ,
ഞങ്ങള്‍ പലപ്പോഴും ആത്മീയമായ അന്ധകാരത്തില്‍ വീണു പോകുന്നു, ഞങ്ങളെ മോചിപ്പിക്കണമേ. അവിടുന്നാണല്ലോ ലോകത്തിന്റെയും ഞങ്ങളുടെ ആത്മാവിന്റെയും പ്രകാശം. ഞങ്ങളുടെ ജ്ഞാനസ്‌നാന വേളയില്‍ ഞങ്ങള്‍ സ്വീകരിച്ച വെളിച്ചം ഞങ്ങളുടെ ഉള്ളില്‍ അണയാതെ കാക്കുവാനും പരസ്‌നേഹ പ്രവര്‍ത്തികള്‍ കൊണ്ട് അവയെ ഉജ്ജ്വലിപ്പിക്കാവും ഞങ്ങളെ സഹായിക്കുകണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.