“യേശു നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍!”(SUNDAY HOMILY)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
എപ്പിഫനി നാലാം ഞായര്‍ സുവിശേഷ സന്ദേശം
യേശുവിന്റെ ആദ്യത്തെ അത്ഭുതം നടക്കുന്ന സന്ദര്‍ഭമാണ് കാനായിലെ കല്യാണവേള. അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ആ വീട്ടിലെ ആതിഥേയനെ സഹായിക്കാന്‍ വേണ്ടിയാണ് യേശു വെള്ളം വീഞ്ഞാക്കിയത്. അന്നത്തെ കാലത്ത് അശുദ്ധമായ ജലം കുടിച്ച് ഉദരരോഗം വരുന്നത് തടയാന്‍ വെള്ളം വീഞ്ഞില്‍ കലര്‍ത്തി കുടിക്കുന്ന പതിവുണ്ടായിരുന്നു. വീഞ്ഞു തീര്‍ന്നു പോയപ്പോള്‍ ആതിഥേയനെ സഹായിക്കാന്‍ അപേക്ഷിച്ചു കൊണ്ട് അമ്മയായ മറിയം യേശുവിനെ സമീപിക്കുന്നു. ഈ അത്ഭുതം കണ്ട് ശിഷ്യന്മാര്ക്കും യേശുവിന്റെ ദൈവികതയില്‍ വിശ്വാസം വരുന്നു.
ഇന്നത്തെ സുവിശേഷ വായന
(യോഹ. 2. 1-11)
“മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.2 യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു.3 അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.4 യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല.5 അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.6 യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്ഭരണികള് അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.7 ഭരണികളില്‍ വെള്ളം നിറയ്ക്കുവിന് എന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.8 ഇനി പകര്‍ന്നു9 കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന് പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന് വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന് അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു.10 അവന് മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ.11 യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്മാര് അവനില്‍ വിശ്വസിച്ചു.12 ഇതിനുശേഷം അവന് തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു.”
വിചിന്തനം
യഹൂദരുടെ വിവാഹാഘോഷം ഏഴ് ദിവസം നീണ്ടു നില്ക്കുന്ന ഒരു ചടങ്ങായിരുന്നു. ആതിഥേയനാണ് വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും പാനീയവും ഒരുക്കിയിരുന്നത്. വിവാഹചടങ്ങിലുള്ള യേശുവിന്റെ സാന്നിധ്യം കുടുംബജീവിതത്തിനും വിവാഹത്തിനും യേശു എത്ര മാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്ന് വ്യക്തമാക്കുന്നു. കുടുംബത്തിലെ സ്നേഹവും ഐക്യവും പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമാണ്. ദൈവ സ്നേഹം പങ്കുവയ്ക്കപ്പെടുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ കുടുംബജീവിതം പവിത്രമായി മാറുന്നു.
യേശുവിന്റെ അമ്മ
യോഹന്നാന്റെ ഒരിടത്തും മറിയത്തിന്റെ പേര് പറയുന്നില്ല. ചിലപ്പോള്‍ ബഹുമാനം കൊണ്ടാവും അദ്ദേഹം മറിയത്തിന്റെ പേര് ഉച്ചരിക്കാത്തത്. ഒരു പക്ഷേ, വിവാഹം നടത്തുന്ന ആതിഥേയനുമായി എന്തെങ്കിലും ബന്ധമുള്ളതു കൊണ്ടാകും മറിയം അവിടെ സന്നിഹിതയായിരുന്നത്. കാനായും നസ്രത്തും അടുത്തടുത്തുള്ള ചെറിയ ഗ്രാമങ്ങളായിരുന്നു. അവിടെയുള്ള ജനങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നു. അതിനാല്‍ ഗ്രാമത്തിലുള്ളവരെ മുഴുവന്‍ വിവാഹത്തിന് വിളിച്ചിരിക്കാനുള്ള സാധ്യത സ്വാഭാവികമാണ്.
ചിലര്‍ വ്യാഖ്യാനിക്കുന്നത് യേശുവിന്റെയും ശിഷ്യന്മാരെടും അപ്രതീക്ഷിതമായ വരവു മൂലമാണ് വീഞ്ഞു തീര്ന്നുപോയതെന്നാണ്. എന്നാല്‍ ശിഷ്യന്മാരും ക്ഷണിക്കപ്പെട്ടിരുന്നുവെന്ന് സുവിശേഷം വ്യക്തമായി പറയുന്നുണ്ട്. യേശുവിന്റെ സാന്നിധ്യം കൊണ്ടാണ് ജനം കൂടിയത് എന്ന് ചിന്തിക്കുന്നതില്‍ സാംഗത്യമില്ല. കാരണം, ഈ അത്ഭുതത്തിന് ശേഷമാണല്ലോ യേശു പ്രശസ്തനായത്.
വീഞ്ഞ് യഹൂദരുടെ വിരുന്നിന്റെ അവിഭാജ്യഘടകമായിരുന്നു. അക്കാലത്ത് വെള്ളം ശുദ്ധീകരിക്കാന്‍ ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. വെള്ളത്തിലൂടെ പലവിധ പകര്‍ച്ചവ്യാധികളും ബാധിച്ചിരുന്നതിനാല്‍ വെള്ളം വീഞ്ഞില്‍ കലര്‍ത്തി കുടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കുടിച്ച് ബോധം കെടുന്നത് നാണക്കേടായും സമൂഹം ഗണിച്ചിരുന്നു. അതിനാല്‍, മറിയവും യേശുവും മദ്യപാനത്തെ പ്രോത്സാഹിക്കുകയായിരുന്നില്ല എന്ന് വ്യക്തമാണ്. വിരുന്നിന് ആരോഗ്യകരമായ ഒരു പാനീയത്തിന്റെ കുറവ് അവര്‍ നികത്തുകയായിരുന്നു.
വിവാഹാഘോഷം ഒരാഴ്ചയൊക്കെ നീണ്ടു നില്ക്കുന്നതാകയാല് വീഞ്ഞു തീര്‍ന്നു പോയത് സ്വാഭാവികമാണ്. പാനീയമില്ലാതെ ഭക്ഷണം കഴിക്കുന്നത് നാണക്കേടായിട്ടാണ് യഹൂദര്‍ കരുതിയിരുന്നത്. അതിനാല്‍ ആതിഥേയന് വല്ലാതെ അസ്വസ്ഥനായിക്കാണണം. യേശുവിന് അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്ന് അറിയാമായിരുന്ന ഒരേയൊരാള്‍ അവിടെ മറിയം മാ്ത്രമായിരുന്നു. അതിനാലാണ് മറിയം സഹായത്തിനായി യേശുവിനെ സമീപിച്ചത്. മറ്റൊരു വിധത്തിലും വീട്ടുകാരെ സഹായിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ മകനോട് ഒരു അത്ഭുതം പ്രവര്‍ത്തിക്കാന്‍ അമ്മ ആവശ്യപ്പെടുകയാണ്.
അതിന് യേശു പറയുന്ന മറുപടി സ്ത്രീയേ എനിക്കും നിനക്കും എന്ത്? എന്നാണ്. ഓരോ സംസ്കാരത്തിനും അഭിസംബോധന ചെയ്യുന്ന പ്രത്യേക രീതികളുണ്ടാകും. യഹൂദ പശ്ചാത്തലത്തില്‍, യേശു ഉപയോഗിക്കുന്ന സ്ത്രീയേ എന്ന വാക്ക് വളരെ സാധാരണവും ഔപചാരികവുമായ ഒരു അഭിസംബോധന ആയിരുന്നു. സ്ത്രീയും സര്‍പ്പവും തമ്മില്‍ എന്ന് ഉല്പത്തി പുസ്തകത്തില്‍ ദൈവം പറയുന്ന വാക്കുമായി അതിന് ബന്ധമുണ്ട്. കുരിശില്‍ കിടക്കുമ്പോഴും, അപ്പസ്തോലനായ യോഹന്നാന്റെ കൈയില്‍ മാതാവിനെ ഏല്പിക്കുമ്പോഴും യേശു ഉപയോഗിക്കുന്ന വാക്ക് സ്ത്രീയേ എന്നു തന്നെയാണ്.
എന്റെ സമയം ഇനിയും ആയിട്ടില്ല. യേശു ചെയ്ത അത്ഭുതങ്ങളുടെ ലക്ഷ്യം ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുക എന്നതായിരുന്നു. യേശുവിന്റെ എല്ലാ അത്ഭുതവും രക്ഷ എന്ന ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നവയായിരുന്നു. തന്റെ മഹത്വം പ്രദര്‍ശിപ്പിക്കാന്‍ ഇതാണോ ശരിയായ സമയം എന്നാണ് യേശു അര്‍ത്ഥമാക്കുന്നത്.
തന്റെ അര്‍ത്ഥന മകന് നിരസിക്കുകയില്ല എന്നുള്ള ഉറപ്പോടെയാണ് അവന് പറയുന്നത് ചെയ്യുവിന്‍ എന്ന് മാതാവ് പരിചാരകരോട് പറയുന്നത്. ആ കുടുംബത്തിന്റെ നിസഹായവസ്ഥയില്‍ മനം നൊന്ത മാതാവിന്റെ ശ്രദ്ധ മുഴുവന്‍ അവരെ എങ്ങനെയെങ്കിലും സഹായിക്കുക എന്നതായിരുന്നു.
ആറ് കല്ഭരണികള് എന്നതിന് ബിബ്ലിക്കലായ അര്‍ത്ഥമുണ്ട്. ആറ് എന്നത് അപൂര്‍ണമായ അക്കമാണ്. ഏഴാം ദിവസമാണ് സൃഷ്ടിയെ പരിപൂര്ണമാക്കുന്നതും വിശുദ്ധീകരിക്കുന്നതും. ആറ് കല്‍ഭരണികളിലെ വെള്ളം യേശു വീഞ്ഞാക്കി കൊണ്ട് പരിപൂര്‍ണമാക്കി.
യേശു തന്റെ അത്ഭുതം പരസ്യമായ ഒരു സംഭവമാക്കി മാറ്റുന്നില്ല. ആ വീട്ടുകാരെ സ്വകാര്യമായി സഹായിക്കാനാണ് അവിടന്ന് ശ്രമിച്ചത്. അതു കൊണ്ടാണ് അത്ഭുതം ചെയ്തത് യേശുവാണെന്ന് പരിചാരകര്‍ മാത്രം അറിഞ്ഞതും പ്രധാന കലവറക്കാര് ആ വീഞ്ഞ് എവിടെ നിന്നും വന്നു എന്നും ചോദിക്കുന്നതും. പരിചാരകരാണ് ആ അത്ഭുതം പരസ്യമാക്കിയത്.
ആ കുടുംബത്തെ നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതോടൊപ്പം യേശു തന്റെ മഹത്വം വെളിപ്പെടുത്തുകയും ചെയ്തു എന്ന് യോഹന്നാന് ശ്ലീഹ രേഖപ്പെടുത്തുന്നു. ആ അത്ഭുതം മൂലം യേശുവിന്റെ ശിഷ്യന്മാര്ക്ക് യേശുവിലുള്ള വിശ്വാസം വര്‍ദ്ധിച്ചു.
സന്ദേശം
യേശു ആ കുടുംബത്തിന്റെ വിഷമാവസ്ഥയില്‍ മനസ്സലിഞ്ഞ് അവരെ സഹായിച്ചപ്പോള്‍ അതിന് സാക്ഷികളായ ശിഷ്യന്മാരുടെ വിശ്വാസം വര്‍ദ്ധിച്ചു. ജനം ദൈവത്തിന്റെ മഹത്വം ഏറ്റു പറഞ്ഞു. ഇപ്രകാരമാകണം നമ്മുടെ പ്രവര്‍ത്തികള്‍. നമ്മുടെ നല്ല പ്രവര്‍ത്തികള്‍ കണ്ട് മനുഷ്യര്‍ ദൈവത്തെ മഹത്വപ്പെടുത്തണം. എങ്കില്‍ നാം അനുഗ്രഹീതരായി. ദൈവത്തിന്റെയും മനുഷ്യരുടെയും ആശീര്‍വാദം അപ്പോള്‍ നമ്മുടെ മേല്‍ ഉണ്ടായിരിക്കും.
വിവാഹവിരുന്നിനെ യേശു താരതമ്യം ചെയ്യുന്നത് ദൈവരാജ്യവുമായിട്ടാണ് (മത്താ. 8. 11) ദൈവരാജ്യത്തിലെ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ് വീഞ്ഞ്. വിവാഹ വിരുന്നില്‍ വിളമ്പുന്ന വീഞ്ഞ് മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് വിവാഹത്തിന്റെ വിശുദ്ധിയും സന്തോഷവും സൂചിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.
പരിശുദ്ധ അമ്മ എല്ലായ്പ്പോഴും തന്റെ മക്കളായ നമ്മെ കാത്തു പരിപാലിച്ചു പോരുന്നുണ്ട്. കാനായില്‍ ചെയ്തതു പോലെ നമ്മുടെ എല്ലാ ഇല്ലായ്മയിലും ബുദ്ധിമുട്ടുകളിലും മാതാവ് നമുക്ക് വേണ്ടി ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കുന്നുണ്ട്. മാതാവ് അത്ഭുതങ്ങളൊന്നും നേരിട്ട് ചെയ്യുന്നില്ലെങ്കിലും നമുക്കായി മാധ്യസ്ഥം അപേക്ഷിക്കുന്നു. അവന് പറയുന്നതു പോലെ ചെയ്യുവിന്‍ എന്നതാണ് മാതാവിന്റെ സന്ദേശം. നമുക്ക് യേശുവിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാം, ബാക്കിയെല്ലാം അവിടുന്ന് നോക്കിക്കോളും.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ,
കാനായിലെ കല്യാണവേളയില്‍ വീഞ്ഞു തീര്‍ന്നു പോയപ്പോള്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ പരിശുദ്ധ അമ്മ പരിചാരകരോട് പറഞ്ഞത്, അവന് നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍ എന്നാണല്ലോ. യേശുവേ അങ്ങ് പറയുന്ന കാര്യങ്ങള്‍ ബൈബിളില്‍ ഞങ്ങള്‍ വായിക്കുന്നു. ബൈബിളിലെ ദൈവ വചനങ്ങള്‍ അനുസരിച്ച് സുകൃതജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ജീവിത പ്രയാസങ്ങളിലും പ്രതിസന്ധികളിലും പരിശുദ്ധ അമ്മയുടെ പക്കലേക്ക് ഓടിയണയുവാനും അമ്മയുടെ മധ്യസ്ഥം തേടാനും ഞങ്ങള്‍ക്ക് കൃപ നല്കിയരുളണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.